ദൽഹിയിൽ കോൺഗ്രസ് -ആംആദ്മി ധാരണ 

ന്യൂദൽഹി- ദൽഹിയിൽ കോൺഗ്രസ്-ആം ആദ്മി പാർട്ടി ധാരണ. അരവിന്ദ് കെജ്‌രിവാളുമായി രാഹുൽ ഗാന്ധി നേരിട്ട് ചർച്ച നടത്തി. ദൽഹിയിൽ മൂന്ന് വീതം സീറ്റുകളിൽ മത്സരിക്കാനാണ് കോൺഗ്രസിന്റെയും ആംആദ്മി പാർട്ടിയുടെയും തീരുമാനം. ബാക്കിയുള്ള ഒരു സീറ്റിൽ ആര് മത്സരിക്കുമെന്ന കാര്യം സസ്‌പെൻസാണ്. യശ്വന്ത് സിൻഹയെ മത്സരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. കെജ്‌രിവാളിനും ഈ നീക്കത്തോട് സമ്മതമാണ്. ഇരുവരും മത്സരിച്ചാൽ ദൽഹിയിലെ പിന്നോക്ക-മുന്നോക്ക വോട്ടുകൾ സഖ്യത്തിൽ ഏകീകരിക്കപ്പെടും. ഏഴ് സീറ്റും തൂത്തുവാരാൻ ഇത് സഹായിക്കും. 
കോൺഗ്രസ് പ്രകടന പത്രിക പ്രഖ്യാപിച്ചതിന് പിന്നാലെ സഖ്യ സാധ്യതകൾ സജീവമാക്കിയിരിക്കുകയാണ് രാഹുൽ ഗാന്ധി. എല്ലാ സംസ്ഥാനങ്ങൾക്കും സഖ്യം സംബന്ധിച്ച് കർശന നിർദേശം ലഭിച്ചു. ഓരോ സംസ്ഥാനത്തും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾക്ക് അനുസരിച്ച്  സഖ്യമാവാമെന്നാണ് രാഹുലിന്റെ നിലപാട്. ദൽഹിയിൽ ഇത് തുടക്കമിട്ടിട്ടുണ്ട്. മുതിർന്ന നേതാക്കളിൽ നിന്ന് ബി.ജെ.പി വിരുദ്ധ സഖ്യത്തിന്റെ ആവശ്യകത ഉയർന്നതോടെയാണ് രാഹുൽ ഗാന്ധി തീരുമാനം പെട്ടെന്നാക്കിയത്. ബി.ജെ.പിക്കെതിരെ മഴവിൽ സഖ്യത്തിനാണ് രാഹുൽ ഒരുങ്ങുന്നത്. ഏഴ് പാർട്ടികൾ കോൺഗ്രസിനൊപ്പം ഉണ്ടെന്ന് ഉറപ്പിക്കാനാണ് നീക്കം. പാർട്ടികളുടെ എണ്ണം കൂടാനും സാധ്യതയുണ്ട്. പ്രാദേശിക, ജാതിയിൽ അധിഷ്ഠിതമായ പാർട്ടികളെയും കോൺഗ്രസ് ലക്ഷ്യമിടുന്നുണ്ട്. പൊതു ശത്രു ബി.ജെ.പിയാണെന്ന് കോൺഗ്രസ് ഉറപ്പിക്കുന്നു. ശത്രുവിന്റെ ശത്രു മിത്രം എന്ന ഫോർമുലയാണ് സഖ്യത്തിനായി രാഹുൽ ഒരുങ്ങുന്നത്. അവസാന നിമിഷത്തേക്ക് സഖ്യ തീരുമാനങ്ങൾ കൊണ്ടുപോകരുതെന്നാണ് നിർദേശം. 
മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ കോൺഗ്രസ് ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. എന്നാൽ കോൺഗ്രസുമായി ഇടഞ്ഞ് നിൽക്കുന്ന ബി.എസ്.പിയും എസ്.പിയും ഇവിടെ മത്സരിക്കുന്നുണ്ട്. ഇവരുമായി രഹസ്യ ധാരണ കോൺഗ്രസ് ഉണ്ടാക്കും. ബി.എസ്.പിയുടെ ശക്തികേന്ദ്രങ്ങളിൽ ശക്തനായ സ്ഥാനാർഥി കോൺഗ്രസിന് ഉണ്ടാവില്ല. പകരം ഇവരുടെ പിന്തുണ കോൺഗ്രസിന് തെരഞ്ഞെടുപ്പിന് ശേഷം നൽകും. അഖിലേഷ് യാദവുമായി രാഹുലിന് പ്രശ്‌നങ്ങളില്ല. എന്നാൽ മായാവതി അറിയാതെയാണ് മൂന്ന് സംസ്ഥാനങ്ങളിൽ രഹസ്യ സഖ്യത്തിന് രാഹുൽ തയാറെടുക്കുന്നത്. യു.പിയിലും മറ്റ് മൂന്ന് സംസ്ഥാനങ്ങളിലും കോൺഗ്രസ് വിട്ടുവീഴ്ചയ്ക്ക് ഒരുങ്ങിയെങ്കിലും, കൂടുതൽ സീറ്റുകൾ ചോദിച്ച് മനഃപൂർവം സഖ്യം ഒഴിവാക്കുകയായിരുന്നു മായാവതി. യു.പിയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുക എന്നതാണ് മായാവതി ലക്ഷ്യമിടുന്നതെന്ന് രാഹുൽ കരുതുന്നു. ദക്ഷിണേന്ത്യയിൽ രണ്ട് സംസ്ഥാനങ്ങളിൽ കോൺഗ്രസ് രഹസ്യ സഖ്യത്തിനാണ് ഒരുങ്ങുന്നത്. പ്രധാനമായും ആന്ധ്രപ്രദേശും തെലങ്കാനയുമാണ് സംസ്ഥാനങ്ങൾ. തമിഴ്‌നാട്ടിലും കർണാടകത്തിലും കേരളത്തിലും കോൺഗ്രസിന് സഖ്യമുണ്ട്. ആന്ധ്രയിൽ ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. ടി.ഡി.പിയുമായി കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളിൽ ഒത്തുതീർപ്പിനാണ് രാഹുൽ ഒരുങ്ങുന്നത്. ബി.ജെ.പിയുടെ കോട്ടകളിൽ ടി.ഡി.പിയും കോൺഗ്രസും ഒരുമിച്ച് പ്രവർത്തിക്കും. തെലങ്കാനയിൽ ജഗൻ മോഹൻ റെഡ്ഡിയുടെ വൈ.എസ്.ആർ കോൺഗ്രസിനെയാണ് രാഹുൽ കെ.സി.ആറിനെ വീഴ്ത്താനായി ആശ്രയിക്കുന്നത്. യു.പിയിലെ അഖിലേഷ് യാദവ്-മായാവതി സഖ്യമാണ് കോൺഗ്രസിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. ഒഡീഷയിൽ നവീൻ പട്‌നായിക്കും ഈ സഖ്യത്തിൽ ഉണ്ടാവില്ല. ബംഗാളിൽ മമതാ ബാനർജിയുടെ കാര്യത്തിലും രാഹുലിന് സംശയമുണ്ട്. അതേസമയം സി.പി.എമ്മുമായി അഖിലേന്ത്യാ തലത്തിൽ ധാരണയുണ്ടാക്കിയത് രാഹുലിന് നേട്ടമാണ്. വെല്ലുവിളികളുള്ള സംസ്ഥാനങ്ങളിൽ മറ്റ് ചെറു കക്ഷികളെയും സാമൂഹ്യ സംഘടനകളെയും കൂട്ടുപിടിച്ചുള്ള പോരാട്ടം നടത്താനാണ് രാഹുൽ നിർദേശിച്ചിരിക്കുന്നത്. 
ആർ.ജെ.ഡിയാണ് മഴവിൽ സഖ്യത്തിന്റെ ഭാഗമായ ആദ്യ പാർട്ടി. ഡി.എം.കെയാണ് പിന്നീട് എത്തിയത്. ജാർഖണ്ഡ് മുക്തി മോർച്ച, ജനതാദൾ എന്നിവരുടെ പിന്തുണയും രാഹുലിനുണ്ട്. അസമിൽ അഖിലേന്ത്യാ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടുമായി ചേർന്നുള്ള പ്രവർത്തനത്തിനായുള്ള ശ്രമത്തിലാണ് രാഹുൽ. 
 

Latest News