Sorry, you need to enable JavaScript to visit this website.

ബന്ധുക്കൾ, ശത്രുക്കൾ; എം.ജി.ആറിന്റെയും ജയലളിതയുടെയും മണ്ഡലത്തിൽ ചേട്ടനും അനുജനും നേർപോര്

മക്കളെയും ബന്ധുക്കളെയും രാഷ്ട്രീയത്തിലെ അനന്തരാവകാശികളായി വളർത്തിക്കൊണ്ടുവരുന്ന തമിഴ്‌നാട്ടിൽ ഒരേ കുടുംബത്തിൽനിന്ന് വ്യത്യസ്ത പാർട്ടികളുടെ തലപ്പത്തെത്തിയവർ ധാരാളമുണ്ട്. തമിഴ്‌നാട്ടിലെ ആണ്ടിപ്പട്ടി നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ പോരടിക്കുന്നത് സഹോദരന്മാർ തമ്മിലാണ്. എ. ലോഹിരാജനും എ. മഹാരാജനും ഇവിടെ നേരിട്ട് ഏറ്റുമുട്ടുന്നു. ജ്യേഷ്ഠൻ മഹാരാജൻ ഡി.എം.കെ സ്ഥാനാർഥിയാണ്. അനുജൻ ലോഹിരാജൻ എ.ഐ.എ.ഡി.എം.കെ സ്ഥാനാർഥിയും. 
അറുപത്താറുകാരനായ മഹാരാജൻ 1973 മുതൽ ഡി.എം.കെ അംഗമാണ്. മഹാരാജന്റെ പേര് സ്ഥാനാർഥിയായി പ്രഖ്യാപിക്കപ്പെട്ടതോടെ പ്രദേശത്ത് വലിയ ആഹ്ലാദ പ്രകടനമാണുണ്ടായത്. എന്നാൽ അറുപതുകാരനായ അനുജൻ ലോഹിരാജനെ എ.ഐ.എ.ഡി.എം.കെ സ്ഥാനാർഥിയായി നിർത്തിയത് കുടുംബത്തിന് വലിയ ഷോക്കായി. 
അനുജനെതിരെ മത്സരിക്കേണ്ടി വന്നത് വലിയ വേദനയുണ്ടാക്കുന്നുവെന്ന് മഹാരാജൻ പറഞ്ഞു. ഞങ്ങൾ കൂട്ടുകുടുംബമായി സ്‌നേഹത്തോടെ കഴിയുന്നവരാണ്. അതുകൊണ്ട് തന്നെ ഈ തീരുമാനം ദഹിക്കുന്നില്ല. പക്ഷേ പാർട്ടി ആദ്യമായി എനിക്ക് അവസരം തന്നതിനാൽ പൊരുതുകയല്ലാതെ നിർവാഹമില്ല. ദൈവം നമ്മെ രക്ഷിക്കട്ടെ -ജ്യേഷ്ഠൻ പറഞ്ഞു. 
പിതാവിന്റെ ജയത്തിനായി പ്രവർത്തിക്കുമെന്നും എന്നാൽ കുടുംബത്തിൽ വിള്ളലുണ്ടാക്കരുതെന്നാണ് ആഗ്രഹമെന്നും മഹാരാജന്റെ മകൻ സേതുരാജ പറഞ്ഞു. 
1986 ലാണ് ലോഹിരാജ എ.ഐ.എ.ഡി.എം.കെയിൽ ചേർന്നത്. ജ്യേഷ്ഠനെതിരെ മത്സരിക്കുന്നതിൽ പ്രയാസമില്ലെന്നാണ് അനുജന്റെ നിലപാട്. പാർട്ടിയുടെ തീരുമാനമാണ് ഇത്. എതിരാളിയായി ഉള്ളത് ജ്യേഷ്ഠനാണെന്നതൊന്നും പ്രശ്‌നമല്ല -ലോഹിരാജ പറഞ്ഞു. ഉപമുഖ്യമന്ത്രി ഒ. പനീർശെൽവത്തിന്റെ വലങ്കൈയാണ് ലോഹിരാജൻ. പുതിയ കക്ഷിയായ അമ്മ മക്കൾ മുന്നേറ്റ കഴകത്തിന്റെ പ്രതിനിധിയായി തങ്ക തമിൾസെൽവനും മത്സരിക്കുന്നുണ്ട്. മൂന്ന് സ്ഥാനാർഥികളും പിരമളൈ കല്ലാർ സമുദായക്കാരാണ്. 
ജയലളിത മത്സരിച്ചിരുന്ന മണ്ഡലമാണ് ആണ്ടിപ്പട്ടി. 1984 ൽ അമേരിക്കയിൽ ചികിത്സയിൽ കഴിയവേ എം.ജി രാമചന്ദ്രനെ മണ്ഡലം ജയിപ്പിച്ചുവിട്ടിട്ടുണ്ട്.
തൂത്തുക്കുടി ലോക്‌സഭാ മണ്ഡലത്തിൽ മത്സരിക്കുന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് തമിളിസൈ സൗന്ദരരാജനും കുടുംബത്തിന്റെ എതിർപ്പ് മറികടന്ന് രാഷ്ട്രീയത്തിലെത്തിയ ആളാണ്. കോൺഗ്രസ് നേതാവ് കുമരി അനന്തന്റെ മകളാണ് തമിളിസൈ. തമിളിസൈയുടെ അമ്മാവൻ എച്ച്. വസന്തകുമാർ കോൺഗ്രസ് എം.എൽ.എയാണ്. ഡോക്ടറായി സേവനമനുഷ്ഠിക്കുന്ന കാലത്താണ് തമിളിസൈ ബി.ജെ.പിയിൽ ചേർന്നത്. ബി.ജെ.പിയിലെ പുതുതലമുറ നേതാക്കളിലൊരാളായി പത്രങ്ങളിൽ വാർത്ത വന്നപ്പോഴാണ് മകളുടെ രാഷ്ട്രീയം കുമരി അനന്തൻ മനസ്സിലാക്കുന്നത്. ആറു മാസത്തോളം ഇരുവരും മിണ്ടിയില്ല. രാഷ്ട്രീയം ഇരുവരെയും അകറ്റിയെങ്കിലും നിലപാടിൽനിന്ന് മാറാൻ അച്ഛനും മകളും തയാറായില്ല. 
ഒരു കാലത്ത് ഇ.വി.കെ.എസ് ഇളങ്കോവൻ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്നപ്പോൾ മാതാവ് സുലോചന സമ്പത്ത് എ.ഐ.എ. ഡി.എം.കെയിൽ ജയലളിതയുടെ അടുപ്പക്കാരിയായിരുന്നു. ജയലളിതയെ ഇളങ്കോവൻ രൂക്ഷമായി ആക്രമിച്ചപ്പോൾ അതിന് പത്രങ്ങളിലൂടെ മറുപടി നൽകിയത് അമ്മയായിരുന്നു. 
മദിരാശി പ്രവിശ്യയായിരുന്ന കാലത്ത് പി. സുബ്ബരായനായിരുന്നു ഭരണത്തലവൻ. അദ്ദേഹത്തിന്റെ മകൻ മോഹൻ കുമരമംഗലവും മകൾ പാർവതികൃഷ്ണനും കമ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളായി. സുബ്ബരായൻ ഭരിക്കുമ്പോൾ ഇരുവരും അറസ്റ്റ് ചെയ്യപ്പെട്ടു. മോഹൻ കുമരമംഗലം പിന്നീട് കോൺഗ്രസിൽ ചേർന്നു. ഇന്ദിരാ ഗാന്ധി മന്ത്രിസഭയിൽ മന്ത്രിയായി. കോയമ്പത്തൂരിൽനിന്ന് ലോക്‌സഭയിലെത്തിയ പാർവതി കൃഷ്ണൻ കമ്യൂണിസ്റ്റ് പാർട്ടിയിൽ തുടർന്നു. മോഹൻ കുമരമംഗലത്തിന്റെ മകൻ രംഗരാജൻ കുമരമംഗലം കോൺഗ്രസ് സർക്കാരിൽ കേന്ദ്ര മന്ത്രിയായിരുന്നു. പിന്നീട് ബി.ജെ.പിയിലെത്തി. വാജ്‌പേയി മന്ത്രിസഭയിൽ അംഗമായി. രംഗരാജന്റെ മകൻ മോഹൻ കുമരമംഗലം ഇപ്പോൾ കോൺഗ്രസിലാണ്. 2014 ൽ സേലം ലോക്‌സഭാ മണ്ഡലത്തിൽനിന്ന് മത്സരിച്ചിരുന്നു. 
എം.ജി.ആറിന്റെ അടുത്ത അനുയായി ആയിരുന്നു താമരക്കനി. ജയലളിതയുമായുള്ള അഭിപ്രായ ഭിന്നതയെത്തുടർന്ന് താമരക്കനി ഡി.എം.കെയിലേക്ക കൂറുമാറി. എന്നാൽ മകൻ ഇൻബറ്റാമിലൻ എ.ഐ.എ.ഡി.എം.കെയിൽ തുടർന്നു. പിതാവിനോടുള്ള രോഷം കാരണം അദ്ദേഹത്തിന്റെ ഇനിഷ്യൽ പേരിൽനിന്ന് ഒഴിവാക്കുകയും ചെയ്തു. 
 

Latest News