Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇനി ഉത്സവപ്പറമ്പുകൾ കാണുമോ?

രാമൻ ഫാൻസുകാർ ആശങ്കയിൽ; വിലക്ക് നീക്കാൻ പ്രതിഷേധ യോഗം ചേരും

തൃശൂർ - കേരളത്തിലെ തലയെടുപ്പള്ള കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പുകളിൽ നിന്നും പൂർണ വിലക്കേർപ്പെടുത്തിയുള്ള ചീഫ് വൈൽഡ് ലൈഫ് വാർഡിന്റെ ഉത്തരവിൽ ആനഉടമകൾക്കും ആനപ്രേമികൾക്കും കടുത്ത പ്രതിഷേധം.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരാധകരും ഫാൻസ് അസോസിയേഷനുകളും പുതിയ ഉത്തരവിൽ ആശങ്കയിലാണ്. രാമൻ എന്ന് ആരാധകർ ഇഷ്ടത്തോടെ വിളിക്കുന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇനി കേരളത്തിലെ ഉത്സവപ്പൂരപ്പറമ്പുകൾ കാണില്ലെന്നാണ് പുതിയ ഉത്തരവ് വ്യക്തമാക്കുന്നത്. 
ആനയ്ക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും തൃശൂർ പൂരം അടക്കമുള്ള ഉത്സവ എഴുന്നള്ളിപ്പുകൾക്കും പരിപാടികൾക്കും പങ്കെടുപ്പിക്കരുതെന്നും വിലക്കിക്കൊണ്ടാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടിരിക്കുന്നത്. 
ആനയ്ക്ക് പ്രായക്കൂടുതലുെണ്ടന്നും ഒരു കണ്ണിന് കാഴ്ചയില്ലെന്നും മറ്റും വിലക്കിന് കാരണമായി ചൂണ്ടിക്കാട്ടുന്നു. 
ഇക്കഴിഞ്ഞ ഫെബ്രുവരി എട്ടിന് ഗുരുവായൂരിനടുത്ത് കോട്ടപ്പടിയിൽ ഗൃഹപ്രവേശനത്തിനിടെ പടക്കം പൊട്ടിച്ചപ്പോൾ വിരണ്ടോടിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ രണ്ടുപേരെ കൊലപ്പെടുത്തിയിരുന്നു. ഇതെത്തുടർന്ന് പതിനാലു ദിവസത്തെ വിലക്ക് ആനയ്ക്കു വന്നു. എന്നാൽ അതിനു ശേഷവും വിലക്ക് തുടരുകയായിരുന്നു. ആനയെ പരിശോധിച്ച് വിശദമായ റിപ്പോർട്ട് നൽകിയ ഡോക്ടർമാരടങ്ങുന്ന വിദഗ്ധ സംഘം ആനയെ എഴുന്നള്ളിപ്പിൽ നിന്നും ആജീവനാന്തം വിലക്കണമെന്ന ശുപാർശയാണ് മുന്നോട്ടുവെച്ചത്. ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ് ഈ ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു. കോട്ടപ്പടി സംഭവത്തെ തുടർന്ന് ഹെറിറ്റേജ് അനിമൽ ടാസ്‌ക് ഫോഴ്‌സ് എന്ന സംഘടന ചീഫ് സെക്രട്ടറിക്കും ചീഫ് വൈൽഡ് ലൈഫ് വാർഡനും പരാതി നൽകിയിരുന്നു. കോട്ടപ്പടിയിലേക്ക് ആനയെ കൊണ്ടുവരും മുൻപ് വെറ്ററിനറി സർജൻ പരിശോധിച്ചിട്ടില്ലെന്നും ഇതെക്കുറിച്ചും വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യമുണ്ടായിരുന്നു. ഇതെത്തുടർന്നാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ നിയോഗിച്ച അഞ്ചംഗ സമിതി രാമചന്ദ്രനെ പരിശോധിച്ച് പൂർവകാലചരിത്രം പരിശോധിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കിയത്. 
ആനയുടെ ആരോഗ്യസ്ഥിതി വളരെ മോശമാണെന്നും എഴുന്നള്ളിപ്പിനുള്ള ശാരീരികക്ഷമതയില്ലെന്നുമാണ് ഇവർ കെണ്ടത്തിയത്.ഈ റിപ്പോർട്ടും ആനയെ എഴുന്നളളിപ്പുകളിൽ നിന്ന് എന്നന്നേക്കുമായി വിലക്കിക്കൊണ്ടുള്ള ഓർഡറും ചീഫ് വൈൽഡ് ലൈഫ് വാർഡൻ തൃശൂർ ജില്ല കലക്ടർക്ക് അയച്ചുകൊടുത്തു. 
അതിനിടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂർ പൂരമടക്കമുള്ള ഉത്സവാഘോഷങ്ങളിൽ നിന്ന് എന്നന്നേക്കുമായി വിലക്കിയതിനെതിരെ ആന പ്രേമികളും ആന ഉടമകളും രാമൻ ഫാൻസ് അസോസിയേഷനുകളുമെല്ലാം കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിക്കഴിഞ്ഞു.
തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളിലും പെട്ട സ്ഥാനാർത്ഥികളെ നേരിൽ കണ്ട് ഈ വിലക്ക് നീക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടാൻ ഇവർ തീരുമാനിച്ചിട്ടു്.വിലക്കേർപ്പെടുത്തിയ നടപടിയിൽ പ്രതിഷേധിച്ച് വരും ദിവസങ്ങളിൽ തൃശൂർ തേക്കിൻകാട് മൈതാനിയിൽ വിപുലമായ യോഗം വിളിക്കാനും ധാരണയായി. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള ആനപ്രേമികളും രാമൻ ഫാൻസുകാരും ആന ഉടമകളും സംഘടനാ പ്രതിനിധികളുമെല്ലാം ഈ യോഗത്തിൽ സംബന്ധിക്കും. 
തലയെടുപ്പിലും, ചന്തത്തിലും, ഉയരത്തിലും കേരളത്തിലെ നാട്ടാനകളിൽ മുൻനിരക്കാരനായിട്ടാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഇപ്പോഴും കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ചീഫ് വൈൽഡ് ലൈഫ് വാർഡനും വിദഗ്ധസമിതിയുമൊക്കെ പറയുന്ന കുറവുകൾ തങ്ങൾ അംഗീകരിക്കില്ലെന്ന് ഫാൻസുകാർ പറയുന്നു. 
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീക്കാൻ സോഷ്യൽമീഡിയയിൽ വൻ പ്രചരണം ആരംഭിക്കാൻ ഫാൻസുകാർ പദ്ധതിയിടുന്നുണ്ട്. ലോകമെമ്പാടുമുള്ള രാമൻ ഫാൻസുകാരെ നോ ബാൻ ടു രാമൻ എന്ന കാമ്പയിനിനു കീഴിൽ അണിനിരത്താനും തീരുമാനിച്ചു.
കഴിഞ്ഞ ഏതാനും വർഷങ്ങളായി തൃശൂർ പൂരത്തിന്റെ പ്രധാന ചടങ്ങുകളിലൊന്നായ പൂരത്തലേന്നുള്ള തെക്കേഗോപുരം തുറക്കൽ നിർവഹിക്കുന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്. നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി കുറ്റൂർ നെയ്തലക്കാവിൽ നിന്നും വിയ്യൂർ-പാട്ടുരായ്ക്കൽ-ഷൊർണൂർ റോഡ് വഴി തൃശൂർ റൗണ്ടിലെത്തുന്ന രാമചന്ദ്രനെ കാണാൻ വഴിനീളെ ആരാധകരുണ്ടാകാറുണ്ട്.
തേക്കിൻകാട് മൈതാനത്തിലേക്ക് കയറി വടക്കുന്നാഥ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഗോപുരം വഴി അകത്തുകടന്ന് തെക്കേ ഗോപുരനട തള്ളിത്തുറന്ന് താഴെ കാത്തുനിൽക്കുന്ന ആരാധകരെയും പൂരപ്രേമികളേയും തുമ്പിക്കൈ ഉയർത്തി അഭിവാദ്യം ചെയ്യുന്ന രാമചന്ദ്രനെ കാണാൻ പൂരത്തിരക്കാണ് കഴിഞ്ഞ വർഷം പോലും അനുഭവപ്പെട്ടത്. 
ഇനി അതെല്ലാം ഓർമകളും ചരിത്രവും മാത്രമായി അവശേഷിക്കുമോ എന്ന ആശങ്കയിലാണ് രാമൻ ഫാൻസുകാരും ആനപ്രേമികളും. 
 

Latest News