തിരുവനന്തപുരം- കുടുംബ വഴക്കിനിടെ മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. ഭാര്യാ പിതാവും മാതാവും കുത്തേറ്റ് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍.
വട്ടിയൂര്‍കാവ് മേലത്തുമെലെ കൃഷ്ണ ഭവനില്‍ രജനി കൃഷ്ണ (ശാരി-42) ആണ് കൊല്ലപ്പെട്ടത്. ഭാര്യാ പിതാവ് സി.കൃഷ്ണന്‍ (73), മാതാവ് രമാദേവി (64) എന്നിവരാണ് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലുള്ളത്. പ്രതി ശ്രീകുമാര്‍(48) പോലീസ് പിടിയിലായി.
ദീര്‍ഘകാലമായി ലഹരി മരുന്നിന് അടിമയായിരുന്ന ശ്രീകുമാര്‍ നിരന്തരം വീട്ടില്‍ വഴക്കുണ്ടാക്കുകയും ഭാര്യയെ മര്‍ദിക്കുകയും ചെയ്യുമായിരുന്നു. വീടുമായി അകന്ന് കഴിഞ്ഞ ഇയാള്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നതും പതിവായിരുന്നു. വിവാഹ ബന്ധം വേര്‍പ്പെടുത്താനുള്ള നിയമ നടപടി നടക്കുന്നതിനിടയിലാണ് കൊലപാതകം.
ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെ മദ്യലഹരിയില്‍ വീട്ടിലെത്തിയ ശ്രീകുമാര്‍ ആക്രോശത്തോടെ ഭാര്യയുടെ കഴുത്തിന് കുത്തുകയായിരുന്നു. തടയാനെത്തിയ ഭാര്യാ പിതാവിന് ഇടതു നെഞ്ചിനും, മാതാവിന്റെ ഇടത് കയ്യിലും കവിളിലും കുത്തി. രജനിയുടെ മകള്‍ മിഥുല പേടിച്ച് തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറി. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ ശ്രീകുമാറിനെ കീഴടക്കി പോലീസില്‍ ഏല്‍പ്പിച്ചു.
രജനിയെ ഉടന്‍ പേരൂര്‍ക്കട ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൃഷ്ണനേയും രമാദേവിയെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും നില ഗുരുതരമായി തുടരുകയാണ്. രജനിയുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. വട്ടിയൂര്‍ക്കാവ് പോലീസ് കേസെടുത്തു.