ലഖ്‌നൗ- പ്രയാഗ് രാജിൽനിന്ന് വാരാണസിയിലേക്ക് നടത്തിയ ഗംഗായാത്രക്ക് ശേഷം അയോധ്യയെ ഉണർത്താൻ പ്രിയങ്ക എത്തുന്നു. അവാധ് മേഖലയിലെ ഫൈസാബാദ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടിയാണ് പ്രിയങ്ക വരുന്നത്. ഇതാദ്യമായാണ് പ്രിയങ്ക അയോധ്യ സന്ദർശിക്കുന്നത്.
ക്ഷേത്രനഗരത്തിലെത്തുമ്പോൾ ക്ഷേത്രദർശനം ഒഴിവാക്കാനാകില്ലല്ലോ. അതിനാൽ ഹനുമാൻഗഢ് ക്ഷേത്രത്തിൽ ദർശനം നടത്തിയശേഷമായിരിക്കും പ്രിയങ്ക പൊതുപരിപാടിക്കെത്തുക. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രസംഗിക്കുന്ന പ്രിയങ്ക അയോധ്യയിലും ഫൈസാബാദിലും റോഡ് ഷോ നടത്തിയാണ് സന്ദർശനം അവസാനിപ്പിക്കുക.
ബുധനാഴ്ച രാവിലെ പ്രിയങ്ക അയോധ്യയിലെത്തുമെന്ന് പ്രാദേശിക കോൺഗ്രസ് നേതാവ് ആർ.പി സിംഗ് പറഞ്ഞു. ഹനുമാൻഗഢിലും മറ്റ് ചില ക്ഷേത്രങ്ങളിലും അവർ ദർശനം നടത്തുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു.
രാമക്ഷേത്രത്തിനായി വിശ്വഹിന്ദു പരിഷത് പ്രക്ഷോഭം തുടങ്ങിയ 1980 കൾ മുതൽ ഏറ്റവും രാഷ്ട്രീയച്ചൂട് നിറഞ്ഞ മണ്ഡലമാണ് അയോധ്യ. 1992 ഡിസംബർ ആറിന് ബാബരി മസ്ജിദ് തകർക്കപ്പെട്ടതോടെ അത് അന്താരാഷ്ട്ര മാധ്യമങ്ങളിൽപോലും സ്ഥാനം പിടിച്ചു. 2016 ൽ കാർഷിക പ്രശ്‌നങ്ങൾ ഉയർത്തിപ്പിടിച്ച് ദേവ്‌രിയ മുതൽ ന്യൂദൽഹി വരെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തിയ കിസാൻ യാത്രാ വേളയിൽ ഹനുമാൻഗഢ് ക്ഷേത്രത്തിൽ അദ്ദേഹം ദർശനം നടത്തിയിരുന്നു.
രാമക്ഷേത്രപ്രശ്‌നം ജനങ്ങൾക്കിടയിൽ സജീവമാക്കി നിർത്താനും വോട്ട് നേടാനും ബി.ജെ.പി ശ്രമിക്കുന്നതിനാൽ പ്രിയങ്കാ ഗാന്ധിയുടെ സന്ദർശനത്തിന് രാഷ്ട്രീയ പ്രാധാന്യമുണ്ട്. അയോധ്യയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിരവധി വികസനപ്രവർത്തനങ്ങൾ നടത്തിയതു കൂടാതെ ഇടക്കിടെ സന്ദർശിക്കാറുമുണ്ട്. അയോധ്യയിലെ സരയൂവിൽ ശ്രീരാമന്റെ ഏറ്റവും ഉയരം കൂടിയ പ്രതിമ നിർമിക്കാൻ യോഗി സർക്കാർ തീരുമാനിച്ചിരിക്കുകയാണ്.
പ്രാദേശികതലത്തിൽ ജനങ്ങൾക്ക് രാമക്ഷേത്രം ഒരു തെരഞ്ഞെടുപ്പ് വിഷയമല്ലെന്നും വോട്ടർമാരെ അത് സ്വാധീനിക്കില്ലെന്നുമാണ് ഫൈസാബാദിലെ കോൺഗ്രസ് സ്ഥാനാർഥിയായ നിർമൽ ഖത്രിയുടെ നിലപാട്. ക്ഷേത്രപ്രശ്‌നം സജീവമാക്കി നിർത്തിയ 2009 ൽപോലും തങ്ങളിവിടെ വിജയിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വികസന, യുവാക്കളും കർഷകരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ എന്നിവയിലാണ് തങ്ങൾ ഊന്നുന്നതെന്നും ഖത്രി പറഞ്ഞു. കാർഷിക കടം എഴുതിത്തള്ളാത്തത് ബി.ജെ.പിക്കെതിരെ കർഷകരുടെ രോഷത്തിനിടയാക്കും.