കൊണ്ടോട്ടി- കരിപ്പൂർ വിമാനത്താവളത്തിലെ പുതിയ അന്താരാഷ്ട്ര ആഗമന ടെർമിനൽ പ്രവർത്തനക്ഷമമായി. ഇന്നലെ രാത്രി 7 മണിയോടെ മസ്‌ക്കറ്റിൽ നിന്നെത്തിയ ഒമാൻ എയർവേയ്‌സ് വിമാനത്തിലെ യാത്രക്കാരാണ് പുതിയ ടെർമിനൽ വഴി ആദ്യം പുറത്തുകടന്നത്.
യാത്രക്കാരെ മധുരവും പൂവും നൽകിയാണ് അതോറിറ്റി സ്വീകരിച്ചത്. കസ്റ്റംസ് എമിഗ്രേഷൻ കൗണ്ടറുകൾ പുതിയ ടെർമിനലിലാണ് പ്രവർത്തിച്ചത്. ടെർമിനലിലെ വിപലുമായ സൗകര്യത്തിൽ യാത്രക്കാർ സംതൃപ്തി രേഖപ്പെടുത്തി. വിമാനത്താവള അതോറിറ്റിയുടെ ചെന്നൈയിലെ റീജനൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ എസ്. ശ്രീകുമാർ, എയർപോർട്ട് ഡയറക്ടർ ശ്രീനിവാസ റാവു എന്നിവരുടെ നേതൃത്വത്തിലാണ് ടെർമിനൽ യാത്രക്കാർക്കായി തുറന്നു കൊടുത്തത്.
പുതിയ ടെർമിനലിന്റെ ഉദ്ഘാടനം കഴിഞ്ഞ മാസം 22ന് ഗവർണർ ജസ്റ്റിസ് പി. സദാശിവം നിർവഹിച്ചിരുന്നു. ഉദ്ഘാടനം കഴിഞ്ഞെങ്കിലും ടെർമിനൽ യാത്രക്കാർക്ക് പൂർണമായി തുറന്നു കൊടുത്തിരുന്നില്ല. ടെർമിനൽ തുറന്നതോടെ നിലവിലുളള ആഗമന ഹാൾ രാജ്യാന്തര യാത്രക്കാർക്ക് പുറപ്പെടാനുളള നിർഗമന ഹാളായി മാറി.