Sorry, you need to enable JavaScript to visit this website.

ഹിന്ദു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ സുഷമ സ്വരാജും പാക് മന്ത്രിയും തമ്മില്‍ വാക്ക്‌പോര്

ന്യൂദല്‍ഹി- ഹോളി ആഘോഷ ദിവസം പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ രണ്ടു ഹിന്ദു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയി മതം മാറ്റുകയും വിവാഹം കഴിപ്പിക്കുകയും ചെയ്‌തെന്ന റിപ്പോര്‍ട്ടിനെ ചൊല്ലി വിദേശകാര്യ മന്ത്രി സുഷമ സ്വരാജും പാക്കിസ്ഥാന്‍ മന്ത്രി ഫവാദ് ചൗധരിയും ട്വിറ്ററില്‍ വാക്ക്‌പോര്. കൗമാര പ്രായക്കാരം ഹിന്ദു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയെന്ന റിപോര്‍ട്ടുകളെ തുടര്‍ന്ന് സംഭവം അന്വേഷിക്കാന്‍ പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ ഞായറാഴ്ച ഉത്തരവിട്ടിരുന്നു. ഇതിനിടെയാണ് മന്ത്രി സുഷമ സ്വരാജ് സംഭവത്തില്‍ പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറില്‍ നിന്നും റിപോര്‍ട്ട് തേടിയത്. ഇതു പാക്കിസ്ഥാന്റെ ആഭ്യന്തര കാര്യമാണെന്നും ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുന്ന മോഡിയുടെ ഇന്ത്യയല്ലെന്ന് ഉറപ്പു നല്‍കുന്നുവെന്നുമായിരുന്നു പാക് മന്ത്രിയുടെ മറുപടി.

ഇതിനു അതേനാണയത്തില്‍ സുഷമയും മറുപടി നല്‍കി. പ്രായപൂര്‍ത്തിയാകാത്ത രണ്ടു ഹിന്ദു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയി ഇസ്ലാം മതത്തിലേക്ക് നിര്‍ബന്ധപരിവര്‍ത്തനത്തിന് വിധേയരാക്കിയ സംഭവത്തെ കുറിച്ച് ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറില്‍ നിന്ന് റിപോര്‍ട്ട് തേടുക മാത്രമാണ് താന്‍ ചെയ്തതെന്ന് സുഷമ വ്യക്തമാക്കി. നിങ്ങളെ അസ്വസ്ഥരാക്കാന്‍ ഇത്ര മതിയായിരുന്നു. ഇതു നിങ്ങളുടെ കുറ്റ ബോധമാണ് കാണിക്കുന്നതെന്നുമായിരുന്നു സുഷമയുടെ മറുപടി.

ഇതിനു വീണ്ടും മറുപടിയുമായി പാക് മന്ത്രി രംഗത്തെത്തി. 'മന്ത്രി മാഡം, മറ്റു രാജ്യങ്ങളിലെ ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഇന്ത്യന്‍ ഭരണകൂടത്തില്‍ ആളുണ്ട് എന്നറഞ്ഞിതില്‍ സന്തോഷമുണ്ട്. സ്വന്തം നാട്ടിലെ ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടിയും ഇതേ നിലപാടെടുക്കാന്‍ താങ്കളുടെ മനസ്സാക്ഷി താങ്കളെ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഗുജറാത്തും ജമ്മുവും നിങ്ങളെ അലട്ടേണ്ടതാണ്,'- പാക് മന്ത്രി ട്വീറ്റ് ചെയ്തു.

രവീണ (13), റീന (15) എന്നീ പെണ്‍കുട്ടികളെയാണ് സിന്ധിലെ ഘോട്കിയില്‍ ഇവരുടെ വീട്ടില്‍ നിന്നും ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടു പോയത്. ഇതിനു പിന്നാലെ തങ്ങള്‍ ഇസ്ലാം മതം സ്വീകരിച്ചതായി ഇവര്‍ പറയുന്ന വിഡിയോ പുറത്തു വന്നു. ഇവരുടെ നിക്കാഹ് നടത്തിക്കൊടുക്കുന്ന മറ്റൊരു ദൃശ്യവും പുറത്തു വന്നു. നിര്‍ബന്ധ മതപരിവര്‍ത്തനത്തിനെതിരെ ഹിന്ദു സമൂഹവും പാക് മാധ്യമങ്ങളും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തു വന്നതോടെ പ്രധാനമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.

Latest News