സൗദിയില്‍നിന്ന് ശ്രീലങ്കയിലേക്ക് മാറി അയച്ച മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

പത്തനംതിട്ട- സൗദിയില്‍ നിന്ന് മാറി ശ്രീലങ്കയിലേക്ക് കൊണ്ടുപോയ കോന്നി കുമ്മണ്ണൂര്‍ ഈട്ടിമൂട്ടില്‍ റഫീഖിന്റെ (27) മൃതദേഹം നാട്ടില്‍ എത്തിച്ചു. വന്‍ ജനവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കം നടത്തി. ഇന്നലെ രാവിലെ പത്തിന് കൊളംബോയില്‍ നിന്നാണ് റഫീഖിന്റെ മൃതദേഹം നെടുമ്പാശേരിയില്‍ എത്തിയത്. നോര്‍ക്ക അധികൃതരുടെ സാന്നിധ്യത്തില്‍ റഫീഖിന്റെ ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങി. വൈകിട്ട് മൂന്നോടെ കുമ്മണ്ണൂര്‍ ജുമാ മസ്ജിദില്‍ എത്തിച്ച് മയ്യിത്ത് നമസ്കാരത്തിന് ശേഷം നാലോടെ ഖബറടക്കം നടത്തി. റഫീഖിന് അന്തിമോചാരം അര്‍പ്പിക്കാനും ഖബറടക്കത്തില്‍ പങ്കെടുക്കാനും വന്‍ ജനാവലി തടിച്ചുകൂടിയിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച ശ്രീലങ്കന്‍ സ്വദേശിനിയുടെ മൃതദേഹമാണ് റഫീഖിന്റെ മൃതദേഹത്തിന് പകരം നാട്ടിലെത്തിച്ചത്. ഖബറടക്ക ചടങ്ങുകള്‍ക്കിടെയാണ് മൃതദേഹം മാറിപ്പോയ വിവരം അറിഞ്ഞത്. തുടര്‍ന്ന് പോലീസ് എത്തി ശ്രീലങ്കന്‍ വനിതയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.
റഫീഖിന് പകരം കോന്നിയില്‍ എത്തിച്ച ശ്രീലങ്കന്‍ വനിതയുടെ മൃതദേഹവും അവരുടെ നാട്ടിലേക്ക് കൊണ്ടുപോയി.

 

 

 

Latest News