രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ വയനാട്ടിലേക്കില്ല

ന്യൂദല്‍ഹി- കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കില്ല. രാഹുല്‍ വയനാട്ടില്‍ മത്സരിക്കണമെന്ന ആവശ്യം ഉയരാന്‍ കാരണം കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലുള്ള വഴക്കാണെന്നും പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്യുന്നു. രാഹുല്‍ ഗാന്ധി ഇതുവരെ ഇക്കാര്യം ആലോചിക്കുകയോ ചര്‍ച്ച ചെയ്യുകയോ പോലും ചെയ്തിട്ടില്ല-റിപോര്‍ട്ട് പറയുന്നു. വയനാട്ടില്‍ ആരെ നിര്‍ത്തണമെന്നതു സംബന്ധിച്ച് കേരളത്തിലെ മുതിര്‍ന്ന നേതാക്കളായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും തമ്മില്‍ ഒരു അഭിപ്രായ ഐക്യത്തിലെത്താത്തതു കാരണമാണ് രാഹുലിന്റെ പേര് ഉയര്‍ന്നു വന്നത്. ബിജെപിയെ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നതിനു പകരം  കോണ്‍ഗ്രസ് ഇടതു പക്ഷത്തോടു പോരാടുന്നു എന്ന തെറ്റായ സന്ദേശം രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം നല്‍കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. അതിനിടെ, ഞായറാഴ്ച പുറത്തു വന്ന കോണ്‍ഗ്രസിന്റെ ഒമ്പതാം സ്ഥാനാര്‍ത്ഥി പട്ടികയിലും  കേരളത്തിലെ വയനാട്, വടകര മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാത്തത് ശ്രദ്ധിക്കപ്പെട്ടു.

രാഹുല്‍ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രചാരണത്തിന് ആക്കം കൂട്ടിയത് കേരളത്തിലെ നേതാക്കളുടെ പ്രസ്താവനകളാണ്. കേരളത്തില്‍ നിന്നുള്ള അഭ്യര്‍ത്ഥന പോസിറ്റീവായി പരിഗണിക്കുമെന്ന് കഴിഞ്ഞ ദിവസം പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജെവാല പറഞ്ഞിരുന്നു. എന്നാല്‍ രാഹുല്‍ ഇക്കാര്യം അംഗീകരിച്ചിട്ടുണ്ട് എന്ന രീതിയിലാണ് പ്രചാരണമുണ്ടായത്. രാഹുല്‍ എപ്പോഴും പറഞ്ഞിട്ടുള്ളത് തന്റെ കര്‍മഭൂമി അമേത്തി തന്നെയാണ് എന്നാണ്. കെപിസിസിയുടെ ഈ അപേക്ഷ രാഹുല്‍ പോസിറ്റീവായി പരിഗണിക്കും- എന്നാണ് സുര്‍ജെവാല പറഞ്ഞത്.

വയനാട്ടില്‍ രാഹുല്‍ മത്സരിക്കാന്‍ പോകുന്നുവെന്ന പ്രചാരണം മുഖ്യ എതിരാളിയായ ബിജെപിക്ക് നല്ല അവരസരമാണ് നല്‍കിയത്. അമേത്തിയില്‍ തോല്‍ക്കുമെന്ന ഭീതി മൂലമായണ് രാഹുല്‍ ദക്ഷിണേന്ത്യയില്‍ ജയം ഉറപ്പുള്ള സീറ്റു തേടി പോകുന്നതെന്ന പ്രചാരണം ബിജെപിയും അഴിച്ചു വിട്ടു. കേരളത്തില്‍ ഇടതു പക്ഷവും ഈ പ്രചാരണമാണ് നടത്തിയത്. അമേത്തിയില്‍ ഇത്തവണ തോല്‍ക്കുമെന്നതിനാല്‍ രാഹുല്‍ മറ്റു വഴികള്‍ നോക്കിക്കൊണ്ടിരിക്കുകയാണെന്ന് അമേത്തിയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ സ്മൃതി ഇറാനി പരിഹസിച്ചു. വയനാടിനെ ചൊല്ലിയുള്ള ഈ അനാവശ്യ വിവാദം ബിജെപിക്ക് അടിക്കാന്‍ വടികൊടുക്കലായി എന്ന് വിലയിരുത്തുന്ന നേതാക്കളും ഉണ്ട്.
 

Latest News