കൊച്ചി- എൽ.ഡി.എഫ് സ്ഥാനാർഥി പി. രാജീവിന്റെ വിജയത്തിനായി സൈക്കിളിൽ എറണാകുളം ലോക്സഭാ മണ്ഡലം മുഴുവൻ ചുറ്റാൻ ഒരുങ്ങുകയാണ് ഫോർട്ട് കൊച്ചി ഉബൈദ് റോഡിലെ കൂരിക്കുഴിൽ വീട്ടിൽ അബ്ദുൾ ജബ്ബാർ. സൈക്കിളും വസ്ത്രവും അടിമുടി ചുവപ്പ്. ഒപ്പം പി. രാജീവിനെ വിജയിപ്പിക്കുക എന്ന പോസ്റ്ററും ജബ്ബാറിക്ക സൈക്കിളിൽ പതിച്ചിട്ടുണ്ട്. കൊടും ചൂടിൽ എങ്ങനെയാണ് പ്രചാരണം നടത്തുകയെന്നുള്ള ചോദ്യത്തോട്, ഏത് സമയത്തും ജനങ്ങൾക്കൊപ്പം നിൽക്കുന്ന രാജീവിനെപ്പോലെ നല്ലൊരു നേതാവ് എറണാകുളത്ത് മത്സരിക്കുമ്പോൾ കാലാവസ്ഥയൊന്നും പ്രശ്നമല്ലെന്നാണ് ജബ്ബാറിന്റെ മറുപടി. ഒപ്പം ചൂട് മറന്ന് പ്രവർത്തിക്കേണ്ട രാഷ്ട്രീയ സാഹചര്യമാണ് രാജ്യത്ത് നിലനിൽക്കുന്നതെന്ന ഗൗരവമായ രാഷ്ട്രീയ നിരീക്ഷണവും. ഫോർട്ട് കൊച്ചി ജെട്ടിക്ക് സമീപമുള്ള ടാക്സി തൊഴിലാളികളുടെ ആശീർവാദത്തോട് കൂടിയാണ് പര്യടനം ആരംഭിച്ചത്. പാലാരിവട്ടം മേഖലയിൽ ലോട്ടറി കച്ചവടം നടത്തുകയാണ് അബ്ദുൾ ജബ്ബാർ.






