ചൗക്കിദാര്‍മാര്‍ സമ്പന്നര്‍ക്കു മാത്രം; യുപിയിലെ ബിജെപി സര്‍ക്കാരിനെതിരെ പ്രിയങ്ക

ലഖ്‌നൗ- ഉത്തര്‍ പ്രദേശിലെ ബിജെപി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. പാവപ്പെട്ട കര്‍ഷകരുടെ ആവശ്യം ചെവികൊള്ളാതെ സമ്പന്നര്‍ക്കു വേണ്ടി മാത്രമാണ് ചൗക്കിദാര്‍മാര്‍ ജോലി ചെയ്യുന്നതെന്ന് പ്രിയങ്ക പറഞ്ഞു. യുപിയില്‍ കരിമ്പു കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ള കുടിശ്ശിക തുക പതിനായിരം കോടി കവിഞ്ഞതായുളള വാര്‍ത്തയ്‌ക്കൊപ്പമാണ് പ്രിയങ്കയുടെ വിമര്‍ശന ട്വീറ്റ്. കരിമ്പു കര്‍ഷകരുടെ കുടുംബം രാവു പകലും അധ്വാനിക്കുന്നത് കണക്കിലെടുക്കുന്നില്ല. ഇവര്‍ക്ക് നല്‍കാനുള്ള കുടിശ്ശികയുടെ ഉത്തരവാദിത്തം പോലും യുപി സര്‍ക്കാര്‍ ഏറ്റെടുക്കുന്നില്ല- പ്രിയങ്ക പറഞ്ഞു.

ഈ 10,000 കോടി എന്നത് കര്‍ഷകരെ സംബന്ധിച്ച് അവരുടെ എല്ലാമാണ്. അവരുടെ മക്കളുടെ വിദ്യാഭ്യാസം, ഭക്ഷണം, ചികിത്സ, കൃഷി എല്ലാം സ്തംഭിച്ചിരിക്കുകയാണ്. ഈ ചൗക്കീദാര്‍മാര്‍ സമ്പന്നര്‍ക്കു വേണ്ടി മാത്രമാണ് നിലകൊള്ളുന്നത്. അവര്‍ പാവപ്പെട്ടവരെ ശ്രദ്ധിക്കുന്നുപോലുമില്ല- പ്രിയങ്ക പറഞ്ഞു.

കര്‍ഷകരില്‍ നിന്ന് കരിമ്പു വാങ്ങിച്ച് അതിന്റെ വില 14 ദിവസത്തികം സര്‍ക്കാര്‍ കര്‍ഷകര്‍ക്കു നല്‍കണമെന്നാണു വ്യവസ്ഥ. ഈ വര്‍ഷം 25000 കോടിയോളം രൂപയുടെ കരിമ്പ് കര്‍ഷകരില്‍ നിന്ന് വാങ്ങിയിട്ടുണ്ട്. ഈ ഇനത്തില്‍ കര്‍ഷകര്‍ക്കു നല്‍കാനുള്ള തുകയില്‍ 10000 കോടിയിലേറെ ഇനിയും വിതരണം ചെയതിട്ടില്ല. ഇതാണ് പ്രിയങ്ക ചൂണ്ടിക്കാട്ടിയത്. സംസ്ഥാനത്ത് പലയിടത്തും കരിമ്പു കര്‍ഷകര്‍ക്ക് നിര്‍ണായക സ്വാധീനമുണ്ട്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കരിമ്പു കര്‍ഷകര്‍ക്ക് ബിജെപി പല വാഗ്ദാനങ്ങളും നല്‍കിയിരുന്നു.

Latest News