Sorry, you need to enable JavaScript to visit this website.

ഇസ്ലാമോഫോബിയ: മാർച്ച് 15 ഐക്യദാർഢ്യ ദിനമായി ആചരിക്കണമെന്ന് ഒ.ഐ.സി

ജിദ്ദ - ഇസ്‌ലാമോഫോബിയക്കെതിരായ ആഗോള ഐക്യദാർഢ്യ ദിനമായി മാർച്ച് 15 ആചരിക്കണമെന്ന് ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപറേഷൻ ആവശ്യപ്പെട്ടു. ന്യൂസിലാന്റിലെ ക്രൈസ്റ്റ്ചർച്ചിൽ രണ്ടു മസ്ജിദുകളിലുണ്ടായ ഭീകരാക്രമണത്തിൽ 50 പേർ കൊല്ലപ്പെട്ട മാർച്ച് 15 ഇസ്‌ലാമോഫോബിയക്കെതിരായ ആഗോള ഐക്യദാർഢ്യ ദിനമായി ആചരിക്കണമെന്നാണ് ഒ.ഐ.സി എക്‌സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടത്. ലോകത്തെങ്ങും വംശീയ വെറിയും ഇതിന്റെ ഫലമായ ഭീകരതയും വർധിച്ചുവരുന്നതിൽ ഒ.ഐ.സി കടുത്ത ആശങ്ക പ്രകടിപ്പിച്ചു. വ്യാജ ചരിത്രവും സംസ്‌കാരങ്ങൾ തമ്മിലുള്ള സാങ്കൽപിക സംഘട്ടനവും നിരത്തി, ഇസ്‌ലാമിക രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്കെതിരെ ഭീകരതയും വിദ്വേഷവും ശത്രുതയും പ്രേരിപ്പിക്കുന്നത് ലോക രാജ്യങ്ങൾക്കിടയിലും ജനവിഭാഗങ്ങൾക്കിടയിലും ഭാവിയിൽ സമാധാനവും അനുരഞ്ജനവും അസാധ്യമാക്കും. 
ക്രൈസ്റ്റ്ചർച്ച് ഭീകരാക്രമണത്തെ ന്യൂസിലാന്റ് ഗവൺമെന്റ് ശങ്കക്കിടമില്ലാത്തവിധം അപലപിച്ചതിനെ, വിശിഷ്യാ ന്യൂസിലാന്റ് പ്രധാനമന്ത്രി സ്വീകരിച്ച ശക്തമായ നിലപാടിനെ ഒ.ഐ.സി പ്രശംസിച്ചു. സംഭവത്തിൽ സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്തുന്നതിന് ന്യൂസിലാന്റ് ഗവൺമെന്റ് സ്വീകരിച്ച നടപടികളെ പൂർണ തോതിൽ പിന്തുണക്കുന്നു. നന്നായി ഗൃഹപാഠം നടത്തിയാണ് മസ്ജിദുകളിൽ ഭീകരാക്രമണം നടത്തിയത് എന്ന കാര്യം വ്യക്തമാണ്. ഭീകരർ പരസ്യപ്പെടുത്തിയ നീചമായ പദ്ധതി ഇതാണ് വ്യക്തമാക്കുന്നത്. ഇസ്‌ലാം വിദ്വേഷത്തിന്റെ മൃഗീയവും അമാനവികവുമായ പ്രത്യാഘാതങ്ങളാണ് മസ്ജിദുകൾക്കും ഇസ്‌ലാമിക് സെന്ററുകൾക്കും എതിരായ ആക്രമണങ്ങളും മുസ്‌ലിംകളുടെ കൂട്ടക്കുരുതിയും ഒരിക്കൽ കൂടി വ്യക്തമാക്കുന്നത്. ഇസ്‌ലാം വിദ്വേഷമെന്ന വിഷ വിത്തിനെ ചെറുക്കുന്നതിന് ശക്തവും സമഗ്രവും വ്യവസ്ഥാപിതവുമായ മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യമാണ് ഇത് എടുത്തുകാട്ടുന്നത്. മുഴുവൻ മുസ്‌ലിംകളുടെയും മതസ്വാതന്ത്ര്യം ലോകത്തെ എല്ലാ രാജ്യങ്ങളും മാനിക്കണം. മുസ്‌ലിംകളുടെ അടിസ്ഥാന അവകാശങ്ങൾക്കും മനുഷ്യാവകാശങ്ങൾക്കും നിയന്ത്രങ്ങളേർപ്പെടുത്തരുത്. 
തീവ്രവാദത്തിന്റെയും ഭീകരതയുടെയും പേരിൽ ഇസ്‌ലാമിന്റെ അടിസ്ഥാന തത്വങ്ങളും അധ്യാപനങ്ങളും ബാധ്യതകളും സത്യസന്ധമായി പാലിക്കുന്ന മുസ്‌ലിംകളെ മൊത്തത്തിൽ അപലപിക്കുകയും സംഭവിക്കാനിടയുള്ള ഭീകരാക്രമണങ്ങളുടെ പാപഭാരം അവരുടെ മേൽ കെട്ടിവെക്കുകയും ചെയ്യുന്ന മുൻധാരണകളെ ഒരിക്കലും അംഗീകരിക്കുന്നതിന് കഴിയില്ല. മുസ്‌ലിംകൾക്കെതിരായ വിദ്വേഷവും ശത്രുതയും മതപരമായ ശത്രുതയും നിരീക്ഷിക്കുന്നതിന് യു.എൻ ഹ്യൂമൻ റൈറ്റ്‌സ് ഹൈക്കമ്മീഷണറും യൂറോപ്യൻ കൗൺസിൽ മനുഷ്യാവകാശ കമ്മീഷണറും സംവിധാനം ഏർപ്പെടുത്തുകയും ഇതേക്കുറിച്ച റിപ്പോർട്ടുകൾ തയാറാക്കി ബന്ധപ്പെട്ട വകുപ്പുകൾക്കും ഏജൻസികൾക്കും സമർപ്പിക്കുകയും വേണമെന്ന് ഒ.ഐ.സി എക്‌സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു.

Latest News