ദമാം- സാമൂഹിക സാംസ്‌കാരിക രംഗത്ത് വിജ്ഞാനത്തിന്റെയും ചിന്തയുടെയും വാതായനങ്ങൾ തുറന്നുവെച്ച അഞ്ചാമത് സൗദി ചലച്ചിത്രോത്സവത്തിന് ഉജ്വല പരിസമാപ്തി. ആറ് ദിവസങ്ങളായി ദഹ്‌റാൻ ഇത്‌റ കൾച്ചറൽ സെന്ററിൽ നടന്നുവന്ന ഈ വർഷത്തെ സൗദി ചലച്ചിത്രോത്സവത്തിന് അബ്ദുൽ അസീസ് അൽ ശിലാഹി രചനയും തിരക്കഥയും സംവിധാനവും നിർവഹിച്ച സീറോ ഡിസ്റ്റൻസ് എന്ന സിനിമയുടെ പ്രദർശനത്തോടെയാണ് തുടക്കമായത്. സൗദി അറേബ്യൻ കൾച്ചറൽ ആർട്‌സ് അസോസിയേഷനും കിംഗ് അബ്ദുൽ അസീസ് സെന്റർ ഫോർ വേൾഡ് കൾച്ചറൽ സെന്ററും സംയുക്തമായാണ് ചലച്ചിത്രോത്സവം സംഘടിപ്പിച്ചത്.
സിനിമ, തിരക്കഥ വിഭാഗങ്ങളിലായി 340 എൻട്രികൾ രജിസ്റ്റർ ചെയ്തിരുന്ന മേളയിൽ 40 സിനിമകൾ മാറ്റുരച്ചു. ഇവയിൽനിന്ന് ജൂറി തെരഞ്ഞെടുത്ത 14 സിനിമകളാണ് മേളയിൽ പ്രദർശിപ്പിച്ചിരുന്നത്. ഫീച്ചർ വിഭാഗത്തിലും ഡോക്യുമെന്ററി വിഭാഗത്തിലുമായി 40 സിനിമകളും 14 ബാല സിനിമകളും തിരക്കഥാ വിഭാഗത്തിൽ 89 സിനിമകളും ജൂറിക്ക് മുമ്പാകെ മത്സര രംഗത്തുണ്ടായിരുന്നു.
ആഗോള സിനിമാ മേഖലയിൽ പ്രമുഖർ നയിച്ച ശിൽപശാലകളും സംഘടിപ്പിച്ചിരുന്നു. അറബ് ചലച്ചിത്ര ലോകത്തെ മഹാ പ്രതിഭകളായ ലുത്ഫി സൈനി, മസൂദ് അംറുല്ല അൽ അലി എന്നിവരെ വർണാഭമായ ചടങ്ങിൽ ആദരിച്ചു. ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാൻ ഉൾപ്പെടെ ലോക പ്രശസ്തരായ സിനിമാ താരങ്ങൾ അതിഥികളായി സംബന്ധിച്ചത് ചലച്ചിത്രോത്സവ നഗരിയിലെത്തിയ സിനിമാ പ്രേമികളെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ചു. നാലാം ദിവസമായ ഞായറാഴ്ച അതിഥിയായെത്തിയ സൽമാൻ ഖാൻ സ്വദേശികളും വിദേശികളുമായ ആരാധകരുടെ മനം കവർന്നാണ് മടങ്ങിയത്. ആയിരക്കണക്കിന് ആളുകളാണ് ഇന്ത്യൻ താര രാജാവിനെ കാണുന്നതിനായി ഇത്‌റയിലേക്ക ഒഴുകിയെത്തിയത്.
തിങ്കളാഴ്ച ഹോളിവുഡ് നടനും ഓസ്‌കാർ ജേതാവുമായ ക്യുബ ഗുഡിംഗ് അതിഥിയായി എത്തിയതോടെ സൗദി ചലച്ചിത്രോത്സവം ലോക ശ്രദ്ധ നേടുകയായിരുന്നു. അനുഭവങ്ങളും നേരിടേണ്ടിവന്ന വെല്ലുവിളികളെക്കുറിച്ചും ക്യുബ ഗുഡിംഗ് സദസ്യരുമായി സംവദിച്ചു. 30 വർഷത്തെ കരിയറിൽ 'മെൻ ഓഫ് ഹോണർ', 'എ ഫ്യൂ ഗുഡ് മെൻ', 'അമേരിക്കൻ ക്രൈം സ്റ്റോറി' ഉൾപ്പെടെ 85 ലേറെ ചിത്രങ്ങളിൽ ക്യുബ ഗുഡിംഗ് അഭ്രപാളിയിൽ തിളങ്ങി. 1996 ൽ 'ജെറി മഗയർ' എന്ന ചിത്രത്തിലൂടെ മികച്ച അഭിനേതാവിനുള്ള ഓസ്‌കാർ പുരസ്‌കാരവും താരം സ്വന്തമാക്കി.
സമാപന ദിവസം നടന്ന അവാർഡ് ദാന ചടങ്ങ് ഏറെ ശ്രദ്ധേയമായി. അബ്ദുൽ റഹ്മാൻ സോണ്ടക്ജിയുടെ ഡോക്യുമെന്ററി സിനിമയായ കേവ്, അബ്ദുൽ അസീസ് അൽ ശലാഹിയുടെ ഫീച്ചർ സിനിമ ഡിസ്റ്റൻസ് സീറോ, അലി അൽ ഹുസൈന്റെ ബാല ചലച്ചിത്രം 'ഗോൾഡൻ പാം' എന്നിവ അവാർഡിന് അർഹമായി. നടി സാറ ബലൂചി (കർട്ടൻ), നടൻ ഒസാമ അൽകാസ് (ദ സ്വാൻ സോംഗ്), ബാലതാരം റഷീദ് അൽ വർതാൻ എന്നിവർ മികച്ച നടീ നടന്മാർക്കുള്ള അവാർഡ് സ്വന്തമാക്കി. മുആസ് അൽഔഫി, ദിയാ യൂസുഫ്, ജൗഹർ അൽ അമേരി എന്നീ സംവിധായകർ സ്‌പെഷ്യൽ ജൂറി അവാർഡിന് അർഹരായി.