നയന്‍താരയ്‌ക്കെതിരെ ലൈംഗികച്ചുവയോടെ പരാമര്‍ശം; നടന്‍ രാധാ രവിയെ ഡിഎംകെ പുറത്താക്കി

ചെന്നൈ- ഒരു സിനിമാ ചടങ്ങിനിടെ നടി നയന്‍താരയ്‌ക്കെതിരെ പരസ്യമായി ലൈംഗിച്ചുവയോടെ സംസാരിച്ച നടന്‍ രാധാ രവിയെ പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്നും എല്ലാ ചുമതലകളില്‍ നിന്നും നീക്കിയതായി ഡിഎംകെ അറിയിച്ചു. പാര്‍ട്ടിയുടെ അച്ചടക്കം ലംഘിച്ചതിനാണ് നടപടിയെന്ന് ഡിഎംകെ ജനറല്‍ സെക്രട്ടറി കെ. അന്‍പഴകന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. കൊലൈയുതിര്‍ കാലം എന്ന നയന്‍താരയുടെ പുതിയ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറക്കുന്ന ചടങ്ങില്‍ നടത്തിയ പ്രസംഗത്തിലാണ് രാധാ രവി മോശം പരാമര്‍ശങ്ങള്‍ നടത്തിയത്. നയന്‍താരയെ വിവിധ സിനിമകളില്‍ പ്രേതമായും സീതയായും അഭിനയിപ്പികകുന്നതിനെതിരെയാണ് നടത്തിയ പരാമര്‍ശത്തിലാണ് നടിക്കെതിരെ ലൈംഗികച്ചുവയുള്ള പരാമര്‍ശം രാധാ രവി നടത്തിയത്. 'മുന്‍കാലങ്ങളില്‍ കെ ആര്‍ വിജയയെ പോലുള്ള നടിമാരാണ് ദേവിമാരുടെ വേഷം ചെയ്തിരുന്നത്. മുഖത്തു നോക്കിയാല്‍ പ്രാര്‍ത്ഥിക്കാന്‍ തോന്നുന്നവരെയാണ് ദേവിയായി അഭിനിയിപ്പിക്കേണ്ടത്. എന്നാല്‍ ഇപ്പോള്‍ കണ്ടാല്‍ കൂട്ടിനു വിളിക്കാന്‍ ആഗ്രഹിക്കുന്നവരെയാണ് ഈ വേഷത്തില്‍ അഭിനയിപ്പി്ക്കുന്നത്' എന്നായിരുന്നു രാധാ രവിയുടെ പരാമര്‍ശം. നയന്‍താരയുടെ അഭാവത്തിലായിരുന്നു ഇത്. നയന്‍താരെ ലേഡ് സൂപ്പര്‍ സ്റ്റാര്‍ എന്നു വിളിക്കുന്നതിനെയും അദ്ദേഹം വിമര്‍ശിച്ചു.

ഇതിനെതിരെ സിനിമാ രംഗത്തുള്ളവരില്‍ നിന്നു തന്നെ രാധാ രവിക്കെതിരെ കടുത്ത വിമര്‍ശനം കഴിഞ്ഞ ദിവസം ഉയര്‍ന്നിരുന്നു. സമുഹ മാധ്യമങ്ങളിലും രൂക്ഷമായ പ്രതിഷേധമുണ്ടായി. രവിക്കെതിരെ നടപടി ഉണ്ടാകുമെന്നും ഇത്തരം പരാമര്‍ശങ്ങള്‍ പാര്‍ട്ടിയില്‍ അസ്വീകാര്യമാണെന്നും ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കുന്ന പാര്‍ട്ടിയാണ് ഡിഎംകെ എന്നും അദ്ദേഹം പറഞ്ഞിരുന്നു.
 

Latest News