കൊല്ലം എൽ.ഡി.എഫിന് അഭിമാന പ്രശ്‌നം, വിട്ടുകൊടുക്കില്ലെന്ന് യു.ഡി.എഫ്‌

കൊല്ലം- യു.ഡി.എഫ്, എൽ.ഡി.എഫ് സ്ഥാനാർഥികൾ ആരായിരിക്കുമെന്ന് മുൻകൂട്ടി  നിശ്ചയിക്കപ്പെട്ട മണ്ഡലമാണ് കൊല്ലം. അതുകൊണ്ടു തന്നെ സ്ഥാനാർഥി നിർണയത്തെപ്പറ്റി ഇരു മുന്നണികളും കാര്യമായ ചർച്ചകൾ പോലും ഉണ്ടായില്ല.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് വളരെ മുമ്പു തന്നെ എൽ.ഡി.എഫ് സ്ഥാനാർഥിയെന്ന നിലയിൽ കെ.എൻ. ബാലഗോപാലും യു.ഡി.എഫിന്റെ പടനായകനായി എൻ.കെ. പ്രേമചന്ദ്രനും പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞിരുന്നു. വൈകിയാണെങ്കിലും എൻ.ഡി.എ സ്ഥാനാർഥിയായി കെ.വി. സാബു കൂടി എത്തിയതോടെ ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിലായി.
ദേശീയ, സംസ്ഥാന രാഷ്ട്രീയ വിഷയങ്ങൾക്കു പുറമെ  സ്ഥാനാർഥിയുടെ വ്യക്തിവൈശിഷ്ടത്തിലും ഊന്നിയാണ്  പ്രചാരണം.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പാർട്ടി യോഗങ്ങളിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നൽകിയ നിർദേശം ഒന്നു തന്നെയാണ് -എന്തു വില കൊടുത്തും കൊല്ലം മണ്ഡലം തിരിച്ചുപിടിക്കണം. പാർട്ടിയുടെ അഭിമാന പ്രശ്‌നമാണത്. കൊല്ലം പാർലമെന്റ് സീറ്റിനു വേണ്ടി വിലപേശി കിട്ടതെ വന്നപ്പോൾ, സ്വന്തം അസ്തിത്വം നിലനിർത്തുന്നതിനു വേണ്ടി 2014 ൽ ഇടതുമുന്നണി വിടാൻ തയാറായ പാർട്ടിയാണ് ആർ.എസ്.പി.
ആർ.എസ്.പിയുടെ കൈവശമായിരുന്ന മണ്ഡലം 1999 ൽ പാർട്ടിയിലെ പിളർപ്പിനെത്തുടർന്നാണ് സി.പി.എം പിടിച്ചെടുത്തത്. പതിറ്റാണ്ടുകളായി ഒപ്പം നിന്ന സി.പി.എമ്മിനെ നേർക്കുനേർ വെല്ലുവിളിച്ച ആർ.എസ്.പി കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ജയിച്ചുകയറി ആർ.എസ്.പി കേന്ദ്ര കമ്മിറ്റിയംഗം എൻ.കെ. പ്രേമചന്ദ്രൻ പരാജയപ്പെടുത്തിയത് സി.പി.എമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയെ. മണ്ഡലത്തിൽ നിറഞ്ഞുനിൽക്കുന്ന പ്രവർത്തകനായിരുന്നു പ്രേമചന്ദ്രൻ. മികച്ച പാർലമെന്റേറിയൻ എന്ന ബഹുമതിയും നേടിയെടുക്കാനായി. 
റെയിൽവേ, ബൈപാസ് തുടങ്ങിയ അഞ്ചു വർഷത്തെ വികസനങ്ങൾ, ഇ.പി.എഫ് പെൻഷൻകാരുടെ വിഷയത്തിൽ പാർലമെന്റിൽ നടത്തിയ ശക്തമായ ഇടപെടൽ തുടങ്ങിയവ അദ്ദേഹത്തിന്റെ അനുകൂല ഘടകങ്ങളായി യു.ഡി.എഫ ഉയർത്തിക്കാട്ടുന്നു. എസ്.എഫ്.ഐയിലൂടെ വളർന്നുവന്ന ശക്തമായ സമര പാരമ്പര്യമുള്ള നേതാവ് എന്ന നിലയിൽ പാർട്ടിയുടെ അഭിമാന താരമാണ് ബാലഗോപാൽ. ഇപ്പോൾ പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റംഗം, രാജ്യസഭാ എം.പി എന്ന നിലയിലും പരിസ്ഥിതി സംരക്ഷണത്തിലും സാന്ത്വന പരിചരണ പ്രവർത്തനങ്ങളിലൂടെയും പൊതുസമൂഹത്തിൽ സ്വാധീനം നേടാൻ കഴിഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടറിയായിരിക്കേ പാർട്ടിയിൽ ആഴത്തിലുള്ള ബന്ധവും സ്വാധീനവുമുണ്ടാക്കി.
ആർ.എസ്.പി കുത്തകയാക്കി വെച്ചിരുന്ന മണ്ഡലം 1980 ൽ ബി.കെ. നായരിലൂടെയാണ് കോൺഗ്രസ് ആദ്യമായി കൈപ്പിടിയിൽ ഒതുക്കിയത്. അദ്ദേഹം പരാജയപ്പെടുത്തിയതാകട്ടെ അഞ്ചു തവണ എം.പിയായിരുന്ന ആർ.എസ്.പിയുടെ പ്രമുഖൻ എൻ. ശ്രീകണ്ഠൻ നായരെയും. പിന്നീട് 1984 ലും 1989 ലും 1991 ലും ആർ.എസ്.പി സ്ഥാനാർഥികളെ തോൽപിച്ച് കോൺഗ്രസിലെ എസ്. കൃഷ്ണകുമാർ ഹാട്രിക് നേടി 1996 ൽ കൃഷ്ണകുമാറിനെ വീഴ്ത്തിക്കൊണ്ടായിരുന്നു ആർ.എസ്.പിയുടെ പ്രേമചന്ദ്രന്റെ രംഗപ്രവേശം. 1998 ലും പ്രേമചന്ദ്രൻ വിജയം ആവർത്തിച്ചു. സി.പി.എം സീറ്റ് പിടിച്ചെടുത്ത 1999 ലെ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥി പി. രാജേന്ദ്രൻ ജയിച്ചു. 2004 ലും ജയിച്ചുകയറിയ അദ്ദേഹത്തെ 2009 ൽ കോൺഗ്രസിലെ എൻ. പിതാംബരക്കുറുപ്പ് പിടിച്ചുകെട്ടി. 37,649 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പ്രേമചന്ദ്രൻ കഴിഞ്ഞ തവണ തെരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ചിത്രം മാറി. യു.ഡി.എഫിന്റെ കൈവശമുണ്ടായിരുന്ന ചവറയടക്കം ഏഴു സീറ്റുകളും ഇടതുമുന്നണി നേടി.
ബി.ജെ.പി പക്ഷത്ത് സുരേഷ് ഗോപി, മുൻ കലക്ടർ സി.വി. ആനന്ദബോസ് എന്നിവരുടെ പേരുകളാണ് പറഞ്ഞുകേട്ടിരുന്നത്. ജില്ലയിൽനിന്നുള്ള പ്രബലമായ രണ്ട് നേതാക്കളുടെ പേരും ഉയർന്നിരുന്നു. അപ്രതീക്ഷിതമായാണ്  കെ.വി. സാബു സ്ഥാനാർഥിയായി എത്തിയത്. ന്യൂനപക്ഷ മോർച്ച  ദേശീയ സെക്രട്ടറിറിയാണ്. രണ്ടു തവണ നിയമസഭയിലേക്കും രണ്ടു തവണ ലോക്‌സഭയിലേക്കും മത്സരിച്ചിട്ടുണ്ട്. വിശ്വാസികളുടെ പിന്തുണ ഇത്തവണ കരുത്താകുമെന്ന പ്രതീക്ഷയിൽ ശക്തമായ പ്രചാരണമാണ് ബി.ജെ.പി ആരംഭിച്ചത്. ശബരിമലയുടെ തൊട്ടടുത്ത ജില്ല എന്ന നിലയിൽ വിശ്വാസ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളും നാമജപ ഘോഷയാത്രകളും ഏറെ നടന്ന ജില്ലയാണ് കൊല്ലം. അത് അനുകൂല വോട്ടായി മാറും എന്ന പ്രതീക്ഷയിലാണ് യു.ഡി.എഫും ബി.ജെ.പിയും. ശബരിമല വോട്ടിനിട്ട് തീരുമാനിക്കേണ്ട വിഷയമല്ലെന്നാണ് സി.പി.എമ്മിന്റെ പ്രചാരണം. 
കശുവണ്ടി വ്യവസായം നേരിടുന്ന പതനം തെരഞ്ഞെടുപ്പിലെ പ്രധാന പ്രാദേശിക വിഷയമാണ്. എൺപതു ശതമാനത്തിലേറെ ഫാക്ടറികൾ പൂട്ടിക്കിടക്കുന്നതിനാൽ ലക്ഷക്കണക്കിന് തൊഴിലാളികൾ പ്രതിസന്ധിയിലാണ്. തുറക്കുന്ന ഫാക്ടറികളിൽത്തന്നെ കുറഞ്ഞ കൂലിയടക്കമുള്ള ചൂഷണങ്ങളും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തെ വാഗ്ദാനങ്ങൾ എൽ.ഡി.എഫ് സർക്കാർ പാലിച്ചില്ലെന്നും തൊഴിലാളികളെ വഞ്ചിച്ചെന്നും യു.ഡി.എഫ് ആരോപിക്കുന്നു. വ്യവസായത്തെ തിരിച്ചുപിടിക്കാൻ നടത്തിയ ശ്രമങ്ങൾ അക്കമിട്ട് നിരത്തിയാണ് എൽ.ഡി.എഫിന്റെ ചെറുത്തുനിൽപ്.
 

Latest News