മന്ത്രി ജലീലിനെ അപകീര്‍ത്തിപ്പെടുത്തിയ യുവാവിനു ജാമ്യമില്ല

മഞ്ചേരി- ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ ഒളിവില്‍ കഴിയുന്ന യുവാവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. വളാഞ്ചേരി തൊഴുവാനൂര്‍ വടക്കുമുറി കൂരിപ്പറമ്പില്‍ മേലേതില്‍ മുഹമ്മദ് മുഹ്‌സിന്റെ (29) മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ജഡ്ജി സുരേഷ്കുമാര്‍ പോള്‍ തള്ളിയത്. 2019 ജനുവരി ഒന്നിനും ഏഴിനും ഇടയിലാണ് കേസിനാസ്പദമായ സംഭവം. മന്ത്രിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ് എന്ന വ്യാജേന അക്കൗണ്ട് ഉണ്ടാക്കി ഇതിലൂടെ മതസ്പര്‍ധയുണ്ടാക്കുന്ന രീതിയിലുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു മന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് കേസ്.
കേസില്‍ അരീക്കോട് ഷാഹിദ് (30), ചിറ്റാരിപ്പറമ്പ് നൗഫല്‍ നൗഫി (25) എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. വളാഞ്ചേരി സി.ഐ പി.പ്രമോദാണ് കേസന്വേഷിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമം 153 എ, 295, 295 എ, 500, 504, 34 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെയുള്ള കേസ്.

 

Latest News