വ്യാജ പ്രചാരണം:  തെരഞ്ഞെടുപ്പ് കമ്മീഷന്  എസ്.ഡി.പി.ഐ പരാതി

തിരുവനന്തപുരം- ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ നിന്നും എ.എം.എം.കെയുമായി സഖ്യത്തിൽ മൽസരിക്കുന്ന എസ്.ഡി.പി.ഐക്കെതിരേ വ്യാജ പ്രചാരണം നടത്തിയ സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. 
മലയാളിയായ സമാൻ കതിരൂർ എന്ന വ്യക്തിക്കെതിരെയാണ് പരാതി. എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറിയും തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനറുമായ പി.അബ്ദുൽ ഹമീദാണ് സംസ്ഥാന ചീഫ് ഇലക്ടറർ ഓഫീസർ ടിക്കാറാം മീണക്ക് പരാതി നൽകിയത്. തമിഴ്‌നാട്ടിൽ ടി.ടി.വി ദിനകരൻ എം.എൽ.എ നേതൃത്വം നൽകുന്ന അമ്മ മക്കൾ മുന്നേറ്റ കഴകം (എ.എം.എം.കെ) കക്ഷിയുമായി സഖ്യത്തിലാണ് എസ്.ഡി.പി.ഐ മൽസരിക്കുന്നത്. എന്നാൽ ഈ വസ്തുത മറച്ചുവെച്ച് ബി.ജെ.പിയുടെ സഖ്യകക്ഷിയായ എ.ഐ.ഡി.എം.കെ എന്ന എൻ.ഡി.എ മുന്നണിക്കൊപ്പമാണ് എസ്.ഡി.പി.ഐ മൽസരിക്കുന്നതെന്ന വ്യാജ പ്രചാരണമാണ് സമാൻ കതിരൂർ (ദമാമി കതിരൂർ) എന്ന ഫേസ്ബുക്ക് ഐ.ഡിയിലൂടെ നടത്തിയത്. ഗുരുതരമായ തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയ ഇയാൾക്കെതിരേ ശക്തമായ നടപടി വേണമെന്നും വ്യാജ പ്രചാരണം അവസാനി പ്പിക്കാൻ നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും അടിയന്തര നടപടി സ്വീകരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അധികൃതർ അറിയിച്ചതായി പി.അബ്ദുൽ ഹമീദ് വ്യക്തമാക്കി.

Latest News