വയനാട്ടില്‍ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധിയില്‍ സമ്മര്‍ദം തുടരുന്നു

ന്യൂദല്‍ഹി- കേരളത്തില്‍ മത്സരിക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചെങ്കിലും രാഹുലിനെ വയനാട്ടില്‍ മത്സരിപ്പിക്കാനുള്ള ശ്രമം കേരളത്തിലെ നേതാക്കള്‍  തുടരുന്നു. രാഹുല്‍ ഗാന്ധി ഇന്ന് തീരുമാനമെടുക്കുമെന്നാണ് ഈ നേതാക്കള്‍ പറയുന്നത്.
അതിനിടെ, വയനാട്ടില്‍ ആരു മത്സരിക്കണമെന്ന കാര്യത്തില്‍ മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ധാരണയിലെത്താത്തതാണ് രാഹുലിന്റെ പേര് വലച്ചിഴക്കാന്‍ കാരണമെന്ന ആരോപണം ശക്തമാണ്. കേരളത്തില്‍ സി.പി.എമ്മിനെതിരെ മത്സരിക്കുന്നത് ദേശീയ രാഷ്ട്രീയത്തില്‍ തെറ്റായ സന്ദേശം നല്‍കുമെന്ന ഇടതു പാര്‍ട്ടികളുടെ അഭിപ്രായവും രാഹുല്‍ ഗാന്ധിക്ക് മുന്നിലുണ്ട്.

വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ അന്തിമ ഇന്നുണ്ടാകുമെന്ന് ഒരു വിഭാഗം നേതാക്കള്‍ പറയുന്നു. യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ വീട്ടില്‍ നടന്ന ചര്‍ച്ചയില്‍ രാഹുല്‍ അനുകൂലമായി പ്രതികരിച്ചെന്നാണു സൂചന.
ഇന്നു ചേരുന്ന പ്രവര്‍ത്തകസമിതി യോഗത്തില്‍ ധാരണയുണ്ടായാല്‍  കേന്ദ്ര തെരഞ്ഞെടുപ്പു സമിതി യോഗം ചേര്‍ന്ന് അന്തിമ തീരുമാനം കൈക്കൊള്ളും.

വയനാട് പോലെ സുരക്ഷിതമായ മണ്ഡലത്തില്‍ മത്സരിച്ചാല്‍ രാജ്യത്തെ മറ്റിടങ്ങളില്‍ പ്രചാരണത്തിനു കൂടുതല്‍ സമയം ലഭിക്കുമെന്നതാണു രാഹുലിനോട് കേരളത്തിലെ നേതാക്കള്‍ ചൂണ്ടിക്കാണിച്ചിരുന്നത്. വയനാട്ടില്‍ മാത്രം മത്സരിക്കുന്നതും ചര്‍ച്ചയായെങ്കിലും അമേത്തിയിലും രാഹുല്‍ മത്സരിക്കണമെന്ന അഭിപ്രായത്തിലാണ് യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി.

അതിനിടെ, വയനാട്ടില്‍ മത്സരിക്കുന്നതു ദേശീയ രാഷ്ട്രീയത്തില്‍ തെറ്റായ സന്ദേശം നല്‍കുമെന്നു ചൂണ്ടിക്കാട്ടി രാഹുലിന് എഐസിസി ഭാരവാഹി പി.സി. ചാക്കോ കുറിപ്പ് നല്‍കി. തെരഞ്ഞെടുപ്പിനുശേഷം ഒപ്പം നില്‍ക്കേണ്ട ഇടതുപക്ഷത്തിനെതിരെ മത്സരിക്കുന്നതിലെ പ്രശ്‌നങ്ങളാണു അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ബി.ജെ.പിക്കു പകരം സി.പി.എമ്മാണു മുഖ്യ എതിരാളിയെന്ന സന്ദേശമായിരിക്കും ഇതിലൂടെ കോണ്‍ഗ്രസ് നല്‍കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള തുടങ്ങിയവര്‍ കുറ്റപ്പെടുത്തി.

 

Latest News