സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ചുവപ്പു നാടക്കുരുക്കില്ല, നികുതി ഇളവ്; രാഹുലിന്റെ പുതിയ വാഗ്ദാനങ്ങള്‍

ന്യൂദല്‍ഹി- രാജ്യത്തെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് മിനിമം വരുമാനം ഉറപ്പാക്കുന്ന പദ്ധതിക്കു പിന്നാലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും യുവ സംരംഭകര്‍ക്കും പുതിയ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പുതിയ സംരങ്ങള്‍ക്ക് ആദ്യത്തെ മൂന്നു വര്‍ഷം അനുമതി തടസ്സങ്ങളും നിയന്ത്രണങ്ങളും ഉണ്ടാവില്ലെന്നും വേഗത്തില്‍ ബാങ്ക് വായ്പകള്‍ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ രാജ്യത്ത് സ്റ്റാര്‍ട്ടപ്പുകളിലെ വലിയ നിക്ഷേപങ്ങള്‍ക്കു മേല്‍ ചുമത്തി വരുന്ന ഉയര്‍ന്ന നിരക്കിലുള്ള എയ്ഞ്ചല്‍ നികുതി എടുത്തു മാറ്റുമെന്നും രാഹുല്‍ പിടിഐക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എത്രത്തോളം തൊഴിലവസരം സൃഷ്ടിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ സംരഭങ്ങള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങളും നികുതി ഇളവുകളും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സംരംഭകത്വ രംഗത്ത് യുവജനങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്ന നയമായിരിക്കും സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. 

ആഭ്യന്തര വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിനാണ് കോണ്‍ഗ്രസിന്റെ മുഖ്യ പരിഗണന. പുതിയ ബിസിനസുകളെ ചുവപ്പു നാടക്കുരുക്കുകളില്‍ നിന്ന് മുക്തമാക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആദ്യത്തെ മൂന്ന് വര്‍ഷം പുതിയൊരു സംരംഭം തുടങ്ങാന്‍ ഒരു അനുമതിയും ആരില്‍ നിന്നും തേടേണ്ടി വരില്ല. സംരംഭകരെ ചുവപ്പുനാടയില്‍ നിന്ന് സ്വന്ത്ര്യമാക്കാന്‍ പോകുകയാണ്- രാഹുല്‍ പറഞ്ഞു. ഇക്കാര്യം കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

മോഡി സര്‍ക്കാര്‍ ഇപ്പോല്‍ 30 ശതമാനമാണ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് എയ്ഞ്ചല്‍ നികുതി ചുമത്തുന്നത്. ഇത് വലിയ പ്രയാസം സൃഷ്ടിക്കുന്നതായി സംരഭകര്‍ പരാതിപ്പെടുന്നു. ഇത് സംരഭകത്വ മേഖലയെ പിന്നോട്ടടിച്ചതായും വ്യവസായ മേഖലയിലുള്ളവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ കിരാത നയം എടുത്തു മാറ്റുമെന്ന് രാഹുല്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ പ്രകടന പത്രിക അടുത്തയാഴ്ച പുറത്തുവിടുമെന്നാണ് റിപോര്‍ട്ട്. മുന്‍ ധനമന്ത്രി പി ചിദംബരമാണ് കോണ്‍ഗ്രസിന്റെ പ്രകടന പത്രികാ സമിതിക്ക് നേതൃത്വം നല്‍കുന്നത്. രാജ്യത്തുടനീളം 150ഓളം സ്ഥലങ്ങളില്‍ വിവിധ മേഖലയില്‍ നിന്നുള്ളവരുമായി കൂടിയാലോചനകളും ചര്‍ച്ചകളും നടത്തിയാണ് ഇതു തയാറാക്കുന്നത്. അവസാന മിനുക്കു പണികളിലാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

Latest News