കാര്‍ത്തി ചിദംബരത്തിന് ശിവഗംഗ മണ്ഡലം

ചെന്നൈ- അഭ്യൂഹങ്ങള്‍ക്കൊടുവില്‍ തമിഴ്‌നാട്ടിലെ  ശിവഗംഗ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിയെ പ്രഖ്യാപിച്ചു. ഡി.എം.കെ മുന്നണിയില്‍ കോണ്‍ഗ്രസിന് അനുവദിച്ച 10 സീറ്റില്‍ ശിവഗംഗ ഒഴിച്ചുള്ള സീറ്റുകളിലേക്ക് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്  അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ചിദംബരത്തിന്റെ  സമ്മര്‍ദഫലമായാണ് കാര്‍ത്തി സ്ഥാനാര്‍ഥിയായതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
1984 മുതല്‍ ചിദംബരം വിജയിച്ച മണ്ഡലമാണിത്.  2014ല്‍ കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിച്ചപ്പോള്‍ ചിദംബരം മകന്‍ കാര്‍ത്തിക്ക് അവസരം കൊടുത്തു. മത്സരത്തില്‍ കാര്‍ത്തി നാലാം സ്ഥാനത്തായി. എന്‍ഫോഴ്‌സ്മന്റെ് ഡയറക്ടറേറ്റ്, ആദായനികുതി വകുപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകളില്‍ കുരുങ്ങിക്കിടക്കുന്നതിനിടെയാണ് വീണ്ടും ജനവിധി തേടുന്നത്. അണ്ണാ ഡി.എം.കെ മുന്നണി സ്ഥാനാനാര്‍ഥിയായ ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്. രാജയാണ് മുഖ്യ എതിരാളി.
വിവിധ സംസ്ഥാനങ്ങളിലെ പത്ത് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് ഒമ്പതാം പട്ടികയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ദക്ഷിണേന്ത്യയില്‍ രാഹുലിനെ പരിഗണിച്ച മറ്റു മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. രാഹുലിനെ പരിഗണിച്ചിരുന്ന ബംഗളൂരു സൗത്തില്‍ ബി.കെ.ഹരിപ്രസാദാണ് സ്ഥാനാര്‍ഥി. കാര്‍ത്തി ചിദംബരം മത്സരിക്കുന്ന ശിവഗംഗയിലും രാഹുലിന്റെ പേര് പറഞ്ഞു കേട്ടിരുന്നു.

 

Latest News