വാഷിംഗ്ടണ്‍- പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പാക്കുന്നതിന് റോണള്‍ഡ് ട്രംപ് റഷ്യക്കാരുമായി രഹസ്യ ബാന്ധവം ഉണ്ടാക്കിയെന്ന ആരോപണത്തില്‍ തെളിവുകള്‍ ലഭിച്ചില്ലെന്ന് പ്രത്യേക അഭിഭാഷന്‍ റോബര്‍ട്ട് മ്യൂള്ളര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 2016 ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രസിഡന്റ് ട്രംപോ അദ്ദേഹത്തിന്റെ കാമ്പയിന് ചുക്കാന്‍ പിടിച്ചവരോ റഷ്യക്കാരുമായി ഗൂഡാലോന നടത്തിയോ എന്നാണ് 22 മാസമെടുത്ത് മ്യൂള്ളര്‍ പ്രധാനമായും അന്വേഷിച്ചത്. ഇക്കാര്യത്തില്‍ അന്വേഷണം തടയാന്‍ ട്രംപ് നടത്തിയ ശ്രമങ്ങളും അന്വേഷണ പരിധിയില്‍വന്നു.
ട്രംപിനെതിരായ ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് വ്യക്തമാക്കിയെങ്കിലും റിപ്പോര്‍ട്ടില്‍ ട്രംപിനെ പൂര്‍ണമായി കുറ്റവിമുക്തനാക്കിയിട്ടില്ല.
പ്രസിഡന്റ് കുറ്റം ചെയ്തുവെന്ന് നിഗമനത്തിലെത്തുന്നില്ലെന്ന് മാത്രമല്ല, അദ്ദേഹത്തെ കുറ്റവിമുക്തനാക്കുന്നില്ലെന്നുമാണ് മ്യുള്ളര്‍ വ്യക്തമാക്കിയിരിക്കുന്നതെന്ന് അറ്റോര്‍ണി ജനറല്‍ വില്യം ബാര്‍ പറഞ്ഞു.
കേസില്‍ നീതി നടപ്പിലാകുന്നത് തടയാന്‍ പ്രസിഡന്റ് ഇടപെട്ടുവെന്നതിനുള്ള തെളിവുകളുമില്ലെന്നാണ് താനും ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ റോഡ് റോസന്‍സ്‌റ്റെയിനും അന്വേഷണറിപ്പോര്‍ട്ടില്‍നിന്ന് മനസ്സിലാക്കുന്നതെന്ന് അറ്റോര്‍ണി ജനറല്‍ പറഞ്ഞു.
തന്നെ പൂര്‍ണമായും കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ടാണിതെന്ന് പ്രസിഡന്റ് ട്രംപ് അവകാശപ്പെട്ടു.






