കൊൽക്കത്ത- തന്റെ സർക്കാരിനെ വിമർശിച്ച കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് മറുപടിയുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. സി.പി.എം ബംഗാളിൽ നടത്തിയ സമാനഭരണമാണ് മമതയും നടത്തുന്നത് എന്ന രാഹുൽ ഗാന്ധിയുടെ വിമർശനത്തിന്, കുട്ടികൾ അങ്ങിനെ പലതും പറയും അതൊന്നും ആരും കാര്യമാക്കേണ്ടതില്ലെന്നായിരുന്നു മമതയുടെ മറുപടി. രാഹുൽ കുട്ടിയെ പോലെയാണ്. രാഹുൽ പറയുന്നതിനെ പറ്റി ഞാനെന്താണ് പറയേണ്ടത് എന്നായിരുന്നു ഇത് സംബന്ധിച്ച് പത്രലേഖകരുടെ ചോദ്യത്തിന് മമതയുടെ മറുപടി. സി.പി.എം നടത്തുന്ന തരത്തിലുള്ള ഭരണമാണ് മമതയും നടത്തുന്നതെന്നും ആരോടും അഭിപ്രായം ചോദിക്കുകയോ ആരുടെയും നിർദ്ദേശവും സ്വീകരിക്കുന്നില്ലെന്നുമായിരുന്നു രാഹുലിന്റെ വിമർശനം. രാഹുൽ ഗാന്ധി അദ്ദേഹത്തിന് തോന്നിയത് പറയട്ടെ. അതിനൊന്നും മറുപടി പറയാൻ പറ്റില്ലെന്നും മമത വ്യക്തമാക്കി.