മുംബൈ- വായ്പകളുടെ പേരില്‍ ആയിരക്കണക്കിനു യു.എസ് പൗരന്മാരെ കബളിപ്പിച്ച കാള്‍ സെന്ററില്‍ ജീവനക്കാര്‍ക്ക് മദ്യവും മയക്കുമരുന്നും അടക്കമുള്ള സൗകര്യങ്ങള്‍ നല്‍കിയിരുന്നതായി വെളിപ്പെടുത്തല്‍. തട്ടിപ്പ് ആസൂത്രണം ചെയ്തവരുമായി ബന്ധപ്പെട്ട വൃത്തങ്ങളില്‍നിന്നുള്ള വിവരങ്ങള്‍ ഹിന്ദുസ്ഥാന്‍ ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്.
മുംബൈക്കു സമീപം അംബര്‍നാഥില്‍ പ്രവര്‍ത്തിച്ചിരുന്ന കാള്‍ സെന്റര്‍ വായ്പ ശരിയാക്കുന്നതിന് യു.എസ്. വനിതകളില്‍നിന്ന് നഗ്ന ചിത്രങ്ങള്‍ പോലും ആവശ്യപ്പെട്ടിരുന്നുവെന്ന ഈ റാക്കറ്റ് തകര്‍ത്ത് താനെ ക്രൈം ബ്രാഞ്ച് വെളിപ്പെടുത്തിയിരുന്നു. ഈ മാസം എട്ടിന് ആരംഭിച്ച റെയ്ഡുകളും പരിശോധനയും പോലീസ് തുടരുകയാണ്. കമ്മീഷന്‍ നല്‍കിയാല്‍ ഈസി ഇന്‍സ്റ്റാള്‍മെന്റ് വായ്പകള്‍ വാഗ്ദാനം ചെയ്തുകൊണ്ട് ഉപയോക്താക്കളെ കബളിപ്പിച്ച സംഭവത്തില്‍ വനിതകളടക്കം 25 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
വ്യാജ കാള്‍ സെന്ററിനെ സഹായിക്കാന്‍ അമേരിക്കയിലുള്ളവരാണ് വായ്പക്ക് അപേക്ഷിക്കാന്‍ സാധ്യതയുള്ളവരുടെ പട്ടിക സംഘടിപ്പിച്ചിരുന്നത്. മറ്റു ബാധ്യകള്‍ ഉള്ളവരെ കണ്ടെത്തിയാണ് കെണിയില്‍ ചാടിച്ചിരുന്നു. ബി.പി.ഒയില്‍നിന്ന് വിളിക്കുന്നവര്‍ പ്രാദേശിക ബാങ്കുകളുടെ ജീവനക്കാരെന്ന വ്യാജേനയാണ് സംസാരിച്ചിരുന്നത്. വായ്പാ തുകയുടെ 20 മുതല്‍ 30 ശതമാനം വരെ കമ്മീഷനാണ് ചോദിച്ചിരുന്നത്. 1000 മുതല്‍ 5000 വരെ യു.എസ്. ഡോളറിന്റെ വായ്പ നല്‍കുമെന്നായിരുന്നു വാഗ്ദാനം. ബാങ്ക് അക്കൗണ്ടുകളില്‍ നിശ്ചിത തുക അടപ്പിച്ചായിരുന്നു തട്ടിപ്പ്. എല്ലാ പ്രക്രിയകളും തട്ടിപ്പായതിനാല്‍ ഒരിക്കലും വായ്പ അനുവദിച്ചിരുന്നില്ല. ഇതിനിടയിലാണ് കാള്‍ സെന്ററില്‍നിന്ന് വിളിക്കുന്നവര്‍ നഗ്ന ഫോട്ടോകളും വിഡിയോകളും ആവശ്യപ്പെട്ടിരുന്നത്.
ഒരു സമയം 70 -ലേറെ പേര്‍ കാള്‍ സെന്ററില്‍ ജോലി ചെയ്തിരുന്നില്ലെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവിലെ ജോലിയില്‍നിന്ന് 20 ശതമാനം കൂടുതല്‍ ശമ്പളം വാഗ്ദാനം ചെയ്താണ് ജീവനക്കാരെ റിക്രൂട്ട് ചെയ്തിരുന്നത്. ടെലിഫോണ്‍ അഭിമുഖം വഴിയായിരുന്നു നിയമനം. താമസം സൗജന്യമായിരുന്നു. ബാച്ചിലേഴ്‌സിന് മൂന്ന് പേര്‍ക്ക് ഒരു ഫ്‌ളാറ്റും ദമ്പതികള്‍ക്ക് പ്രത്യേകം ഫ്‌ളാറ്റുമാണ് നല്‍കിയിരുന്നത്. തിങ്കള്‍ മുതല്‍ വെള്ളിവരെ അമേരിക്കന്‍ സമയത്തായിരുന്നു ജോലി. ഇന്റേണല്‍ റവന്യൂ സര്‍വീസ് പ്രവര്‍ത്തിക്കുന്ന അതേസമയം.
തുടക്കക്കാര്‍ക്ക് 25000 രൂപയും ഇന്‍സെന്റീവുകളുമാണ് നല്‍കിയിരുന്നത്. യു.എസ്. പൗരന്മാരില്‍നിന്ന് കരസ്ഥമാക്കുന്ന ഓരോ ഡോളറിനും രണ്ടു രൂപയായിരുന്നു കമ്മീഷന്‍. സീനിയര്‍ ജീവനക്കാര്‍ക്ക് ഇത് അഞ്ച് രൂപ വരെ ലഭിച്ചിരുന്നു. 10,000 ഡോളറോ അതില്‍ കൂടുതല്‍ നേടിയെടുത്താല്‍ 10,000 രൂപ തത്സമയ ബോണസായും നല്‍കി. വാരാന്ത്യങ്ങളിലാണ് ജീവനക്കാരുടെ ഇഷ്ടപ്രകാരമുള്ള മദ്യവും മയക്കുമരുന്നും നല്‍കിയിരുന്നത്.
അമേരിക്കയിലെ സഹായികള്‍ നല്‍കുന്ന യു.എസ് പൗരന്മാരുടെ വിവരങ്ങള്‍ ഒരു സെര്‍വറില്‍ സൂക്ഷിച്ചുകൊണ്ടാണ് തട്ടിപ്പ് ആരംഭിക്കുന്നത്. വായ്പാ കുടിശ്ശിക വരുത്തിയതിന് ഐ.ആര്‍.എസ് നിങ്ങള്‍ക്കെതിരെ ഒരു കേസ് ഫയല്‍ ചെയ്തിരിക്കുന്നുവെന്ന ശബ്ദ സന്ദേശമാണ് ആദ്യം സെര്‍വര്‍ അയക്കുക. രണ്ട് മണിക്കൂര്‍ കഴിഞ്ഞിട്ടും മറുപടിയില്ലെങ്കില്‍ വീണ്ടും സന്ദേശം പോകും. യു.എസ് പൗരന്‍ തിരിച്ചുവിളിക്കുമ്പോള്‍ മാത്രമാണ് കാള്‍ സെന്ററിലെ ജീവനക്കാര്‍ ഇടപെടുക.
മൂന്ന് മാര്‍ഗത്തിലാണ് പണം ഈടാക്കിയിരുന്നത്. ബാങ്കില്‍ ഡെപ്പോസിറ്റ് ചെയ്യാന്‍ ആവശ്യപ്പെടുന്ന പരമ്പരാഗത രീതിയാണ് ഒന്ന്. അക്കൗണ്ട് യു.എസ്. സര്‍ക്കാരിന്റേതാണെന്ന് വിശ്വസിപ്പിച്ചായിരുന്നു ഇത്. ഗ്രീന്‍ പ്രീപെയ്ഡ് കാര്‍ഡ്, ഐട്യൂണ്‍ ഗിഫ്റ്റ് കാര്‍ഡ് എന്നിവയാണ് രണ്ടാമത്തെ വഴി. ഇത്തരം കാര്‍ഡുകളിലെ നമ്പറും കാലാവധിയും പരിശോധിച്ച ശേഷം ഇടനിലക്കാരന് നല്‍കി പണമാക്കുകയാണ് ചെയ്യുക. ഇടനിലക്കാരന്‍ പത്ത് ശതമാനം കമ്മീഷനെടുത്ത ശേഷം ബാക്കി തുക തട്ടിപ്പുകാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയക്കും. ആവശ്യമായ പണമില്ലെന്ന് പറയുന്നരോട് വിലപിടിപ്പുള്ള വസ്തുക്കള്‍ പോണ്‍ ഷോപ്പില്‍ വില്‍ക്കാനാണ് ആവശ്യപ്പെടുക.
പ്രധാന കാള്‍ സെന്ററില്‍നിന്ന് 15 കി.മീ അകലെയാണ് തട്ടിപ്പുകാര്‍ സെര്‍വറുകള്‍ സൂക്ഷിച്ചിരുന്നത്. പോലീസ് റെയ്ഡുണ്ടായാല്‍ ഡാറ്റകള്‍ ഇല്ലാതാക്കുന്നതിന് ആവശ്യമായ സമയം ലഭിക്കാനാണിത്.