ജൈവമയം, ഇവിടെ പര്യടനം

കളമശ്ശേരിയിലെ പര്യടനത്തിനിടയിൽ പി. രാജീവിന് കർഷകർ ജൈവ കാർഷിക ഉൽപന്നങ്ങൾ നൽകുന്നു.

കൊച്ചി- എറണാകുളം ജില്ലയിൽ ജൈവകൃഷി വിപ്ലവത്തിന് തുടക്കം കുറിച്ച പി. രാജീവിന് ഈ തെരഞ്ഞെടുപ്പ് പ്രചാരണകാലം തന്റെ ആശയങ്ങളുടെ വിളവെടുപ്പുകാലം കൂടിയാണ്. രാജീവ് എത്തുന്ന ഓരോ സ്വീകരണ കേന്ദ്രത്തിലും അദ്ദേഹത്തിന് സ്‌നേഹസമ്മാനമായി ലഭിച്ചുകൊണ്ടിരിക്കുന്നത് കൈനിറയെ കാർഷിക വിഭവങ്ങളും പഴക്കുലകളും കരിക്കിൻകുലകളും. 
കതിർക്കുലകൾ, തണ്ണിമത്തൻ, പൊട്ടുവെള്ളരി, കണിവെള്ളരി, കപ്പക്കിഴങ്ങ്, ചക്ക, മാങ്ങ, കടച്ചക്ക, പയർ, ക്വാളിഫഌവർ, ചാമ്പക്ക, പൈനാപ്പിൾ, ചുരക്ക, ചേന, പടവലങ്ങ, വഴുതിനങ്ങ, കോഴിമുട്ട, കരിമീൻ, കറിവേപ്പില എന്നു വേണ്ട വ്യക്തികളും കൂട്ടായ്മകളും കൃഷി ചെയ്തുണ്ടാക്കിയ ജൈവ വിഭവങ്ങളാണ്. 
ഇന്നലെ കളമശേരി മണ്ഡലത്തിലെ കാർഷിക ഗ്രാമങ്ങളിൽ ലഭിച്ച സ്വീകരണങ്ങളിലെല്ലാം പഴവർഗങ്ങളും പച്ചക്കറികളുമായി സ്ത്രീപുരുഷ ഭേദമില്ലാതെ ആബാലവൃദ്ധം ജനങ്ങളെത്തി. തിരുവാല്ലൂരിൽ അപ്പുക്കുട്ടൻ എന്ന കർഷകൻ രാജീവിന് സമ്മാനിച്ചത് പ്രളയത്തെ അതിജീവിച്ച പൂവിട്ടു നിൽക്കുന്ന ചേനയാണ്. വെള്ളപ്പൊക്കത്തിൽ ചേനകൃഷി നശിച്ചെങ്കിലും കെട്ടുപോകാതെ കിടന്ന ഒരു ചേനയിൽ പൂ വിരിഞ്ഞു. അത് കടയോടെ പറിച്ച് അപ്പുക്കുട്ടൻ പി. രാജീവിന് സമ്മാനിക്കുകയായിരുന്നു. 
സ്വീകരണ കേന്ദ്രങ്ങളിൽ ലഭിച്ച പഴവർഗങ്ങൾ പലതും പി. രാജീവ് അപ്പോൾ തന്നെ നാട്ടുകാർക്ക് പങ്കിട്ടു നൽകി. മിച്ചം വന്നത് അകമ്പടി വാഹനത്തിൽ കയറ്റി. ഉച്ചവരെയുള്ള സ്വീകരണം കഴിഞ്ഞപ്പോൾ അകമ്പടി വാഹനം കായ്കനികൾ കൊണ്ട് നിറഞ്ഞു. ഉച്ചഭക്ഷണത്തിനും വിശ്രമത്തിനുമായി കയറിയ വീടിന്റെ മുറ്റത്ത് ഇവയെല്ലാം നിരത്തിവെച്ചപ്പോൾ ഇത് ഇവിടെ വെച്ചു തന്നെ ലേലത്തിൽ വിൽക്കാമെന്നായി പ്രവർത്തകർ. പി. രാജീവിന്റെ സാന്നിധ്യത്തിൽ നടന്ന ലേലംവിളിയിൽ 3200 രൂപക്ക് ഇവ സ്ഥലത്തെ പാർട്ടി ബ്രാഞ്ച് സെ്ക്രട്ടറി കെ.കെ. പ്രദീപ് സ്വന്തമാക്കി.
ജൈവകൃഷി പദ്ധതി തുടങ്ങിയപ്പോൾ അതിനെ സംശയത്തോടെ കാണുകയും എന്ത് ഭ്രാന്താണെന്ന് പറയുകയും ഇതാണോ രാഷ്ട്രീയപ്രവർത്തനമെന്ന് ചോദിക്കുകയും ചെയ്തവരുണ്ടെന്ന് പി. രാജീവ് ഓർമിച്ചു. എന്നാൽ ഇന്ന് ജില്ലയിലെ മൂന്നു നാല് ഗ്രാമങ്ങൾ ജൈവകൃഷിയിൽ സ്വയംപര്യാപ്തത കൈവരിച്ചു. നിരവധി സ്വാശ്രയസംഘങ്ങളും സൊസൈറ്റികളും വ്യക്തികളും ജൈവകൃഷിയിൽ ഏർപ്പെട്ടിരിക്കുന്നു. ജനങ്ങളെ ഒരുമിപ്പിച്ച് നിർത്തിയാൽ എത്ര വലിയ മാറ്റവും സാധ്യമാണെന്നതിന് തെളിവാണിതെന്ന് പി. രാജീവ് ചൂണ്ടിക്കാട്ടി.

Latest News