ബി.ജെ.പി സഖ്യത്തിന് ഭൂരിപക്ഷം ലഭിക്കില്ലെന്ന് സർവേ ഫലം 

ന്യൂദൽഹി- ബി.ജെ.പി സഖ്യത്തിന് ഈ തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം ലഭിക്കില്ല എന്നാണ് ഏറ്റവും പുതിയ സർവേ ഫലം. ബാലാക്കോട്ടിന് മുൻപ് നടന്ന ഭൂരിപക്ഷം അഭിപ്രായ സർവേകളും ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് മുൻതൂക്കം പ്രവചിക്കുന്നവ ആയിരുന്നു. എന്നാൽ ബാലാക്കോട്ടോടെ കാര്യങ്ങൾ നേരെ തിരിഞ്ഞു. 
തെരഞ്ഞെടുപ്പ് സർവേകളിൽ ബി.ജെ.പിയുടെ സാധ്യതകൾ ഉയർന്ന് വന്നുകൊണ്ടിരുന്നു. എന്നാൽ ഈ തെരഞ്ഞെടുപ്പിൽ എൻ.ഡി.എയ്ക്ക് കേവല ഭൂരിപക്ഷം തികയ്ക്കാനുളള സീറ്റുകൾ നേടാൻ സാധിക്കില്ലെന്നാണ് പുതിയ സർവേ ഫലം. സി-വോട്ടർ ഐ.എ.എൻ.എസ് സർവേയാണ് എൻ.ഡി.എയ്ക്ക് കേവല ഭൂരിപക്ഷം ഉണ്ടാവില്ല എന്ന് പ്രവചിച്ചിരിക്കുന്നത്. കേവല ഭൂരിപക്ഷം തികയ്ക്കാൻ വേണ്ട 273 സീറ്റുകൾക്ക് തൊട്ടടുത്ത് എൻ.ഡി.എ എത്തും. 261 സീറ്റുകളാണ് എൻ.ഡി.എ സഖ്യത്തിന് ലഭിക്കുക. ബി.ജെ.പി തനിച്ചാണ് 241 സീറ്റുകൾ നേടുക. തെരഞ്ഞെടുപ്പിന് ശേഷം സഖ്യമുണ്ടാക്കുന്നതിലൂടെ ബി.ജെ.പിക്ക് അധികാരത്തിൽ എത്താൻ സാധിക്കുമെന്നും സർവേ പ്രവചിക്കുന്നു. തെരഞ്ഞെടുപ്പിന് ശേഷമുളള സഖ്യങ്ങളിലൂടെ എൻ.ഡി.എയ്ക്ക് സീറ്റുകളുടെ എണ്ണം 298 വരെ ആയി ഉയർത്താൻ സാധിക്കുമെന്നാണ് സി-വോട്ടർ-ഐ.എ.എൻ.എസ് സർവേ പ്രതീക്ഷിക്കുന്നത്. സീറ്റ് നേട്ടത്തിൽ എൻ.ഡി.എയെക്കാളും വളരെ പിന്നിലാവും യു.പി.എ എന്നും സർവേ പ്രവചിക്കുന്നു. യു.പി.എയ്ക്ക് ലഭിക്കുക 143 സീറ്റുകൾ മാത്രമായിരിക്കും. ഇതിൽ 91 സീറ്റുകൾ കോൺഗ്രസ് തനിച്ച് നേടും. സഖ്യകക്ഷികൾ 52 സീറ്റുകളും നേടും. 30.4 ശതമാനമാണ് കോൺഗ്രസിന് ആകെ ലഭിക്കുന്ന വോട്ട് വിഹിതം. ദേശീയത ഉയർത്തിപ്പിടിച്ചുളള പ്രചാരണമാണ് തെരഞ്ഞെടുപ്പിൽ കർഷക പ്രശ്‌നങ്ങളും തൊഴിലില്ലായ്മയും അടക്കമുളള വിഷയങ്ങളെ മറികടക്കാൻ ബി.ജെ.പിയെ സഹായിക്കുക എന്നും സി-വോട്ടർ-ഐ.എ.എൻ.എസ് സർവേ കണ്ടെത്തി. 
ബി.ജെ.പിക്കെതിരെ എസ്.പിയും ബി.എസ്.പിയും കോൺഗ്രസും കൈകോർത്തിരിക്കുന്ന ഉത്തർപ്രദേശിൽ ഇത്തവണ ബി.ജെ.പിക്ക് വലിയ തിരിച്ചടി ഉണ്ടാകും. 2014 ൽ ആകെയുളള 80 സീറ്റുകളിൽ 73 ഉം സ്വന്തമാക്കിയ ബി.ജെ.പിക്ക് ഇത്തവണ 28 സീറ്റുകൾ മാത്രമേ ലഭിക്കുകയുളളൂ എന്ന് സർവേ ഫലം പറയുന്നു. കേരളത്തിലും തമിഴ്‌നാട്ടിലും എൻ.ഡി.എയ്ക്ക് നേട്ടമൊന്നും ഉണ്ടാക്കാൻ സാധിക്കില്ലെന്നും സർവേയിൽ പറയുന്നു. കർണാടകയിൽ കോൺഗ്രസുമായി ഇഞ്ചോടിഞ്ച് പോരാട്ടം ബി.ജെ.പി കാഴ്ചവെക്കും.  
 

Latest News