Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വിമാനത്താവളങ്ങളുടെ പേരിൽ  അവകാശവാദം പറക്കുന്നു 

കൊണ്ടോട്ടി - പാർലമെന്റ് തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ വിമാനത്താവളങ്ങൾ മുഖ്യവിഷയങ്ങളാക്കി വിവാദം പറത്തി മുന്നണികൾ രംഗത്ത്. കരിപ്പൂർ, കണ്ണൂർ, തിരുവനന്തപുരം വിമാനത്താവളങ്ങളാണ് തെരഞ്ഞെടുപ്പിൽ മുന്നണികളുടെ ചൂടേറിയ ചർച്ചാ വിഷയങ്ങൾ. വിമാനത്താവളങ്ങൾ ഉൾക്കൊളളുന്ന പാർലമെന്റ് മണ്ഡലങ്ങൾക്ക് പുറമെ മറ്റു മണ്ഡലങ്ങളിലും ഓരോ വിമാനത്താവളങ്ങളുടെ അവസ്ഥയും മുൻനിർത്തി അവകാശവാദവും ന്യൂനതകളും അവഗണനയും അക്കമിട്ടു നിരത്താനും വിവിധ രാഷ്ട്രീയ പാർട്ടികൾ മടക്കുന്നില്ല. ഇതിന്റെ ഭാഗമായി  എം.പിമാർ പോസ്റ്ററുകളും ഉയർത്തിയിട്ടുണ്ട്.
കേരളത്തിലെ ഏക പൊതുമേഖലാ വിമാനത്താവളമായ കരിപ്പൂരിനോടുളള അവഗണനയും കണ്ണൂരിനോട് സംസ്ഥാന സർക്കാർ കാണിക്കുന്ന അമിത പ്രാധാന്യവുമാണ് യു.ഡി.എഫിന്റെ വജ്രായുധം. തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യവൽക്കരണവും യു.ഡി.എഫ് തെരഞ്ഞെടുപ്പ് ഗോദയിൽ ചർച്ചയാക്കുന്നു. കരിപ്പൂർ വിമാനത്താവളത്തോടുളള അവഗണനക്കെതിരെ മുസ്‌ലിം ലീഗും കോൺഗ്രസും സമര പാതയിലുണ്ടായിരുന്നു. 
2015 ൽ പിൻവലിച്ച വലിയ വിമാനങ്ങൾ തിരികെ എത്തിക്കാനും കരിപ്പൂരിന്റെ പഴയകാല പ്രതാപം വീണ്ടെടുക്കാനം സമരത്തിലൂടെ കഴിഞ്ഞെന്ന് യു.ഡി.എഫ് പറയുന്നു. കരിപ്പൂരിനെ തകർക്കാൻ കണ്ണൂരിന് വിമാന ഇന്ധന നികുതി 29.4 ശതമാനത്തിൽനിന്ന് ഒരു ശതമാനമാക്കി കുറച്ച സംസ്ഥാന സർക്കാർ നടപടിക്കെതിരേയും  യു.ഡി.എഫ് പ്രതിഷേധം ശക്തമാക്കിയിരുന്നു. പിന്നീട് നികുതി അഞ്ച് ശതമാനമാക്കി കുറച്ചു.
എന്നാൽ യു.ഡി.എഫ് ഭരണ കാലത്ത് നഷ്ടമായ കരിപ്പൂരിൽ ഹജ് എംബാർക്കേഷൻ പോയന്റ് പുനഃസ്ഥാപിച്ചത് തങ്ങളാണെന്നാണ് എൽ.ഡി.എഫിന്റെ വാദം. വിമാനത്താവളത്തിന് ഭൂമി ഏറ്റെടുത്ത് നൽകാൻ തുനിഞ്ഞതും എൽ.ഡി.എഫ് സർക്കാരാണ്. വിമാന യാത്രക്കാർക്ക് ഏറെ ആശ്വാസമായി കണ്ണൂരിൽ വിമാനത്താവളം പൂർത്തിയാക്കിയതും എൽ.ഡി.എഫ് ഭരണ കാലത്താണെന്ന് ഇടതു മുന്നണി ആണയിടുന്നു.
വിമാന ഇന്ധന നികുതി കരിപ്പൂരിന് പുറമെ മറ്റു വിമാനത്താവളങ്ങൾക്കും കുറച്ച് നൽകി. തിരുവനന്തപുരം വിമാനത്താവള സ്വകാര്യവൽക്കരണത്തിനെതിരെ സർക്കാർ രംഗത്തു വന്നതും ഇടതു മുന്നണി ആയുധമാക്കുന്നുണ്ട്. എന്നാൽ ഇവയെല്ലാം കേന്ദ്ര സർക്കാരിന്റെ നേട്ടമാണെന്ന് അവകാശപ്പെട്ട് ബി.ജെ.പിയും ഗോദയിലേക്ക് ഇറങ്ങിയത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിമാനത്താവളങ്ങളുളള കേരളത്തിൽ മാത്രമാണ് തെരഞ്ഞെടുപ്പ് വിഷയം ഇത്ര മേൽ വിമാനം കയറുന്നത്.

Latest News