ജിദ്ദയില്‍ ബഖാലയില്‍ വൃദ്ധന്റെ പഴ്‌സ് കവര്‍ന്ന യുവാവ് അറസ്റ്റില്‍

ജിദ്ദയിലെ ബഖാലയിൽ വൃദ്ധന്റെ പഴ്‌സ് യുവാവ് പിടിച്ചുപറിക്കുന്നു

ജിദ്ദ- ദക്ഷിണ ജിദ്ദയിൽ പ്രവർത്തിക്കുന്ന ബഖാലയിൽ വെച്ച് 80 വയസ്സ് പ്രായമുള്ള സൗദി വൃദ്ധന്റെ പഴ്‌സ് പിടിച്ചുപറിച്ച സ്വദേശി യുവാവിനെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. പ്രതി പഴ്‌സ് പിടിച്ചുപറിക്കുന്നതിന്റെയും പിടിവലിക്കിടെ വൃദ്ധൻ നിലത്തു വീഴുന്നതിന്റെയും ദൃശ്യങ്ങൾ ബഖാലയിലെ സി.സി.ടി.വി ചിത്രീകരിച്ചിരുന്നു. ഈ ക്ലിപ്പിംഗ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. 40 കാരനാണ് അറസ്റ്റിലായത്. 


വൃദ്ധനെ രഹസ്യമായി പിന്തുടർന്ന് ബഖാലയിൽ പ്രവേശിച്ചാണ് യുവാവ് പിടിച്ചുപറി നടത്തിയത്. സാധനങ്ങളുടെ വില നൽകുന്നതിന് വൃദ്ധൻ പഴ്‌സ് പുറത്തെടുത്തതോടെ പ്രതി പഴ്‌സ് പിടിച്ചു പറിക്കുകയായിരുന്നു. ഉപയോക്താക്കളും ബഖാലയിലെ ജീവനക്കാരും നോക്കിനിൽക്കെയായിരുന്നു അതിക്രമം. പഴ്‌സിലുണ്ടായിരുന്ന തിരിച്ചറിയൽ കാർഡുകൾ നിലത്തേക്ക് എറിഞ്ഞ് യുവാവ് ക്ഷണനേരത്തിനിടെ രക്ഷപ്പെടുന്നതിന് ശ്രമിക്കുകയും ചെയ്തു. എന്നാൽ ബഖാലയിൽ നിന്ന് പുറത്തിറങ്ങിയ യുവാവിനെ മറ്റുള്ളവർ ചേർന്ന് കീഴടക്കി പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
 

Latest News