റിയാദ്- യുവതിയെ ജോലിക്കുവെച്ച ജെന്റ്‌സ് ഷോപ്പിന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പിഴ ചുമത്തി. ജെന്റ്‌സ് ഷോപ്പിൽ യുവതിയെ ജോലിക്കു വെച്ചതായി റിയാദ് ലേബർ ഓഫീസിൽ പരാതി ലഭിക്കുകയായിരുന്നെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ വക്താവ് ഖാലിദ് അബൽഖൈൽ പറഞ്ഞു. സ്ഥാപനത്തിൽ വിദേശ തൊഴിലാളികൾക്കൊപ്പമാണ് യുവതി ജോലി ചെയ്തിരുന്നത്.
പരാതി ലഭിച്ചയുടൻ ലേബർ ഓഫീസ് ഉദ്യോഗസ്ഥർ സ്ഥാപനത്തിൽ പരിശോധന നടത്തി. യുവതിയെ പിരിച്ചുവിട്ട് നിയമ ലംഘനം ഉടനടി അവസാനിപ്പിക്കുന്നതിന് സ്ഥാപനത്തിന് കർശന നിർദേശം നൽകി. കൂടാതെ സ്ഥാപനത്തിന് നിയമാനുസൃത പിഴയും ചുമത്തി. പുരുഷ ഉപയോക്താക്കൾ മാത്രം പ്രവേശിക്കുന്ന ജെന്റ്‌സ് ഷോപ്പുകളിൽ വനിതകളെ ജോലിക്കു വെക്കുന്നതിന് വിലക്കുണ്ട്. തൊഴിൽ നിയമങ്ങൾ മന്ത്രാലയം ശക്തമായി നടപ്പാക്കും. ഇത്തരം നിയമ ലംഘനങ്ങളെ കുറിച്ച് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കിയ ആപ്പ് വഴിയോ 19911 എന്ന നമ്പറിൽ കോൾ സെന്ററിൽ ബന്ധപ്പെട്ടോ അറിയിക്കണമെന്ന് ഖാലിദ് അബൽഖൈൽ ആവശ്യപ്പെട്ടു.






