Sorry, you need to enable JavaScript to visit this website.

ഉപഗ്രഹ മേനിക്കാർ ഓർക്കുക, പഴയ ചാരക്കഥകളും

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്നലെ ഉപഗ്രഹവേധ മിസൈലിനെക്കുറിച്ച് പറയാൻ ദേശീയ പ്രക്ഷേപണം നടത്തിയതിന് പിന്നാലെ ചാനലുകളെല്ലാം ഓടിച്ചെന്നത് നമ്പി നാരായണനടുത്തേക്ക്. കാലത്തിന്റെ കാവ്യനീതിയെന്നല്ലാതെ എന്തു പറയാൻ? പ്രധാനമന്ത്രി പറഞ്ഞതിന്റെ പൊരുളറിയുകയായിരുന്നു മാധ്യമപ്പടയുടെ ലക്ഷ്യം. 
ഐ.എസ്.ആർ.ഒ ചാരക്കഥകളുടെ കാലം ഓർക്കാതെ ബഹിരാകാശ ഗവേഷണവുമായി ബന്ധപ്പെട്ട ഒരു നേട്ടവും കോട്ടവും ആഘോഷിക്കാനോ തള്ളിക്കളയാനോ മലയാളിക്കവകാശമില്ല. കാരണം  ആ സ്ഥാപനത്തിന്റെ നാശം കൊതിച്ചവർ അത് ആഘോഷമാക്കിയപ്പോൾ മുൻപിൻ ചിന്തയില്ലാതെ കൂടെ നിന്നതാണ്  കേരളം. തുള്ളിച്ചാടിയവരാണ് നമ്മൾ.   ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോഡി എല്ലാ തെരഞ്ഞെടുപ്പ് കാല മര്യാദകളും ലംഘിച്ച് സ്ഥാപനത്തിന്റെ വലിയ നേട്ടം പരസ്യമാക്കുന്നത് കണ്ട് സാമൂഹ്യ മാധ്യമങ്ങൾ അദ്ദേഹത്തെ വല്ലാതെ ട്രോളുന്നുണ്ട്. അത് സ്വാഭാവികം. 
വിഷയമതല്ല, ചുരുങ്ങിയത്  പത്തോ, പതിനഞ്ചോ വർഷങ്ങൾക്ക് മുമ്പ് രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങൾ  കൈവരിക്കേണ്ട നേട്ടങ്ങളല്ലേ അവർ ഇപ്പോൾ കൈവരിക്കുന്നത്.  ഇന്ത്യയുടെ ബഹിരാകാശ സംവിധാനം കൈവരിക്കുന്ന ഓരോ നേട്ടവും എത്രയോ വർഷങ്ങൾക്ക് മുമ്പ് നേടിയെടുക്കേണ്ടവയായിരുന്നുവെന്ന് നമുക്ക് പറഞ്ഞു തരുന്നത് ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞനായ നമ്പി നാരായാണനാണ്. 
ഇന്ത്യയുടെ പി.എസ്.എൽ.വി പ്രോഗ്രാമിനെക്കുറിച്ച് തന്റെ 'ഓർമകളുടെ ഭ്രമണപഥം ' എന്ന ആത്മകഥാപരമായ പുസ്തകത്തിന്റെ മുഖവുരയിൽ അദ്ദേഹം പറയുന്നത് കാണുക. ' ഇന്ത്യയുടെ പി.എസ്.എൽ.വി  പ്രോഗ്രാം ഇന്ന് ലോകത്ത് തന്നെ ഏറ്റവും മികച്ചതാണ്. ഭാരമേറിയ കൃത്രിമോപഗ്രഹങ്ങളെ ബഹിരാകാശത്തെത്തിക്കാനുള്ള ക്രയോജനിക് റോക്കറ്റ് എൻജിനുകൾ നമ്മൾ തന്നെ നിർമിക്കുന്നു. അങ്ങനെ പ്രപഞ്ച രഹസ്യങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളിൽ പങ്കാളിയാവുന്നു. അപ്പോഴും, ഈ നേട്ടത്തെ 15 വർഷമെങ്കിലും വൈകിപ്പിക്കാൻ ചാരക്കേസിനായി എന്ന് മറക്കരുത്. അതിൽനിന്ന് നേട്ടമുണ്ടാക്കിയവർ ഉണ്ടെന്നുറപ്പ്..' നമ്പി നാരായണൻ പറയുന്ന കാര്യങ്ങൾ മറക്കാനാണ് ഇപ്പോൾ എല്ലാവർക്കം താൽപര്യം. എല്ലാവരും അദ്ദേഹത്തെ, കുറ്റബോധത്താൽ തലകുനിച്ചു നിന്ന് പാരിതോഷികങ്ങളും ബഹുമതികളും കൊണ്ട് മൂടുന്നു. സത്യമോ?
ബഹിരാകാശ ഗവേഷണ സ്ഥാപനത്തിലെ ചാരക്കേസ് കാലത്തെ അവസ്ഥ ഒരുപാട് ചർച്ച ചെയ്തതാണ്. ചാരന്മാർ എന്ന വിളികേട്ട് അക്കാലത്ത് സ്ഥാപനം വിട്ടുപോയവർ എത്രയോ പേരുണ്ടാകും. അന്നത്തെ ശാസ്ത്ര പ്രതിഭകൾ അനുഭവിച്ച സംഘർഷം മനസ്സിലാക്കാൻ നമ്പി നാരായണൻ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചതിനെപ്പറ്റി പറയുന്നത്  ധാരാളമാണ്. അദ്ദേഹത്തിന്റെ വാക്കുകൾ 'ഒരിക്കൽ ഞാനെല്ലാം അവസാനിപ്പിക്കാൻ തീരുമാനിച്ചതാണ്. എന്നാൽ ജനം എല്ലാം അറിയണമെങ്കിൽ ഞാൻ ജീവിച്ചിരിക്കണമല്ലോ...' 
പതിനഞ്ച് വർഷം മുമ്പെങ്കിലും ഇന്ത്യക്ക് ലോകത്തിന്റെ നെറുകയിലെത്തിക്കാൻ സാധിക്കുമായിരുന്ന എത്രയെത്ര നേട്ടങ്ങളാകാം വ്യാജ വാർത്തകളുടെ പേരിൽ ഇല്ലാതായിപ്പോയത്.  ഇന്ത്യയുടെ  ആദ്യ പ്രധാനമന്ത്രി  ജവാഹർലാൽ നെഹ്‌റുവിന്റെ ശാസ്ത്ര ചിന്തയും, ദൂരക്കാഴ്ചയുമാണ് ഇതുപോലുള്ള സ്ഥാപനങ്ങൾ നമുക്കുണ്ടാക്കിത്തന്നത്. ആ സംവിധാനം ചാരക്കഥകളുടെ കാലത്ത് എങ്ങനെയായിരുന്നുവെന്ന് ഓർത്തെടുക്കാൻ കഴിയുന്നവർ ഇന്നും ജീവിച്ചിരിപ്പുണ്ടെന്നോർക്കണം. ബഹരാകാശ ഗവേഷണ രംഗം ദൗത്യമായി ഏറ്റെടുക്കാതെ എത്രയെത്ര നവശാസ്ത്ര പ്രതിഭകൾ അന്ന് രംഗത്തു വരാതിരുന്നിട്ടുണ്ടാകാം. 
2014 ൽ തന്നെ ഇന്ത്യ നേടിയ/ നേടുമെന്നുറപ്പിച്ച ശേഷിയാണ് ഈ ഉപഗ്രഹവേധ മിസൈലിന്റേത് എന്നാണിപ്പോൾ മോഡിയുടെ എതിർപക്ഷം അദ്ദേഹത്തെ പ്രകോപിപ്പിക്കുന്നത്. അത് നേരിട്ട് പരീക്ഷിക്കേണ്ടതില്ലെന്നും പകരം കിറുകൃത്യമായ സ്റ്റിമുലേഷൻ വഴിയുള്ള ഇലക്ട്രോണിക് പരീക്ഷണങ്ങൾ മതി എന്നുമായിരുന്നു ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആർ.ഡി.ഒയുടെ നയപരമായ തീരുമാനം. അതിന്റെ കാരണവും അവർ തന്നെ പറയുന്നുണ്ട്. ഉപഗ്രഹങ്ങൾ തകർത്ത് പരീക്ഷണം നടത്തുന്നത് അങ്ങേയറ്റം അപകടകരമായ അവശിഷ്ടങ്ങളും ബഹിരാകാശ മാലിന്യങ്ങളും സൃഷ്ടിക്കുമെന്നും അത് മറ്റ് ഉപഗ്രഹങ്ങൾക്കും ഒരു ശല്യമാവുമെന്നുമുള്ള വിലയിരുത്തലാണ് അന്ന് ഡി.ആർ.ഡി.ഒക്ക് ഉണ്ടായിരുന്നത്.
ഇന്ന്, ഡി.ആർ.ഡി.ഒയുടെ മുൻ തീരുമാനം മാറ്റിമറിച്ച് ഒരു പൊതു തെരഞ്ഞെടുപ്പിന്റെ തൊട്ടുമുൻപ് ഇങ്ങനെയൊരു പരീക്ഷണം നടത്തിയതെന്തിനാണെന്നും പ്രധാനമന്ത്രി തന്നെ നേരിട്ട് വലിയ നാടകീയതയോടെ അത് ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിച്ചതെന്തിനെന്നും ആണ് വിശദീകരിക്കപ്പെടേണ്ടത് എന്ന വാദമാണ് കോൺഗ്രസ് പക്ഷം സംഘ്പരിവാറിന് മുന്നിൽ ഉന്നയിക്കുന്നത്. അവരെല്ലാം സൗകര്യപൂർവം മറക്കുന്ന കാര്യമാണ് ചാരക്കഥയുടെ കാലത്തിന്റെ നഷ്ടം.  സംഘപരിവാറും അവരുടെ മാധ്യമങ്ങളും അന്ന് ഐ.എസ്.ആർ.ഒയെ തകർക്കാനുള്ള വാർത്താ ആഘോഷത്തോട് കൈക്കൊണ്ട സമീപനം അന്നത്തെ മാധ്യമ താളുകളിൽ ഇപ്പോഴും മായാതെ കാണും. സംഘപരിവാർ പ്രസിദ്ധീകരണങ്ങൾ എന്ത് നിലപാടായിരുന്നു അന്ന് ആ വ്യാജ വാർത്തകളോട് സ്വീകരിച്ചതെന്ന് ഒന്ന് പരിശോധിക്കാമോ? പത്രങ്ങളുടെ പേരൊന്നും പറയുന്നില്ല. ശരിക്കുമുള്ള ഇടതുപക്ഷ - സംഘപരിവാർ സഖ്യവും ഒപ്പം ചേർന്ന മറ്റ് നികൃഷ്ട മനസ്സുകളുമായിരുന്നില്ലേ അന്ന് ആ കഥകളൊക്കെ മെനഞ്ഞുണ്ടാക്കിയത്? അതുകൊണ്ടായിരുന്നില്ലേ, അതുകൊണ്ട് മാത്രമായിരുന്നില്ലേ ആയുസ്സിന്റെ ബലം കൊണ്ട് മാത്രം ഇന്ന് നമ്മോടൊപ്പമുള്ള നമ്പി നാരായണന് 'എന്റെ ജീവിതവും ഇന്ത്യയുടെ ബഹിരാകാശ ഗവേഷണങ്ങളെയും ചാരക്കേസിന് മുമ്പും  ശേഷവും എന്ന് രണ്ടായി വേർതിരിച്ച സംഭവമാണ് ഐ.എസ്.ആർ.ഒ കേസ്' എന്ന് തുറന്നെഴുതേണ്ടിവന്നത്. 
ഇപ്പറഞ്ഞ  സ്ഥാപിത താൽപര്യക്കാർ അന്ന് പൂർണ വിജയം നേടിയിരുന്നുവെങ്കിൽ പ്രധാനമന്ത്രി  മോഡിക്ക് അവകാശവാദമുന്നിയിക്കാൻ ഐ.എസ്.ആർ.ഒയും ഡി.ആർ.ഡി.ഒയും ഇമ്മട്ടിൽ തലയെടുപ്പോടെ ഉണ്ടാകുമായിരുന്നോ? (ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സ്ഥാപനമായ ഡി.ആർ.ഡി.ഒയും ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐ.എസ്.ആർ.ഒയും സംയുക്തമായാണ് ഉപഗ്രഹവേധ മിസൈൽ പദ്ധതിയുടെ പ്രവർത്തനങ്ങൾ നടത്തുന്നത്.) 
അതൊരു വലിയ അപ്രിയ സത്യമാണ്. ഭൂരിപക്ഷം രാഷ്ട്രീയക്കാർക്കും മാധ്യമങ്ങൾക്കും വിളിച്ചു പറയാൻ കഴിയാത്ത സത്യം. 

Latest News