കോട്ടയം - രാഹുൽ ഗാന്ധിയുടെ കേരളത്തിൽ മത്സരിക്കാനുളള നീക്കത്തിലും വിവാദത്തിന്റെ വഴിമരുന്നിട്ട് കോൺഗ്രസിലെ ഒരു വിഭാഗം. കേരളത്തിലും മത്സരിക്കാനുളള നീക്കം പുറത്തു വന്നതോടെ പാർലമെന്ററി രാഷ്ട്രീയത്തിൽനിന്നു തൂത്തെറിയപ്പെട്ട നേതാക്കളാണ് അസ്വസ്ഥരായി പൊട്ടിത്തെറിച്ചത്.
പാർലമെന്റ് തെരഞ്ഞെടുപ്പിൽ വർഷങ്ങളായി എങ്ങനെയും സീറ്റ് തരപ്പെടുത്തിയിരുന്ന മൂന്നു സീനിയർ നേതാക്കളെ ഇക്കുറി ഒതുക്കിയിരുന്നു. കേരളത്തിലെ കോൺഗ്രസ് നേതൃത്വം ഇക്കാര്യം മണത്തറിഞ്ഞ് ആദ്യം പ്രതികരിച്ചതോടെ ഇന്ദ്രപ്രസ്ഥം കേന്ദ്രീകരിച്ച് പതിറ്റാണ്ടുകളായി പ്രവർത്തിച്ച ഈ ലോബി ഞെട്ടിത്തെറിച്ചു. ടെൻത് ജനപഥിലെ ആസ്ഥാന നേതാക്കളായിരുന്ന ഇവരെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ സർവേയിൽ വിജയ സാധ്യത ഇല്ലാത്തവരാണെന്ന് കണ്ടെത്തിയതോടെയാണ് തൽക്കാലത്തേക്ക് മാറ്റിയത്. കോൺഗ്രസ് ദേശീയ നേതൃത്വം ഒറ്റക്കും രാജ്യാന്തര ഏജൻസി പിന്നീടും നടത്തിയ പഠനത്തെ തുടർന്നാണ് രാഹുലിന് തെക്കേ ഇന്ത്യയിൽ സുരക്ഷിത മണ്ഡലം കേരളത്തിലെ വയനാട് ആണെന്ന് കണ്ടെത്തിയത്. പക്ഷേ ഇക്കാര്യം ഈ സീനിയർ നേതാക്കളെ അറിയിച്ചിരുന്നില്ല.
തെക്കേയിന്ത്യയിൽ മത്സരിക്കുന്ന കോൺഗ്രസിന് 100 എന്ന മാജിക് നമ്പറിലെത്താൻ വേഗം സഹായിക്കുമെന്ന നിലപാട് ആദ്യം ധരിപ്പിച്ചത് കേരളത്തിലെ നേതാക്കളാണ്. കർണാടകയിലും തമിഴ്‌നാട്ടിലും കോൺഗ്രസ് മത്സരിക്കുന്നുണ്ടെങ്കിലും അത് സഖ്യകക്ഷികൾക്കൊപ്പമാണ്. തമിഴ്‌നാട്ടിൽ ഡി.എം.കെ മുന്നണിയോട് ചേർന്നും കർണാടകയിൽ ജനതാദളിന്റെ സഖ്യത്തിലുമാണ്. അവിടെ 20 സീറ്റുകളിലാണ് മത്സരിക്കുന്നത്. തമിഴ്‌നാട്ടിൽ ഒൻപത് സീറ്റുകളിലും. തെലങ്കാനയിലും ആന്ധ്രയിലും കോൺഗ്രസിന് സുരക്ഷിത മണ്ഡലമില്ല. ചന്ദ്രബാബു നായിഡുവും ചന്ദ്രശേഖർ റാവുവും ദേശീയ രാഷ്ട്രീയത്തിൽ ഏറെ താൽപര്യമുളള നേതാക്കളാണ്. ഇരുവരും തങ്ങളുടെ സംസ്ഥാനങ്ങളിൽ കോൺഗ്രസിനെ പടികടത്താനുളള നീക്കത്തിലുമാണ്.
കേരളത്തിൽ കോൺഗ്രസ് നയിക്കുന്ന മുന്നണിയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇതാണ് ദേശീയ നേതൃത്വത്തെ ഏറെ ആകർഷിച്ച ഘടകം. തമിഴ്‌നാട്ടിൽ കന്യാകുമാരി മണ്ഡലത്തിൽ രാഹുൽ മത്സരിക്കുമെന്നായിരുന്നു സൂചന. പക്ഷേ ഇവിടെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. കർണാടകയിൽ രണ്ടു സീറ്റുകൾ മത്സര യോജ്യമെന്ന് കണ്ടെത്തിയിരുന്നു. പക്ഷേ ഈ സീറ്റുകൾ എല്ലാം രാജ്യാന്തര ഏജൻസിയുടെ അന്തിമ പഠനത്തിന് വിധേയമായപ്പോൾ വയനാടിനാണ് മുൻതൂക്കം വന്നത്. തുടർന്നാണ് ഹൈക്കമാന്റ് കെ.പി.സി.സിയോട് ഇക്കാര്യം അറിയിച്ചത്. തുടർന്നാണ് രാഹുലിനെ മത്സരിപ്പിക്കണമെന്ന് കോൺഗ്രസ് കേരള ഘടകത്തിലെ എല്ലാ നേതാക്കളും ഒരേ സ്വരത്തിൽ ആവശ്യപ്പെട്ടത്.
പ്രതിപക്ഷ നിരയിലെ സഖ്യകക്ഷികൾക്ക് മേധാവിത്വമുളള സംസ്ഥാനങ്ങളിൽ വീതം വെച്ചു ലഭിക്കുന്ന സീറ്റിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നതിനേക്കാൾ നല്ലത് കോൺഗ്രസ് നയിക്കുന്ന മുന്നണി ഉളള സംസ്ഥാനത്ത് മതി എന്ന അഭിപ്രായം ശക്തമായിരുന്നു. കർണാടകയോടും തമിഴ്‌നാടിനോടും അതിർത്തി പങ്കിടുന്ന വയനാട്ടിലെ സാന്നിധ്യം കർണാടകയിലെ 20 സീറ്റുകളിലും പ്രതിഫലിക്കുമെന്നായിരുന്നു കണക്കുകൂട്ടൽ. രാഹുൽ ഗാന്ധിയുടെ കേരളത്തിലെ സാന്നിധ്യം കോൺഗ്രസ് മത്സരിക്കുന്ന 16 സീറ്റുകളിലും അനുകൂല തരംഗം സൃഷ്ടിക്കുമെന്നും കണക്കുകൂട്ടുന്നു. അതേസമയം രാഹുൽ ഗാന്ധിയുടെ കേരളത്തിലേക്കുളള വരവ് വളരെ ആശങ്കയോടെയാണ് സി.പി.എം, ബി.ജെ.പി കക്ഷികൾ കാണുന്നത്. രാഹുൽ വന്നാൽ ശബരിമലയും അതിന്റെ പേരിലുളള വോട്ട് രാഷ്ട്രീയത്തിനും പ്രസക്തി കുറയും. സി.പി.എം ഏറെ പ്രതീക്ഷയർപ്പിക്കുന്ന മതന്യൂനപക്ഷ വോട്ടുകൾ കോൺഗ്രസ് ക്യാമ്പിലെത്തും. രാഹുലിന്റെ വരവിനെതിരെ സി.പി.എം-സി.പി.ഐ കക്ഷികൾ ഒറ്റക്കെട്ടായി രംഗത്ത് വന്നതിനും ഇതാണ് കാരണം. കോൺഗ്രസിലെ മുൻ തലമുറ നേതാക്കളും സി.പി.എം പോലുളള കക്ഷികളും പ്രകടിപ്പിച്ച വികാരം ദേശീയ നേതൃത്വം കണക്കിലെടുക്കുമോ എന്നാണ് രാഷ്ട്രീയ നീരീക്ഷകർ ഉറ്റുനോക്കുന്നത്.






