ജിതിന്‍ പ്രസാദ മറുകണ്ടം ചാടില്ല; ലഖ്‌നൗ സീറ്റ് നല്‍കി, തോറ്റാല്‍ രാജ്യസഭാംഗത്വം

ലഖ്‌നൗ- കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അടുത്ത സഹായി ജിതിന്‍ പ്രസാദ ബി.ജെ.പിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കു വിരാമം. പാര്‍ട്ടി പറയുന്ന ഏതു സീറ്റിലും മത്സരിക്കാന്‍ ജിതിന്‍ പ്രസാദ തയാറാണെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി ജിതിന്‍ പ്രസാദയെ സന്ദര്‍ശിച്ച് രണ്ട് നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചുവെന്നാണ് സൂചന.
ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് മത്സരിക്കുന്ന ലഖ്‌നൗ മണ്ഡലത്തില്‍ മത്സരിക്കുക എന്നതാണ് ഇതിലൊന്ന്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയാണെങ്കില്‍ രാജ്യസഭാംഗമാക്കുമെന്നും പാര്‍ട്ടി നേതൃത്വം ഉറപ്പു നല്‍കി.
ഉത്തര്‍പ്രദേശിലെ തന്നെ ധാരുഹര ലോക്‌സഭാ മണ്ഡലത്തില്‍നിന്ന് മത്സരിക്കണമെന്നാണ് രണ്ടാമത്തെ നിര്‍ദേശം. ഈ സീറ്റില്‍ ജിതിന്‍ പ്രസാദയെ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം തൃപ്തനല്ല.
ധാരുഹരക്ക് സമീപത്തെ ലഖിംപുര്‍ ഖേരി, സിതാപുര്‍ എന്നിവടങ്ങളില്‍ കോണ്‍ഗ്രസ് മുസ്്‌ലിം സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഹിന്ദു-മുസ്്‌ലിം പോരാട്ടമാക്കി മാറ്റാന്‍ ഇവിടേയും ഒരു മുസ്്‌ലിം സ്ഥാനാര്‍ഥിക്ക് കോണ്‍ഗ്രസ് ടിക്കറ്റ് ഓഫര്‍ ചെയ്തിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ ലഖ്‌നൗ മണ്ഡലത്തില്‍നിന്നോ സീതാപുരില്‍നിന്നോ ജിതിന്‍ പ്രസാദ മത്സരിക്കുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന സൂചന.
ജിതിന്‍ പ്രസാദ ബി.ജെ.പിയില്‍ ചേരുമെന്നും ലഖ്‌നൗ സീറ്റില്‍ മത്സരിക്കുമെന്നുമായിരുന്നു അഭ്യൂഹം. കോണ്‍ഗ്രസില്‍ മുതിര്‍ന്ന സ്ഥാനമൊന്നും നല്‍കാത്തതില്‍ ജിതിന്‍ പ്രസാദ ദുഃഖിതനായിരുന്നു.
അതേസമയം, താന്‍ ബി.ജെ.പിയില്‍ ചേരുമെന്നത് വെറും ഭാവന മാത്രമാണെന്ന് ജിതിന്‍ പ്രസാദ പറഞ്ഞു. കഴിഞ്ഞ ദിവസം ജ്യോതിരാദിത്യ സിന്ധ്യയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ജിതിന്‍ പ്രസാദയെ സന്ദര്‍ശിച്ചിരുന്നു. എവിടെയാണ് മത്സരിക്കുന്നതെന്ന ചോദ്യത്തിന് എല്ലാം അഭ്യൂഹങ്ങള്‍ മാത്രമാണെന്നായിരുന്നു ജിതിന്‍ പ്രസാദയുടെ മറുപടി.

 

Latest News