Sorry, you need to enable JavaScript to visit this website.

ബി.ജെ.പിയും 'ബി.ജെ.പിയും' 

പ്രമുഖർ പ്രതിനിധീകരിച്ച ഉത്തർപ്രദേശിലെ ചരിത്രപ്രസിദ്ധമായ ലഖ്‌നൗ മണ്ഡലത്തിൽ സൂപ്പർ താരങ്ങളുടെ പോരാട്ടമാണ് ഇത്തവണ. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനെ (ബി.ജെ.പി) നേരിടുന്നത് കോൺഗ്രസിന്റെ 'മക്കൾ നേതാക്കളി'ലൊരാളായ ജിതിൻ പ്രസാദയാണ്. കഴിഞ്ഞ ദിവസം വരെ ബി.ജെ.പിയിൽ ചേരാൻ കുപ്പായം തുന്നി നടന്നയാളാണ് ജിതിൻ പ്രസാദ എന്നതാണ് കൗതുകം. കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി നേരിട്ട് കാണുകയും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തോറ്റാൽ രാജ്യസഭാ സ്ഥാനാർഥിത്വം വാഗ്ദാനം ചെയ്യുകയും ചെയ്തപ്പോഴാണ് ജിതിൻ പ്രസാദ പാർട്ടിയിൽ ഉറച്ചുനിൽക്കാൻ തീരുമാനിച്ചത്. എസ്.പി-ബി.എസ്.പി ധാരണപ്രകാരം എസ്.പിക്കാണ് ലഖ്‌നൗ സീറ്റ് കിട്ടിയിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രിക്കെതിരെ ശക്തനായ സ്ഥാനാർഥിയെ നിർത്തുമെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിപക്ഷ വോട്ടുകൾ ഭിന്നിക്കുന്നത് രാജ്‌നാഥിന് ഗുണം ചെയ്യും. 
ഉത്തർപ്രദേശിന്റെ തലസ്ഥാന നഗരിയായ ലഖ്‌നൗയിൽ നിന്ന് അഞ്ചു തവണ മുൻ പ്രധാനമന്ത്രി അടൽബിഹാരി വാജ്‌പേയി ജയിച്ചിട്ടുണ്ട്. ജവാഹർലാൽ നെഹ്‌റുവിന്റെ സഹോദരി വിജയലക്ഷ്മി പണ്ഡിറ്റും കോൺഗ്രസ് സീനിയർ നേതാവ് ഹേമവതി നന്ദൻ ബഹുഗുണയും പ്രതിനിധീകരിച്ചിരുന്ന മണ്ഡലമാണ് ഇത്. എന്നാൽ 1991 നു ശേഷം ബി.ജെ.പി ഇവിടെ തോറ്റിട്ടില്ല. 2014 ൽ രാജ്‌നാഥ് സിംഗ് ആദ്യമായി ഇവിടെ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. 2.70 ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു അദ്ദേഹത്തിന്. 
2014 ൽ റിത ബഹുഗുണ ജോഷിയെയാണ് രാജ്‌നാഥിനെതിരെ കോൺഗ്രസ് മത്സരിപ്പിച്ചത്. പ്രമുഖ രാഷ്ട്രീയ കുടുംബത്തിൽ നിന്ന് വരുന്ന റീത്ത അന്നത്തെ ബി.ജെ.പി അധ്യക്ഷന് വലിയ വെല്ലുവിളിയാവുമെന്നായിരുന്നു കരുതിയത്. മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി ഹേമവതി നന്ദൻ ബഹുഗുണയുടെ മകളാണ് അവർ. ലഖ്‌നൗ കണ്ടോൺമെന്റിലെ സിറ്റിംഗ് എം.എൽ.എയായിരുന്നു റീത ബഹുഗുണ. 2007 മുതൽ 2012 വരെ ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷയായി സേവനമനുഷ്ഠിച്ചിരുന്നു. എന്നാൽ രാജ്‌നാഥിനെതിരെ അവർക്ക് കാര്യമായ വെല്ലുവിളിയുയർത്താനായില്ല. മുൻ മുഖ്യമന്ത്രിയും മുൻ കേന്ദ്ര മന്ത്രിയുമെന്ന പദവികൾ രാജ്‌നാഥിന് ഗുണം ചെയ്തു. പോൾ ചെയ്ത വോട്ടിന്റെ 55 ശതമാനവും രാജ്‌നാഥിന് കിട്ടി. കൂടുതൽ ശക്തനായാണ് ഇത്തവണ അദ്ദേഹം തിരിച്ചുവരുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി റീതാ ബഹുഗുണ ബി.ജെ.പിയിലേക്ക് ചാടി. ഇപ്പോൾ ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് മന്ത്രിസഭയിൽ കാബിനറ്റ് മന്ത്രിയാണ് അവർ. 
ജിതിൻ പ്രസാദ 2004 ൽ ഷാജഹാൻപൂരിൽ നിന്നും 2009 ൽ ദൗരാഹര മണ്ഡലത്തിൽ നിന്നും ജയിച്ചിരുന്നു. 2014 ൽ ദൗരാഹരയിൽ തോറ്റു. ദൗരാഹരയിൽ വീണ്ടും മത്സരിക്കാൻ തന്നെയായിരുന്നു ജിതിൻ പ്രസാദക്ക് താൽപര്യം. എന്നാൽ ലഖ്‌നൗയിൽ മത്സരിക്കണമെന്ന് പാർട്ടി വാശി പിടിക്കുകയാണ്. ഇതോടെയാണ് അദ്ദേഹം കൂറുമാറുമെന്ന പ്രചാരണം ശക്തമായത്. 
യു.പി.എ മന്ത്രിസഭയിൽ മനുഷ്യ വിഭവ ശേഷി മന്ത്രിയായിരുന്നു ജിതിൻ പ്രസാദ. പിതാവ് ജിതേന്ദ്ര പ്രസാദ കോൺഗ്രസ് ദേശീയ വൈസ് പ്രസിഡന്റായിരുന്നു. ഷാജഹാൻപൂരിൽ നിന്ന് നാലു തവണ ലോക്‌സഭയിലെത്തിയിട്ടുണ്ട്. ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ ബ്രാഹ്മണ മുഖം കൂടിയാണ് ജിതിൻ. 
വാജ്‌പേയിക്കും ലഖ്‌നൗയിൽ കാര്യമായ എതിർപ്പുണ്ടായിരുന്നില്ല. അദ്ദേഹത്തിനെതിരെ നിരവധി പ്രമുഖർ മത്സരിച്ചു -സ്വതന്ത്രനായി രാം ജെത്മലാനി, കോൺഗ്രസ് ടിക്കറ്റിൽ കരൺ സിംഗ്, സമാജ് വാദി പാർട്ടി സ്ഥാനാർഥിയായി സിനിമാ സംവിധായകൻ മുസഫർ അലി, കോൺഗ്രസ് ടിക്കറ്റിൽ നാലു തവണ നടൻ രാജ് ബബ്ബർ എന്നിവർ. ആർക്കും കാര്യമായ വെല്ലുവിളി ഉയർത്താനായില്ല. 
പ്രധാനമന്ത്രി നരേന്ദ്ര മോഡിയും (വരാണസി), കോൺഗ്രസ് നേതാക്കളായ സോണിയാഗാന്ധി (റായ്ബറേലി), രാഹുൽ ഗാന്ധി (അമേത്തി) എന്നിവരും മത്സരിക്കുന്ന ഉത്തർപ്രദേശിൽ ഇത്തവണ ബി.ജെ.പിയും എസ്.പി-ബി.എസ്.പി സഖ്യവും തമ്മിൽ കനത്ത പോരാട്ടമാണ് നടക്കുന്നത്. അമേത്തിയിൽ രാഹുലിന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയിൽ നിന്ന് ശക്തമായ വെല്ലുവിളി പ്രതീക്ഷിക്കാം. കനോജിൽ അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിൾ യാദവ് (എസ്.പി) ജനവിധി തേടുന്നു. 2014 ൽ എസ്.പി നേതാവ് മുലായം സിംഗ് യാദവ് ജയിച്ച അസംഗഢിൽ ഇത്തവണ മകൻ അഖിലേഷാണ് മത്സരിക്കുന്നത്. മുലായം മയ്ൻപുരിയിൽ മത്സരിക്കും. മഥുരയിൽ നടി ഹേമമാലിനിയും (ബി.ജെ.പി) ഗാസിയാബാദിൽ മുൻ ആർമി ചീഫും കേന്ദ്ര മന്ത്രിയുമായ വി.കെ. സിംഗും (ബി.ജെ.പി) വീണ്ടും പോരിനിറങ്ങും. 
കോൺഗ്രസിലേക്ക് കൂടുമാറുമെന്നു കരുതിയിരുന്ന വരുൺ ഗാന്ധിക്ക് (ബി.ജെ.പി) അമ്മ മേനക ഗാന്ധി പ്രതിനിധാനം ചെയ്തിരുന്ന പിലിബിറ്റാണ് നൽകിയത്. വരുൺ കഴിഞ്ഞ തവണ ജയിച്ച സുൽത്താൻപൂരിലേക്ക് മേനകാ ഗാന്ധി മാറും. 

 

Latest News