1500 കിമീ നടന്ന് മോഡിയെ കാണാനെത്തിയ ബിസ്വാളിന് കോണ്‍ഗ്രസ് സീറ്റ് വാഗ്ദാനം

ഭുവനേശ്വര്‍- പ്രധാനമന്ത്രി നരേന്ദ്രമോഡിയെ കാണാന്‍ ഒഡിഷയില്‍നിന്ന് 1500 കി.മീ. നടന്ന് ദല്‍ഹിയിലെത്തുകയും എന്നാല്‍ കൂടിക്കാഴ്ചക്ക് അനുമതി നിഷേധിക്കപ്പെടുകയും ചെയ്ത മുക്തികാന്ത ബിശ്വാളിന് കോണ്‍ഗ്രസ് നിയമസഭാ സീറ്റ് വാഗ്്ദാനം. എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് പറഞ്ഞ് ബിസ്വാള്‍ ഇത് നിരസിച്ചു.
കഴിഞ്ഞ വര്‍ഷമായിരുന്നു ബിസ്വാളിന്റെ കാല്‍നട യജ്ഞം. 71 ദിവസമെടുത്താണ് അദ്ദേഹം 1500 കി.മീ പിന്നിട്ടത്. കൈയില്‍ ത്രിവര്‍ണ പതാകയേന്തിയായിരുന്നു യാത്ര. റൂര്‍ക്കലയിലെ ഇസ്പതില്‍ ജനറല്‍ ആശുപത്രി നിര്‍മിക്കുമെന്ന വാഗ്്ദാനം മോഡി പാലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു യാത്ര. തളര്‍ന്ന് റോഡില്‍ ബോധം കെട്ടുവീണ ബിസ്വാള്‍ ദേശീയ മാധ്യമങ്ങളിലടക്കം വാര്‍ത്തയായിരുന്നു.
തലസ്ഥാനത്തെത്തിയെങ്കിലും പ്രധാനമന്ത്രി ഇദ്ദേഹത്തെ കാണാന്‍ വിസമ്മതിച്ചു. റൂര്‍ക്കല അസംബ്ലി മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കാമെന്നതായിരുന്നു കോണ്‍ഗ്രസ് വാഗ്്ദാനം.
ഒഡിഷ അസംബ്ലി തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് ലിസ്റ്റ് പുറത്തിറങ്ങി. ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവ് സവ്യസാചി പാണ്ടയുടെ ഭാര്യ ശുഭശ്രീ പാണ്ടക്ക് കോണ്‍ഗ്രസ് രണ്‍പൂര്‍ സീറ്റ് നല്‍കി.

 

Latest News