ജിദ്ദയില്‍ പൊളിച്ചുനീക്കാനുള്ളത് അറുപത് ചേരികള്‍- മേയര്‍

സ്വാലിഹ് അൽതുർക്കി മക്ക ഇക്കണോമിക് ഫോറത്തിൽ.

മക്ക- ജിദ്ദയിൽ 60 ചേരി പ്രദേശങ്ങൾ പൊളിച്ചുനീക്കൽ അനിവാര്യമാണെന്ന് മേയർ സ്വാലിഹ് അൽതുർക്കി പറഞ്ഞു. മക്ക ഇക്കണോമിക് ഫോറത്തിൽ പങ്കെടുത്താണ് ജിദ്ദയിലെ 60 ചേരികൾ പൊളിച്ചു നീക്കേണ്ടതിന്റെ  ആവശ്യകതയെക്കുറിച്ച് മേയർ പറഞ്ഞത്. ഇതിൽ പല ചേരികളും സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലാണ്. ചേരിപ്രദേശങ്ങളുടെ വികസനത്തിന് മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയം പുതിയ സംവിധാനങ്ങൾ തയാറാക്കിയിട്ടുണ്ട്. ചേരി വികസനത്തിൽ തങ്ങളുടെ പങ്ക് നിർവഹിക്കുന്നതിന് നഗരസഭകളെ പുതിയ സംവിധാനങ്ങൾ അനുവദിക്കുന്നു. സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ വികസന പദ്ധതികൾ നടപ്പാക്കുന്നതിനാണ് ജിദ്ദ നഗരസഭ ശ്രമിക്കുന്നത്. 
ജിദ്ദയിൽ 720 കോടി റിയാലിന്റെ വികസന പദ്ധതികൾ നടപ്പാക്കി വരികയാണ്. 470 കോടി റിയാലിന്റെ പുതിയ പദ്ധതികൾക്ക് കരാറുകൾ നൽകിട്ടുമുണ്ട്. നഗരസഭകൾ വഴി പൊതുജന സേവന പദ്ധതികൾ നടപ്പാക്കുന്നതിന് പ്രതിബന്ധം സൃഷ്ടിക്കുന്ന നിയമങ്ങളാണ് നേരത്തെ രാജ്യത്തുണ്ടായിരുന്നത്. ഈ സ്ഥിതിക്ക് ഇപ്പോൾ മാറ്റം വന്നിട്ടുണ്ട്. 
മാലിന്യങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് ജിദ്ദ നഗരസഭ പുതിയ ഡിപ്പാർട്ട്‌മെന്റ് സ്ഥാപിക്കും. മാലിന്യങ്ങളുടെ മൂല്യത്തിന്റെ മുപ്പതു ശതമാനം മാത്രമാണ് നഗരസഭക്ക് ഇപ്പോൾ പ്രയോജനപ്പെടുന്നത്. പുതിയ പദ്ധതി നടപ്പാക്കി മൂന്നു വർഷത്തിനുള്ളിൽ ശുചീകരണ ജോലികൾക്കും മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും ചെലവഴിക്കുന്ന പണത്തിന്റെ 50 ശതമാനം വീണ്ടെടുക്കുന്നതിന് ജിദ്ദ നഗരസഭക്ക് സാധിക്കും. ജിദ്ദയിൽ മെട്രോ നടപ്പാക്കുന്നതിനെ കുറിച്ച പഠനങ്ങൾക്ക് നഗരസഭ 20 കോടി റിയാൽ ചെലവഴിച്ചിട്ടുണ്ട്. നിർണിത ലക്ഷ്യങ്ങളുണ്ടെങ്കിലല്ലാതെ പദ്ധതികൾക്ക് ധനമന്ത്രാലയവും സാമ്പത്തിക, ആസൂത്രണ മന്ത്രാലയവും പണം നൽകില്ല. 
ചേരി പ്രദേശങ്ങളിലുള്ളവർ അടക്കം ജിദ്ദ നിവാസികൾക്ക് മികച്ച പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കുന്നതിനാണ് നഗരസഭ ഊന്നൽ നൽകുന്നത്. പാർക്കുകളും റോഡുകളും നിർമിച്ചും തെരുവു വിളക്കുകൾ സ്ഥാപിച്ചും ചേരിപ്രദേശങ്ങളുടെ വികസനത്തിന് നഗരസഭ ശ്രമിച്ചുവരികയാണ്. ജിദ്ദയെ ലോകത്തെ പ്രധാന നഗരങ്ങളിൽ ഒന്നാക്കി മാറ്റിയെടുക്കുന്നതിനാണ് ശ്രമം. 
ജിദ്ദയിൽ ചില പദ്ധതികളുടെ പൂർത്തീകരണം തടസ്സപ്പെട്ടിട്ടുണ്ട്. സമ്പന്നമായ ചരിത്രത്തിലേക്ക് ജിദ്ദയെ തിരികെയെത്തിക്കും. അടുത്ത ജിദ്ദ സമ്മർ സീസൺ പ്രോഗ്രാമുകൾ ഏറ്റവും മികച്ച നിലയിൽ സംഘടിപ്പിക്കും. 
ജിദ്ദയിൽ ഹോട്ടലുകളുടെയും ഫർണിഷ്ഡ് അപാർട്ട്‌മെന്റുകളുടെയും എണ്ണത്തിൽ കുറവുണ്ട്. ആഗോള നിലവാരത്തിലുള്ള ഹോട്ടലുകളും വൻകിട ഫർണിഷ്ഡ് അപാർട്ട്‌മെന്റുകളും ജിദ്ദയിൽ നിർമിക്കുന്നതിന് പദ്ധതിയുണ്ട്. സൗദി പൗരന്മാരെയും സന്ദർശകരെയും കിഴക്കൻ ജിദ്ദയിലേക്ക് തിരിച്ചുവിടുന്നതിനാണ് ശ്രമം. വിശാല പ്രദേശമായ കിഴക്കൻ ജിദ്ദയിൽ നിരവധി താഴ്‌വരകളുണ്ട്. നഗരത്തിലെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് ഇവിടെ കാലാവസ്ഥയും മികച്ചതാണ്. കിഴക്കൻ ജിദ്ദയിലെ സെക്കന്റ് റിംഗ് റോഡ് വികസിപ്പിക്കുന്നതിന് ഗതാഗത മന്ത്രാലയവും ജിദ്ദ നഗരസഭയും സഹകരിക്കുന്നുണ്ട്. ജിദ്ദയിൽ പാലങ്ങളുടെയും അടിപ്പാതകളുടെയും കുറവുണ്ട്. പുതുതായി ആറു പാലങ്ങൾ കൂടി ജിദ്ദയിൽ നിർമിക്കുന്നതിന് പദ്ധതിയുണ്ടെന്നും മേയർ സ്വാലിഹ് അൽതുർക്കി പറഞ്ഞു.  

Latest News