രോഗിയായ സ്ത്രീയെ ആശുപത്രി ജീവനക്കാര്‍ ഐസിയുവിനുള്ളില്‍ കൂട്ടബലാല്‍സംഗം ചെയ്തു

മീറത്ത്- ഉത്തര്‍ പ്രദേശിലെ മീറത്തിലെ ഒരു ആശുപത്രിയില്‍ ശ്വാസ തടസ്സം മൂലം ഐസിയുവില്‍ പ്രവേശിപ്പിച്ച സ്ത്രീയെ ഒരു സംഘം ജീവനക്കാര്‍ ചേര്‍ന്ന് കൂട്ടബലാല്‍സംഗം ചെയ്തു. ഞായറാഴ്ച നടന്ന സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ചു പേരെ പോലീസ് പിടികൂടി ചോദ്യം ചെയ്തു വരികയാണ്. ഐസിയുവിനുള്ളില്‍ ഇന്‍ജെക്ഷന്‍ നല്‍കി മയക്കിയാണ് പീഡനത്തിനിരയാക്കിയതെന്ന് യുവതിയുടെ ഭര്‍ത്താവ് ആരോപിച്ചു. മൂന്ന് പേര്‍ ചേര്‍ന്നാണ് ഇതു ചെയ്തതെന്നും അദ്ദേഹം പോലീസിനു മൊഴി നല്‍കി. ആശുപത്രി ജീവനക്കാരാണ് പീഡിപ്പിച്ചതെന്ന് യുവതി പരാതിപ്പെട്ടതായി മുതിര്‍ന്ന പോലീസ് ഓഫീസര്‍ ഹരിമോഹന്‍ സിങ് പറഞ്ഞു.

പീഡനം നടന്നെന്ന് സംശയിക്കപ്പെടുന്ന സമയത്ത് ഐസിയുവിലെ സിസിടിവി കാമറ ഓഫ് ചെയ്ത നിലയിലായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. കേസെടുത്ത പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
 

Latest News