ജയപ്രദ ബി.ജെ.പിയിലേക്ക്, രാംപുരില്‍ മത്സരിച്ചേക്കും 

ന്യൂഡല്‍ഹി: പ്രശസ്ത നടി ജയപ്രദ ബി.ജെ.പിയിലേക്കെന്ന് റിപ്പോര്‍ട്ട്.പാര്‍ട്ടിയില്‍ അംഗത്വമെടുക്കുമെന്നും ജയപ്രദ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി ആകുമെന്നും ഉത്തര്‍പ്രദേശിലാകും മത്സരിക്കുകയെന്നും ദേശീയമാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 
നേരത്തെ സമാജ് വാദി പാര്‍ട്ടിയിലായിരിക്കെ രണ്ടുതവണ വിജയിച്ച ഉത്തര്‍പ്രദേശിലെ രാംപുരില്‍ നിന്നായിരിക്കും ജയപ്രദ മത്സരിക്കുകയെന്നാണ് വിവരം. സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാനാണ് ഇവിടെ ജയപ്രദയുടെ എതിര്‍സ്ഥാനാര്‍ഥി. നിലവില്‍ ബി.ജെ.പിയുടെ സിറ്റിങ് സീറ്റായ രാംപുരില്‍ ഡോ.നേപാല്‍ സിംഗാണ് എം.പി. എന്നാല്‍ ഇത്തവണ നേപാല്‍ സിംഗിന് പകരം സിനിമാതാരവും മുന്‍ എം.പി.യുമായ ജയപ്രദയെ മത്സരത്തിനിറക്കി മണ്ഡലം നിലനിര്‍ത്താമെന്നാണ് ബി.ജെ.പി.യുടെ പ്രതീക്ഷ.
തെലുങ്കുദേശം പാര്‍ട്ടിയിലൂടെയാണ് ജയപ്രദ രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. ചന്ദ്രബാബു നായിഡുവിന്റെ  വിശ്വസ്തയായി മാറിയ ജയപ്രദ ആന്ധ്രാപ്രദേശില്‍നിന്ന് രാജ്യസഭാംഗമായി. തെലുങ്ക് മഹിളാ സംഘടനയുടെ അധ്യക്ഷ പദവിയും വഹിച്ചു. പിന്നീട് ചന്ദ്രബാബു നായിഡുവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് ജയപ്രദ സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. 
ആന്ധ്രയില്‍ നിന്ന് ഉത്തര്‍പ്രദേശിലെത്തിയ അവര്‍ രണ്ടുതവണ രാംപുരില്‍നിന്ന് മത്സരിച്ച് ലോക്‌സഭാ അംഗമായി. ഇതിനിടെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ അസംഖാന്‍ തന്റെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്ന നടിയുടെ ആരോപണം ഏറെ വിവാദമായിരുന്നു. 
ഇതിനുപിന്നാലെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ട ജയപ്രദ അമര്‍സിംഗിനൊപ്പം ആര്‍.എല്‍.ഡിയില്‍ ചേര്‍ന്നു. 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജ്‌നോറില്‍ മത്സരിച്ചെങ്കിലും കടുത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നു.

Latest News