Sorry, you need to enable JavaScript to visit this website.

ബിഹാറില്‍ മഹാസഖ്യം തഴഞ്ഞ കനയ്യ കുമാര്‍ ബെഗുസരായില്‍ ഇടതു സ്ഥാനാര്‍ത്ഥി

പട്‌ന- ബിഹാറില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തിലുള്ള മഹാസഖ്യത്തില്‍ സിപിഐയും സിപിഎമ്മും തഴയപ്പെട്ടതോടെ മത്സരിക്കാന്‍ സീറ്റ് ലഭിക്കാതെ പോയ മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ അധ്യക്ഷനും ജനപ്രിയ യുവനേതാവുമായ കനയ്യ കുമാറിനെ ബെഗുസരായ് ലോകസഭാ മണ്ഡലത്തില്‍ മത്സരിപ്പിക്കാന്‍ ഇടതു പാര്‍ട്ടികള്‍ തീരുമാനിച്ചു. കനയ്യ ഇവിടെ മഹാസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രതീക്ഷിക്കിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇടതു പാര്‍ട്ടികളെ സീറ്റുവീതംവയ്പ്പില്‍ തഴഞ്ഞ് തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള ആര്‍ജെഡിക്കാണ് ബെഗുസരായ് ലഭിച്ചത്. സീറ്റു വീതംവയ്പ്പില്‍ തങ്ങളെ തഴഞ്ഞ പ്രതിപക്ഷ സഖ്യത്തിന്റെ തീരുമാനത്തെ ഇടതു പാര്‍ട്ടികള്‍ വിമര്‍ശിച്ചു. സംസ്ഥാനത്ത് യാഥാര്‍ത്ഥ്യവുമായി ഒത്തു പോകുന്നതല്ല ഈ തീരുമാനമെന്നും അവര്‍ പറഞ്ഞു. ബിഹാറിലെ 40 സീറ്റുകളില്‍ ആര്‍ജെഡി 20 സീറ്റിലും കോണ്‍ഗ്രസ് ഒമ്പതു സീറ്റിലും മറ്റു സഖ്യകക്ഷികള്‍ ബാക്കി സീറ്റുകളിലും എന്നിങ്ങനെയാണ് മഹാസഖ്യത്തിന്റെ സീറ്റു വീതംവയ്പ്പ്.

ബിഹാറില്‍ ഇടതു പാര്‍ട്ടികളുടെ ശക്തി കേന്ദ്രമായി അറിയപ്പെടുന്ന മണ്ഡലമാണ് ബെഗുസരായ്. ഇവിടെ ഒരു മുസ്ലിം സ്ഥാനാര്‍ത്ഥിക്കാണ് വിജയ സാധ്യതയുള്ളതെന്ന് മഹാസഖ്യത്തിന്റെ കണക്കു കൂട്ടലാണ് കനയ്യ കുമാറിന് സീറ്റു നിഷേധിക്കപ്പെടാന്‍ ഒരു കാരണം. ആര്‍ജെഡിയുടെ മുതിര്‍ന്ന നേതാവ് തന്‍വീല്‍ ഹസനെ ഇവിടെ സ്ഥാനാര്‍ത്ഥിയാക്കാനാണു നീക്കം. 2014-ല്‍ തന്‍വീര്‍ 60,000 വോട്ടുകള്‍ക്കാണ് എന്‍ഡിഎ സഖ്യകക്ഷിയായ ജെഡിയുവിന്റെ മൊനാസിര്‍ ഹസനോട് ഇവിടെ തോറ്റത്.

ഇത്തവണ ബിജെപിക്കാണ് ബെഗുസരായ് സീറ്റ്. കേന്ദ്രമന്ത്രിയും വര്‍ഗീയ പ്രസ്താനവകളിലൂടെ വിവാദങ്ങളുണ്ടാക്കിയ ബിജെപി നേതാവുമായ ഗിരിരാജ് സിങ് ആണ് ഇത്തവണ ഇവിടെ മത്സരിക്കുന്നത്. ഗിരിരാജ് സിങിനെതിരെ നിര്‍ത്താന്‍ പറ്റിയ സ്ഥാനാര്‍ത്ഥിയല്ല കനയ്യ കുമാറെന്നാണ് ആര്‍ജെഡിയുടെ കണക്കു കൂട്ടല്‍. കനയ്യ ഉല്‍പ്പെടുത്ത ഭുമിഹാര്‍ വിഭാഗം ബിജെപിയെ പിന്തുണയ്ക്കാനാണ് സാധ്യത ഏറെയെന്നും വിലയിരുത്തപ്പെടുന്നു. 

Latest News