Sorry, you need to enable JavaScript to visit this website.

സിസ്റ്റർ അഭയ കേസിന് പ്രായം 27;  വിധി അനന്തമായി നീളുന്നു

കോട്ടയം- സിസ്റ്റർ അഭയയുടെ ദുരൂഹ മരണം നടന്നിട്ട് 27 വർഷങ്ങൾ. കേസിൽ രണ്ടു വൈദികരും ഒരു കന്യാസ്ത്രീയും അറസ്റ്റിലാവുകയും വൈദികരിലൊരാളെ വിചാരണ കൂടാതെ വെറുതേ വിടുകയും ചെയ്തിരുന്നു. കേസിൽ നീതിക്കായുള്ള തന്റെ പോരാട്ടം ഇപ്പോഴും തുടരുകയാണെന്ന് മനുഷ്യാവകാശ പ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ അറിയിച്ചു.
1992 മാർച്ച് 27നാണ് കോട്ടയം പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ ദുരൂഹ സാഹചര്യത്തിൽ സിസ്റ്റർ അഭയയുടെ മൃതദേഹം കാണപ്പെട്ടത്.  16 വർഷം നീണ്ട അന്വേഷണത്തിന് ശേഷം ഫാ.തോമസ് കോട്ടൂർ, ഫാ.ജോസ് പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നീ മൂന്ന് പ്രതികളെ സിബിഐ 2008 നവംബർ 18ന് അറസ്റ്റ് ചെയ്തു. മൂന്ന് പ്രതികളും 49 ദിവസം ജയിലിൽ കിടന്നതിന് ശേഷം ഹൈക്കോടതി ജാമ്യം നൽകി. പിന്നീട് ഈ മൂന്ന് പ്രതികൾക്കെതിരെയും സിബിഐ 2009 ജൂലൈ 17ന് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. 
എന്നാൽ ഈ മൂന്ന് പ്രതികളെയും വിചാരണ കൂടാതെ കുറ്റവിമുക്തരാക്കണമെന്നാശ്യപ്പെട്ട് സിബിഐ കോടതിയിൽ പ്രതികൾ നൽകിയ ഹർജി ഒൻപതു വർഷത്തിന് ശേഷമാണ് 2018 മാർച്ച് 7 ന് സിബിഐ കോടതി തീർപ്പാക്കിയത്. ഒന്നാം പ്രതി തോമസ് കോട്ടൂർ, മൂന്നാം പ്രതി സിസ്റ്റർ സെഫി എന്നിവരുടെ ഹർജികൾ തള്ളിക്കൊണ്ട് വിചാരണ നേരിടുവാനും രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ വെറുതെ വിട്ടുകൊണ്ടും തിരുവനന്തപുരം സിബിഐ കോടതി ഉത്തരവിട്ടു. 
ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരോട് വിചാരണ നേരിടാൻ ഉത്തരവിട്ട സിബിഐ കോടതി ഉത്തരവിനെതിരെ രണ്ട് പ്രതികളും, രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ വെറുതെ വിട്ടതിനെതിരെ ജോമോൻ പുത്തൻപുരയ്ക്കലും ഹൈക്കോടതിയിൽ അപ്പീലുകൾ നൽകിയിരുന്നു. ഈ മൂന്ന് അപ്പീൽ ഹർജികളും ഹൈക്കോടതി ഒരുമിച്ച് വാദം മാസങ്ങളോളം കേട്ടതിന് ശേഷം ജസ്റ്റിസ് സുനിൽ തോമസിന്റെ സിംഗിൾ ബഞ്ച് വാദം 2018 സെപ്റ്റംബർ 13 ന് പൂർത്തിയാക്കി വിധി പറയുവാൻ മാറ്റി. എന്നാൽ ആറ് മാസം കഴിഞ്ഞിട്ടും ഹൈക്കോടതി വിധി പറഞ്ഞിട്ടില്ല. കൂടാതെ അഭയ കേസിൽ തെളിവ് നശിപ്പിച്ചതിന്റെയും ഗൂഢാലോചന നടത്തിയതിനുമുള്ള കുറ്റത്തിന് ക്രൈംബ്രാഞ്ച് എസ് പി ആയിരുന്ന കെ.ടി മൈക്കിളിനെ നാലാം പ്രതിയാക്കി തിരുവനന്തപുരം സിബിഐ കോടതി 2018 ജനുവരി 22 ന് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെ പ്രതി മൈക്കിൾ നൽകിയ അപ്പീൽ ഹൈക്കോടതി വാദംപൂർത്തിയാക്കിയതിന് ശേഷം വിധി പറയുവാൻ ജസ്റ്റിസ് സുനിൽ തോമസ് മാറ്റി വച്ചിരിക്കുകയാണ്. രണ്ടാം പ്രതി ഫാ. ജോസ് പുതൃക്കയിലിനെ വിചാരണ കൂടാതെ വെറുതെ വിട്ടതിനെതിരെ ഹൈക്കോടതിയിൽ സിബിഐ അപ്പീൽ നൽകിയിരിക്കുകയാണ്. 

 

Latest News