കണ്ണൂർ- സമാന പേരുകാരനെ തേടിയല്ല, സ്ഥാനാർഥിയുടെ രൂപ സാദൃശ്യമുള്ള അപരന്മാരെ തേടിയാണ് ഇപ്പോൾ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ യാത്ര. ലോക്‌സഭാ തെരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള ദിവസമെടുത്തതോടെ, പ്രഗത്ഭ സ്ഥാനാർഥികളുടെ അപരന്മാരാർക്കായി രാഷ്ട്രീയ പാർട്ടികൾ നെട്ടോട്ടം തുടങ്ങി. ഇത്തവണ വോട്ടിംഗ് മെഷീനിൽ സ്ഥാനാർഥിയുടെ ഫോട്ടോ കൂടി ഉള്ളതിനാൽ സമാന പേരുകാരൻ മാത്രം പോരാ, രൂപ സാദൃശ്യം കൂടിയുള്ളയാളെ തേടിയാണ് പരക്കം പാച്ചിൽ.
തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ അളവുകോലാണെന്നു നേതാക്കൾ ഘോര ഘോരം പ്രസംഗിക്കുമെങ്കിലും, നേരിട്ടല്ലാതെ വളഞ്ഞ വഴിയിൽ എതിരാളികളെ വീഴ്ത്താനുള്ള തുരുപ്പു ചീട്ടാണ് അപരന്മാർ. അപരന്മാർ വഴി ഒരുക്കിയ കെണിയിൽ എത്രയോ ഉന്നത നേതാക്കളുടെ പോലും വിജയം വഴുതി മാറിയിട്ടുണ്ട്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാർഥിയുടെ കഴിഞ്ഞ തവണത്തെ പരാജയം. കെ. സുധാകരൻ സ്ഥാനാർഥിയാണെങ്കിൽ ഒന്നിൽ കൂടുതൽ അപരന്മാർ ഉറപ്പ്. എടക്കാട്ട് മത്സരിക്കുമ്പോൾ മുതൽ ഇതാണ് അവസ്ഥ. എന്നാൽ പല അപരന്മാരെയും കടത്തി വെട്ടിയാണ് സുധാകരൻ വിജയിച്ചത്. എന്നാൽ അപരന്മാർക്കു മുന്നിൽ കഴിഞ്ഞ തവണ അടിതെറ്റി. സുധാകരന്റെ രണ്ട് അപരന്മാർ മാത്രം പിടിച്ചത് അയ്യായിരത്തോളം വോട്ടുകൾ. ഏഴായിരത്തോളം നോട്ട കൂടിയായതോടെ സുധാകരനു അടിതെറ്റി.
ഇത്തവണ എല്ലാ മുന്നണികളിലെയും കേരളത്തിലെ പ്രഗത്ഭ സ്ഥാനാർഥികൾക്കു ഇത്തവണ ആശ്വസിക്കാം. കാരണം സമാന പേരു മാത്രം പോരാ, രൂപ സാദൃശ്യം കൂടി വേണം. പേരു മാത്രം നോക്കി വോട്ട് ചെയ്യുന്നവർ ഇത്തവണ ഫോട്ടോ കൂടി നോക്കി മാത്രമേ വോട്ടു ചെയ്യൂ. അതുകൊണ്ടു തന്നെ അപരന്മാർ ഇത്തവണ വലിയ പ്രശ്‌നമുണ്ടാക്കില്ലെന്നാണ് സ്ഥാനാർഥികളുടെ ആശ്വാസം.
രൂപ സാദൃശ്യം കൊണ്ട് യഥാർഥ നേതാവിനെ വിസ്മയിപ്പിച്ച അപരൻ കണ്ണൂരിലുണ്ട്. പ്രധാനമന്ത്രി മോഡിയുടെ അപരൻ പയ്യന്നൂർ മാത്തിൽ പാടച്ചേരി കൊഴുമ്മൽ വീട്ടിൽ രാമചന്ദ്രൻ. രാമചന്ദ്രനെ തേടിയും ഇത്തവണ ഒട്ടനവധി പേരെത്തി. മോഡിക്കെതിരെ സ്ഥാനാർഥിയാവാൻ. എന്നാൽ തനിക്കു രാഷ്ട്രീയത്തിൽ താൽപര്യമില്ലെന്നു പറഞ്ഞ് രാമചന്ദ്രൻ ഇവരെയെല്ലാം മടക്കി അയച്ചു. ബംഗളൂരുവിലേക്കു പോകാൻ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ ബാഗുമായി നിൽക്കുന്നതിനിടെ ഒരു തമാശക്ക് ആരോ പകർത്തി സോഷ്യൽ മീഡിയയിലിട്ട ഫോട്ടോയിലൂടെയാണ് രാമചന്ദ്രൻ ഹീറോയായത്. സാക്ഷാൽ മോഡി വരെ ഇതുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്തു. പൊതുജീവിതത്തിൽ ഇത്തരം തമാശകൾ അനിവാര്യമാണെന്ന അടിക്കുറിപ്പോടെയാണ് മോഡി ഈ ഫോട്ടോ ഷെയർ ചെയ്തത്.
ഇത്തരം അപരന്മാരെ തേടിയാണ് പൊള്ളുന്ന ചൂടിൽ അതിലേറെ തെരഞ്ഞെടുപ്പു ചൂടുമായി രാഷ്ട്രീയക്കാർ പരക്കം പായുന്നത്.






