ന്യൂദല്‍ഹി- തകര്‍ന്നു വീണ പോര്‍വിമാനത്തില്‍ നിന്ന് സാഹസികമായി രക്ഷപ്പെട്ട ശേഷം പാക്കിസ്ഥാന്റെ പിടിയില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയ വ്യോമ സേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ ശ്രീനഗറിലെ തന്റെ വ്യോമ സേനാ സ്‌ക്വാഡ്രനിലേക്കു മടങ്ങി. കഴിഞ്ഞ മാസം പാക്കിസ്ഥാനില്‍ നിന്ന് തിരിച്ചെത്തിയ ശേഷം സുരക്ഷാ എജന്‍സികളുടെ രണ്ടാഴ്ചയോളം നീണ്ട ഡിബ്രീഫിങ് (ചോദ്യം ചെയ്യല്‍) പൂര്‍ത്തിയാക്കി 12 ദിവസം മുമ്പാണ് അഭിനന്ദന്‍ നാലാഴ്ചത്തെ രോഗാവധിയില്‍ പ്രവേശിച്ചത്. അവധിക്കാലം ചെന്നൈയിലെ കുടുംബത്തോടൊപ്പം ചെലവഴിക്കുന്നതിനു പകരം താന്‍ ജോലി ചെയ്ത ശ്രീനഗറിലെ വ്യോമ സേനാ താവളത്തിലേക്കു തന്നെ തിരിച്ചു പോകാനാണ് അഭിനന്ദര്‍ തീരുമാനിച്ചതെന്ന് സേനാ വൃത്തങ്ങള്‍ പറഞ്ഞു.
നാലാഴ്ചത്തെ അവധി പൂര്‍ത്തിയാക്കിയ ശേഷം സേന രൂപീകരിച്ച ഒരു മെഡിക്കല്‍ ബോര്‍ഡ് അഭിന്ദന്റെ ശാരീരിക, ആരോഗ്യ ക്ഷമത പരിശോധിക്കും. ഈ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും ഇനിയും പോര്‍വിമാനം പറത്താന്‍ അഭിനന്ദിനെ അനുവദിക്കുന്ന കാര്യം വ്യോമ സേന തീരുമാനിക്കുക. വീണ്ടും പിമാനം പറത്താന്‍ അഭിനന്ദന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
പാക പോര്‍വിമാനവുമായി ആകാശത്തു നടത്ത ഉഗ്രപോരാട്ടത്തിനിടെയാണ് അഭിനന്ദന്‍ പറത്തയിരുന്ന മിഗ്-21 ബൈസണ്‍ യുദ്ധവിമാനം തകര്‍ന്നു വീണത്. കോക്പിറ്റില്‍ നിന്ന് പുറന്തള്ളപ്പെട്ട അഭിന്ദന്‍ പരിക്കുകളോടെ പാക്കിസ്ഥാനിലാണ് വീണത്. പാക് സേനയുടെ പിടിയിലായ അഭിനന്ദിനെ രണ്ടു ദിവസങ്ങള്‍ക്കു ശേഷം മാര്‍ച്ച് ഒന്നിനാണ് പാക്കിസ്ഥാന്‍ ഇന്ത്യയ്ക്കു കൈമാറിയത്.