Sorry, you need to enable JavaScript to visit this website.

പത്തനംതിട്ടയിൽ ഇനി തീ പാറുന്ന പോരാട്ടം 

പത്തനംതിട്ട- കഴിഞ്ഞ തെരഞ്ഞെടുപ്പു വരെ പത്തനംതിട്ട ലോക്‌സഭാ മണ്ഡലം ഒരു സാധാരണ മണ്ഡലമായിരുന്നു. എന്നാൽ ഇന്ന് ഒരു പ്രസ്റ്റീജ് മണ്ഡലമാണ് ഇരു മുന്നണികൾക്കും ബി.ജെപിക്കും.
ഏറെ ദിവസത്തെ അനിശ്ചിതത്വത്തിനും വിവാദത്തിനും ശേഷം പത്തനംതിട്ടയിൽ ബി.ജെ.പി സ്ഥാനാർഥിയെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി പ്രഖ്യാപിച്ചതോടെ ശബരിമല ഉൾപ്പെടുന്ന പത്തനംതിട്ടയിൽ തീ പാറുന്ന പോരാട്ടത്തിന് കളമൊരുങ്ങി. 
പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനാണ് ബി.ജെ.പിക്കായി പോരാട്ടത്തിനിറങ്ങുന്നത്. ഇതോടെയാണ് തെരഞ്ഞെടുപ്പു ചിത്രം വ്യക്തമായത്
യു.ഡി.എഫിൽ കോൺഗ്രസിലെ സിറ്റിംഗ് എം.പി ആന്റോ ആന്റണി ഹാട്രിക്കിനായി രംഗത്ത് ഇറങ്ങിയപ്പോൾ ഇടതു മുന്നണി ആറൻമുള എം.എൽ.എ വീണാ ജോർജിനെയാണ് രംഗത്തിറക്കിയിരിക്കുന്നത്. 
ഇടതു മുന്നണിയായിരുന്നു മണ്ഡലത്തിൽ ആദ്യം സ്ഥാനാർഥിയെ തീരുമാനിച്ചത്. എന്നാൽ ആറൻമുളയിലെ സിറ്റിംഗ് എം.എൽ.എ വീണാ ജോർജിന്റെ സ്ഥാനാർഥിത്വം അപ്രതീക്ഷിതമായിരുന്നു. വീണാ ജോർജ് ഒരാഴ്ച മുമ്പ് ഒന്നാം ഘട്ട പ്രചാരണം പൂർത്തിയാക്കി. ഇപ്പോൾ രണ്ടാം ഘട്ടത്തിൽ ആണ് വീണയുടെ പ്രചാരണം. മുൻകൂട്ടി സ്ഥാനാർഥിയെ പ്രഖ്യാപിച്ച് പ്രചാരണത്തിൽ മേൽക്കൈ നേടിയെന്നാണ് ഇടതു ക്യാമ്പിന്റെ അവകാശവാദം. 
ഡി.സി.സിയിലെ ഒരു വിഭാഗത്തിന്റെ എതിർപ്പിൽ തട്ടി മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥിയുടെ പ്രഖ്യാപനം വൈകിയിരുന്നു. ഒടുവിൽ സിറ്റിംഗ് എം.പി ആന്റോ ആന്റണിക്ക് തന്നെ നറുക്ക് വീണു. പ്രചാരണത്തിൽ ഇടത് സ്ഥാനാർഥിക്കൊപ്പം എത്താൻ കഴിഞ്ഞിട്ടുണ്ടെന്ന് യു.ഡി.എഫ് കേന്ദ്രങ്ങൾ പറയുന്നു.
സ്ഥാനാർഥി പ്രഖ്യാപനം വൈകിയതു മൂലം ബി.ജെ.പി ആകെ പതറിയ അവസ്ഥയിലായിരുന്നു. ശനിയാഴ്ച പുലർച്ചെ പ്രസിദ്ധീകരിച്ച രണ്ടാംഘട്ട പട്ടികയിൽ  പോലും പത്തനംതിട്ടയിലെ സ്ഥാനാർഥിയെ ഉൾപ്പെടുത്താത്തത് അണികളിൽ  നിരാശ ഉളവാക്കിയിരുന്നു. പക്ഷെ ഉച്ചകഴിഞ്ഞ് പുറത്തിറക്കിയ മൂന്നാംഘട്ട പട്ടികയിൽ കെ.സുരേന്ദ്രന്റെ പേര് ഉൾപ്പെട്ടതോടെ ബി.ജെ.പി ക്യാമ്പ് ഉണർന്നു കഴിഞ്ഞു. 
പലയിടത്തും ചുവരെഴുത്തും തുടങ്ങി. ഇന്ന് മണ്ഡലത്തിലെത്തുന്ന കെ.സുരേന്ദ്രന് വൻ സ്വീകരണം നൽകുന്നതിനുള്ള തയാറെടുപ്പിലാണ് പ്രവർത്തകർ. ഏറെ വൈകിയെങ്കിലും പ്രചാരണത്തിൽ ഇരു മുന്നണികൾക്കും ഒപ്പമെത്താൻ കഴിയുമെന്ന് ബി.ജെ.പി കേന്ദ്രങ്ങൾ പറഞ്ഞു. നാളെ പത്തനംതിട്ടയിൽ എൻ.ഡി.എയുടെ പാർലമെൻറ് മണ്ഡലം കൺവെൻഷൻ നടക്കും.
2009 ൽ ഒന്നര ലക്ഷം വോട്ടുകൾ ഭൂരിപക്ഷം ആന്റോ ആന്റണി നേടിയെങ്കിലും 2014 ൽ ഭൂരിപക്ഷം അര ലക്ഷമായി കുറഞ്ഞിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ  ബി.ജെ.പി സ്ഥാനാർഥി എം.ടി രമേശ് ഒരു ലക്ഷത്തി മുപ്പത്തിയെട്ടായിരത്തിൽപരം വോട്ട് നേടിയിരുന്നു. അന്ന് മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും  മേൽക്കൈ നേടിയ യു.ഡി.എഫ് 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അടി പതറി. രണ്ട് നിയമസഭാ മണ്ഡലത്തിൽ മാത്രമാണ് ഭൂരിപക്ഷം നേടിയത്.
ശബരിമല വിഷയം തങ്ങൾക്ക് വിജയം സമ്മാനിക്കുമെന്ന അവകാശമാണ് ബി.ജെ.പി ഉയർത്തുന്നത്. സമരത്തിൽ പങ്കെടുത്ത് ജയിൽ വാസം വരെ അനുഭവിച്ച സുരേന്ദ്രന്റെ വൈകി വന്ന സ്ഥാനാർഥി പ്രഖ്യാപനം പ്രവർത്തകർക്ക് ആവേശം പകരുന്നു.
എന്തായാലും ബി.ജെ.പിയുടെ ശക്തനായ സ്ഥാനാർഥിയും അങ്കത്തട്ടിലിറങ്ങിയതോടെ പത്തനംതിട്ടയിൽ ഇനി പൊരിഞ്ഞ പോരാട്ടത്തിന്റെ നാളുകളാണ്. പത്തനംതിട്ട ജില്ലയിലെ തിരുവല്ല, ആറൻമുള, റാന്നി, കോന്നി, അടൂർ നിയമസഭാ മണ്ഡലങ്ങളും കോട്ടയം ജില്ലയിലെ പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളും ഉൾപ്പെടുന്നതാണ് പത്തനംതിട്ട.

Latest News