മസൂദ് അസ്ഹറിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ പുതിയ നീക്കം

യുനൈറ്റഡ് നേഷന്‍സ്- പാക്കിസ്ഥാന്‍ ആസ്ഥാനമായ ഭീകര സംഘടന ജയ്‌ശെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ അന്താരാഷ്ട്ര ഭികര പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമം അമേരിക്കയുടെ നേതൃത്വത്തില്‍ ഊര്‍ജിതമാക്കി. യു.എന്‍ രക്ഷാ സമിതിയില്‍ നടന്ന നീക്കം രണ്ടാഴ്ച മുമ്പ് ചൈന തടഞ്ഞ പശ്ചാത്തലത്തിലാണ് അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ സമ്മര്‍ദം ശക്തമാക്കിയിരിക്കുന്നത്.
മസൂദ് അസ്ഹറിന്റെ ആസ്തികള്‍ മരവിപ്പിക്കുന്നതിനും യാത്രാ വിലക്ക് ഏര്‍പ്പെടുത്തുന്നതിനും ആയുധ ഉപരോധം ഏര്‍പ്പെടുത്തുന്നതിനും സഹായകമാകുന്ന പുതിയ കരട് പ്രമേയം ബ്രിട്ടന്റെയും ഫ്രാന്‍സിന്റേയും പിന്തുണയോടെ തയറാക്കി 15 അംഗ രക്ഷാ സമിതിയില്‍ അമേരിക്ക നല്‍കിയിട്ടുണ്ട്. പുതിയ കരട് യു.എന്‍ രക്ഷാ സമിതിയില്‍ എപ്പോള്‍ പരിഗണനക്ക് വരുമെന്ന് വ്യക്തമല്ല. ചൈനയുടെ പ്രതികരണവും അറിവായിട്ടില്ല.
കഴിഞ്ഞ മാസം 14-ന് ജമ്മു കശ്മീരിലെ പുല്‍വാമയില്‍ 40 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ട ആക്രമണത്തിന്റെ ഉത്തരവാദിത്തം ജയ്‌ശെ മുഹമ്മദ് ഏറ്റെടുത്തിരുന്നു.
 രക്ഷാസമിതിയുടെ ഐ.എസ്, അല്‍ഖാഇദ ഉപരോധ കമ്മിറ്റിയില്‍ മസൂദ് അസ്ഹറിനെ കൂടി ഉള്‍പ്പെടുത്താനാണ് ആദ്യം അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ചൈന ഈ നീക്കത്തെ തടഞ്ഞു.
നിര്‍ദേശം സമഗ്രമായി വിലയിരുത്തിയെന്നും എന്നാല്‍ പരിഗണിക്കാന്‍ ഇനിയും സമയം വേണമെന്നാണ് ചൈനീസ് വിദേശ മന്ത്രാലയ വക്താവ് ലു കാംഗ് വ്യക്തമാക്കിയിരുന്നത്. 2016 ലും 2017 ലും അസ്ഹറിനെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം ചൈന തടഞ്ഞിരുന്നു.

 

Latest News