നേഗി കണ്ട ഇലക്ഷൻ ആരും കണ്ടിട്ടില്ല

ശ്യാംസരൺ നേഗിയും ഭാര്യയും (ഫയൽ ഫോട്ടോ)

ശ്യാംസരൺ നേഗി കണ്ടതുപോലെ ഇലക്ഷനുകൾ ആരും കണ്ടിട്ടില്ല. 1951 ലെ പ്രഥമ പൊതു തെരഞ്ഞെടുപ്പ് മുതൽ വോട്ട് ചെയ്യുന്ന ഈ 102 കാരൻ 2019 ലും വോട്ട് ചെയ്യാനൊരുങ്ങുകയാണ്. ഇന്ത്യയിലെ പ്രായമേറിയ വോട്ടറാണ് ഹിമാചൽപ്രദേശിലെ ഷിംല സ്വദേശിയായ ശ്യംസരൺ നേഗി. ജനാധിപത്യത്തിൽ അടിയുറച്ചു വിശ്വസിക്കുന്ന നേഗിക്ക് മറ്റ് പൗരന്മാരോടും ആവശ്യപ്പെടാനുള്ളത് ഒരൊറ്റക്കാര്യമാണ്, വോട്ട് ചെയ്യാനുള്ള ഒരവസരവും ഒഴിവാക്കരുത്. ഹിമാചൽപ്രദേശ് സംസ്ഥാന ഇലക്ഷൻ കമ്മീഷന്റെ വോട്ടേഴ്‌സ് രജിസ്‌ട്രേഷൻ പ്രചാരണ പരിപാടിയുടെ അംബാസഡറാണ് ഇപ്പോൾ ശ്യാംസരൺ. 
ഷിംലയിൽനിന്ന് 275 കിലോമീറ്റർ ദൂരെയുള്ള കിനോർ ജില്ലയിലെ പ്രകൃതിരമണീയമായ കൽപ ഗ്രാമത്തിൽ ഇളയ മകൻ ചന്ദർപ്രകാശിനൊപ്പമാണ് ശ്യാംസരൺ നേഗി താമസിക്കുന്നത്. ഭാര്യ 2014 ൽ എൺപതാം വയസ്സിൽ മരിച്ചു. മൂത്ത മകൻ 2002 ലും മരിച്ചു. ഇപ്പോൾ മൂന്ന് ആൺമക്കളും അഞ്ച് പെൺമക്കളും ഒരുപാട് പേരക്കുട്ടികളുമുണ്ട്. 
വോട്ടർമാരോട്, യുവ വോട്ടർമാരോട് നേഗി പറയുന്നത് രാജ്യത്തെ മുന്നോട്ടു നയിക്കാൻ കഴിയുന്ന വ്യക്തികളെ തെരഞ്ഞെടുക്കാൻ അൽപ സമയം മാറ്റിവെക്കണമെന്നാണ്. ജൂലൈ ഒന്നിന് 103 ലേക്ക് കടക്കുന്ന നേഗിയുടെ ഇഷ്ടവിനോദം റേഡിയോ ശ്രവിക്കലാണ്. എന്നാൽ കേൾവിശക്തി നഷ്ടപ്പെട്ടത് വലിയ സങ്കടമായി. കാഴ്ചശക്തിക്ക് പ്രശ്‌നമൊന്നുമില്ല. ദിനചര്യകൾ ഒറ്റക്കു തന്നെയാണ് ചെയ്യുന്നതെന്ന് ചന്ദർപ്രസാഖ് പറയുന്നു. 
സർക്കാർ പ്രാഥമിക വിദ്യാലയത്തിൽ അധ്യാപകനായിരുന്നു നേഗി. 1975 ൽ വിരമിച്ചു. സ്വതന്ത്ര ഇന്ത്യയിൽ ആദ്യം വോട്ട് ചെയ്തവരിലൊരാളാണ് അദ്ദേഹം. 1951 ലെ പൊതുതെരഞ്ഞെടുപ്പിൽ ചിനി മണ്ഡലത്തിലായിരുന്നു വോട്ട് രേഖപ്പെടുത്തിയത്. പിന്നീട് മണ്ഡലം കിനോർ എന്നു പേരുമാറ്റി. മഞ്ഞുമൂടിക്കിടക്കുന്ന കിനോറിൽ അക്കാലത്ത് രാജ്യത്തെ മറ്റു പ്രദേശങ്ങളെക്കാൾ നേരത്തെ തെരഞ്ഞെടുപ്പ് നടത്തുമായിരുന്നു. എന്നാലേ ബാലറ്റുകൾ കൃത്യസമയത്ത് തിരിച്ചെത്തിക്കാൻ പറ്റുമായിരുന്നുള്ളൂ. 
2010 ൽ ഇലക്ഷൻ കമ്മിഷന്റെ വജ്രജൂബിലി ആഘോഷത്തോടനുബന്ധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ നവീൻ ചൗള നേരിട്ട് നേഗിയുടെ വീട്ടിലെത്തി ബഹുമതി സമ്മാനിച്ചു. 1951 മുതലുള്ള എല്ലാ ലോക്‌സഭാ, നിയമസഭാ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലും നേഗി വോട്ട് ചെയ്തിട്ടുണ്ട്. ഇത്തവണയും ആദ്യ വോട്ടർമാരിലൊരാളായി താനുണ്ടാവുമെന്ന് അദ്ദേഹം പറയുന്നു. നേഗിയുടെ കൽപ ഗ്രാമം മാണ്ഡി ലോക്‌സഭാ മണ്ഡലത്തിനു കീഴിലാണ്. ഹിമാചലിൽ മെയ് 19 നാണ് തെരഞ്ഞെടുപ്പ്. 2007 ലും 2009 ലും 2012 ലും 2014 ലും 2017 ലും നേഗി വോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ ഇലക്ഷൻ കമ്മീഷൻ വീഡിയൊ റെക്കോർഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്. 1951 ലെ പ്രഥമ ഇലക്ഷനിൽ 28 ലക്ഷത്തോളം വനിതകൾക്ക് വോട്ട് ചെയ്യാൻ സാധിച്ചിരുന്നില്ലെന്ന് നേഗി ഓർക്കുന്നു. കാരണം വോട്ടേഴ്‌സ് ലിസ്റ്റിൽ അവരുടെ പേരുണ്ടായിരുന്നത് ഇന്നയാളുടെ ഭാര്യ, ഇന്നയാളുടെ അമ്മ എന്നിങ്ങനെയായിരുന്നു. സ്വന്തം പേരിൽ രജിസ്റ്റർ ചെയ്താലേ വോട്ട് ചെയ്യാനാവൂ എന്ന് അന്നത്തെ ചീഫ് ഇലക്ഷൻ കമ്മീഷണർ സുകുമാർ സെൻ ശാഠ്യം പിടിച്ചതോടെ വനിതകൾ പുറത്താവുകയായിരുന്നു. 

Latest News