പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഴോങ് ദ്രെസിനെ ജാര്‍ഖണ്ഡില്‍ കസ്റ്റഡിയിലെടുത്തു

റാഞ്ചി- പ്രശസ്ത ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രജ്ഞനും ഭക്ഷ്യ സുരക്ഷാ ആക്ടിവിസ്റ്റുമായ ഴോങ് ദ്രെസിനെ മറ്റു രണ്ടു പേര്‍ക്കൊപ്പം ജാര്‍ഖണ്ഡ് പോലീസ് കസ്റ്റഡിയിലെടുത്തു. പടിഞ്ഞാറന്‍ ജാര്‍ഖണ്ഡിലെ ഗഢ്‌വ ജില്ലയിലെ ഗ്രാമീണ മേഖലയായ ബിഷ്ണുപുരയില്‍ നിന്നാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. മുന്‍കൂര്‍ അനുമതിയില്ലാതെ പൊതുയോഗം സംഘടിപ്പിച്ചെന്ന് ആരോപിച്ചാണ് നടപടി. ഈ പ്രദേശത്തെ റേഷന്‍, പെന്‍ഷന്‍ വിതരണം മുടങ്ങിക്കിടക്കുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ പരാതികേള്‍ക്കാന്‍ 'ജന്‍ സുന്‍വായ്' പരിപാടി സംഘടിപ്പിച്ചതാണ് അധികൃതരെ ചൊടിപ്പിച്ചത്. പരിപാടിക്ക് ദ്രെസ് നേരത്തെ പോലീസിന്റെ അനുമതി തേടിയിരുന്നു. എന്നാല്‍ അനുമതി നല്‍കുകയോ തള്ളുകയോ ചെയ്തതായി പോലീസ് ഇവര്‍ക്ക്് വിവരം നല്‍കിയിരുന്നില്ലെന്ന് ദ്രെസിനൊപ്പം പിടിയിലായ വിവേക് കുമാര്‍ പറഞ്ഞു. മൂന്ന് പേരെയും പിന്നീട് വിട്ടയച്ചു. ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും ചേര്‍ന്ന് പാവപ്പെട്ടവരുടെ റേഷന്‍ കൊള്ളയടിക്കുകയാണെന്ന ആക്ഷേപം ഇവിടെ ശക്തമാണ്. 

യുപിഎ സര്‍ക്കാരിന്റെ ഉന്നത ഉപദേശക സമിതിയായിരുന്നു നാഷണല്‍ അഡൈ്വസറി കൗണ്‍സില്‍ അംഗമായിരുന്ന ദ്രെസ് ഭക്ഷ്യ സുരക്ഷ, ദാരിദ്ര്യം, തൊഴിലുറപ്പ് തുടങ്ങിയ വിഷയങ്ങള്‍ സംബന്ധിച്ച ഗവേഷണ പഠനങ്ങളില്‍ വ്യാപൃതനായ സാമ്പത്തിക ശാസ്ത്രജ്ഞനാണ്. നൊബേല്‍ ജേതാവ് അമൃത്യസെനുമായി ചേര്‍ന്ന് നിരവധി രചനകള്‍ നടത്തിയിട്ടുണ്ട്. നേരത്തെ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണൊമിക്‌സില്‍ അധ്യാപകനായിരുന്നു ദ്രെസ് ഇപ്പോള്‍ ദല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണൊമിക്‌സിലും റാഞ്ചി സര്‍വകലാശാലയിലും വിസിറ്റിങ് പ്രഫസറാണ്. ബെല്‍ജിയന്‍ സാമ്പത്തിക ശാസ്ത്ര വിദഗ്ധന്‍ ജാക്വിസ് ദ്രേസിന്റെ മകനായ ഴോങ് ദ്രെസ് 1979 മുതല്‍ ഇന്ത്യയിലാണ്. 2002-ല്‍ ഇന്ത്യന്‍ പൗരത്വവും ലഭിച്ചു. .

Latest News