ഫേസ് ബുക്ക്, ഗൂഗിള്‍ കമ്പനികളില്‍നിന്ന് പണം തട്ടിയ കേസില്‍ ലിത്വാനിയക്കാരന്‍ കുറ്റം സമ്മതിച്ചു.
ന്യൂയോര്‍ക്ക്- ഫേസ് ബുക്കിലേയും ഗൂഗിളിലേയും ജീവനക്കാരെ കബളിപ്പിച്ച് 121 ദശലക്ഷം ഡോളര്‍ തട്ടിയ കേസില്‍ ലിത്വാനിയക്കാരന്‍ കുറ്റം സമ്മതിച്ചു. വ്യാജ അക്കാണ്ടുകളുണ്ടാക്കി അതിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനുള്ള തട്ടിപ്പ് വിദ്യ വികസിപ്പിക്കാന്‍ സഹായിച്ചുവെന്നാണ് എവള്‍ദാസ് റിമാസൗസ്‌കാസ് എന്ന 50 കാരന്‍ യു.എസ് ഡിസ്ട്രിക്ട് ജഡ്ജി ജോര്‍ജ് ഡാനിയല്‍ മുമ്പാകെ സമ്മതിച്ചത്. 2017 ല്‍ ഓഗസ്റ്റില്‍ അമേരിക്കക്കു കൈമാറി കിട്ടിയ പ്രതിക്ക് 30 വര്‍ഷം ജയില്‍ശിക്ഷ ലഭിക്കുമെന്നാണ് കരുതുന്നത്. ജൂലൈ 24-നാണ് ശിക്ഷ വിധിക്കുക.
സാങ്കേതിക രംഗത്തെ രണ്ട് വന്‍കിട കമ്പനികളിലെ ജീവനക്കാര്‍ക്ക് വ്യാജ ഇ മെയില്‍ അയക്കാനുള്ള പദ്ധതിക്ക് പ്രതിയും അജ്ഞാതരായ ഏതാനും പേര്‍ ചേര്‍ന്ന് രൂപം നല്‍കുകയായിരുന്നു.
തായ്‌വാന്‍ ഹാര്‍ഡ് വെയര്‍ നിര്‍മാതാക്കളായ ക്വാണ്ട കംപ്യൂട്ടറിന്റെ പ്രതിനിധികളായാണ് ഇവര്‍ അഭിനയിച്ചത്. കമ്പനി ക്വാണ്ടക്ക് നല്‍കാനുള്ള പണം തങ്ങളുടെ നിയന്ത്രണത്തിലുള്ള ബാങ്ക് അക്കൗണ്ടുകള്‍ നല്‍കി അതിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു.
തട്ടിപ്പ് യഥാസമയം കണ്ടെത്താന്‍ കഴിഞ്ഞതിനാല്‍ നഷ്ടമായ പണം തിരിച്ചുപിടിക്കാന്‍ സാധിച്ചുവെന്ന് ഗൂഗിള്‍ അറിയിച്ചു. ഫേസ് ബുക്കിനും വലിയൊരു ശതമാനം തുക തിരികെ ലഭിച്ചു.