Sorry, you need to enable JavaScript to visit this website.

ജിദ്ദ വിമാനത്താവള നടത്തിപ്പ് വിദേശ കമ്പനിയെ ഏൽപിക്കില്ല

ജിദ്ദ - പുതിയ ജിദ്ദ എയർപോർട്ട് പ്രവർത്തിപ്പിക്കുന്നതിന്റെ ചുമതല അന്താരാഷ്ട്ര കമ്പനിയെ നിലവിൽ ഏൽപിക്കില്ലെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കി. പുതിയ ജിദ്ദ വിമാനത്താവളം ഇപ്പോഴും പരീക്ഷണാടിസ്ഥാനത്തിലാണ് പ്രവർത്തിപ്പിക്കുന്നത്. എയർപോർട്ട് പ്രവർത്തിപ്പിക്കുന്നതിന്റെ ചുമതല അന്താരാഷ്ട്ര കമ്പനിയെ ഏൽപിക്കുന്ന കാര്യത്തിൽ ഇപ്പോൾ ഒന്നും പറയാറായിട്ടില്ല. യാത്രക്കാരുടെ സുരക്ഷക്കാണ് ഇപ്പോൾ ഏറ്റവും വലിയ പ്രാധാന്യം നൽകുന്നത്. ഇന്ധന ശൃംഖല സംവിധാനം അടക്കമുള്ള എയർപോർട്ടിലെ മുഴുവൻ സംവിധാനങ്ങളും പരീക്ഷിച്ചു നോക്കുന്നതിനും സാങ്കേതിക പ്രശ്‌നങ്ങൾ നിർണയിക്കുന്നതിനും പൂർണ തോതിൽ പ്രവർത്തനം ആരംഭിക്കുന്നതിനു മുമ്പായി അവക്ക് പരിഹാരം കാണുന്നതിനും ഊന്നൽ നൽകുന്നുണ്ട്. 
പുതിയ എയർപോർട്ടുകളുടെ നിർമാണം, നിലവിലുള്ള വിമാനത്താവളങ്ങളുടെ വികസനം എന്നിവ അടക്കം സൗദിയിൽ വ്യോമഗതാഗത മേഖലയുടെ വികാസത്തിനും വളർച്ചക്കുമാണ് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രവർത്തിക്കുന്നത്. വ്യോമ ഗതാഗത മേഖലയിലെ പ്രധാന പദ്ധതിയാണ് പുതിയ ജിദ്ദ എയർപോർട്ട്. പുതിയ വിമാനത്താവളം പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിപ്പിച്ചു വരികയാണ്. ആഭ്യന്തര സർവീസുകളാണ് ഇപ്പോൾ വിമാനത്താവളത്തിൽ നടത്തുന്നത്. പടിപടിയായി ആഭ്യന്തര സർവീസുകളുടെ എണ്ണം വർധിപ്പിച്ചുവരികയാണ്. 
ഇപ്പോൾ ജിദ്ദയിൽ നിന്ന് 11 ആഭ്യന്തര സെക്ടറുകളിലേക്ക് സർവീസുകൾ നടത്തുന്നുണ്ട്. പാർക്കിംഗ് നടത്തിപ്പ്, ട്രാൻസിറ്റ് ഏരിയയിലെ ഹോട്ടൽ നടത്തിപ്പ്, ചില്ലറ വിൽപന, ഭക്ഷ്യവസ്തു വിതരണം അടക്കം എയർപോർട്ടിലെ നിരവധി സ്ഥാപനങ്ങളുടെയും സേവനങ്ങളുടെയും നടത്തിപ്പ് കരാർ നൽകുന്നതിന് ടെണ്ടറുകൾ ക്ഷണിച്ചിട്ടുണ്ട്. 
2030 ഓടെ പ്രതിവർഷം  മൂന്നു കോടി ഉംറ തീർഥാടകരെ വിമാനത്താവളങ്ങളിൽ സ്വീകരിക്കുന്നതിനുള്ള പദ്ധതി അതോറിറ്റി നടപ്പാക്കിവരികയാണ്. ഇതോടൊപ്പം തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണമേന്മക്കും ഊന്നൽ നൽകുന്നുണ്ട്. ഹജ്, ഉംറ തീർഥാടകരുടെ എണ്ണത്തിലുണ്ടാകുന്ന വർധന ഉൾക്കൊള്ളുന്നതിന് പുതിയ ജിദ്ദ എയർപോർട്ടിനും ജിദ്ദ വിമാനത്താവളത്തിലെ ഹജ് ടെർമിനലിനും ശേഷിയുണ്ടാകുമെന്നും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പറഞ്ഞു. 

Latest News