ബംഗാളില്‍ ഭരണം ഇടതിനേക്കാള്‍ ഒട്ടും മെച്ചമല്ല; മമതയ്‌ക്കെതിരെ കടുപ്പിച്ച് രാഹുല്‍

കൊല്‍ക്കത്ത- പശ്ചിമ ബംഗാളിലെ മമത ബാനര്‍ജിയുടെ തൃണമൂല്‍ സര്‍ക്കാര്‍ മുന്‍ ഇടതു ഭരണത്തെ അപേക്ഷിച്ചു ഒട്ടും മെച്ചമല്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മമത വാഗ്ദാനങ്ങള്‍ നല്‍കുക മാത്രമാണ് ചെയ്യുന്നതെന്നും അതു നടപ്പിലാക്കുന്നില്ലെന്നും രാഹുല്‍ ആരോപിച്ചു. ഇതാദ്യമായാണ് മമതയ്‌ക്കെതിരെ രാഹുലില്‍ നിലപാട് കടുപ്പിക്കുന്നത്. 'ബംഗാല്‍ ഭരിക്കുന്നത് ഒരു വ്യക്തി മാത്രമാണ്. അവര്‍ ആരുമായും സംസാരിക്കുകയുമില്ല ആരുടേയും നിര്‍ദേശങ്ങള്‍ കേള്‍ക്കുകയുമില്ല. അവര്‍ക്ക് തോന്നിയത് പോലെ ചെയ്യുന്നു. ബംഗാളിനു ഒരു ശബ്ദമില്ലെ? ഒരു സംസ്ഥാനമൊന്നാകെ ഭരിക്കാന്‍ ഒരു വ്യക്തിയെ മാത്രം അനുവദിക്കേണ്ടതുണ്ടോ?'- മാല്‍ഡ ജില്ലയിലെ ചഞ്ചലില്‍ കോണ്‍ഗ്രസ് റാലിയില്‍ സംസാരിക്കവെ രാഹുല്‍ പറഞ്ഞു. 

ബംഗാളിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സംസ്ഥാന സര്‍ക്കാരോ കേന്ദ്ര സര്‍ക്കാരോ വേണ്ടത്ര ഒന്നും ചെയ്തിട്ടില്ല. ഇവിടുത്തെ യുവാക്കള്‍ക്ക് ജോലിയും കര്‍ഷകര്‍ക്ക് സഹായവും ലഭിച്ചിട്ടുണ്ടോ? ഒരു ഭാഗത്ത് നരേന്ദ്ര മോഡി കള്ളങ്ങള്‍ പറയുമ്പോള്‍ നിങ്ങളുടെ മുഖ്യമന്ത്രി വാഗ്ദാനങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുകയാണ്. അവസാനം ഒന്നും സംഭവിക്കുന്നുമില്ല-രാഹുല്‍ പറഞ്ഞു. 

മുന്‍ ഇടതു സര്‍ക്കാരും ഇപ്പോഴത്തെ മമത സര്‍ക്കാരും ബംഗാളിനെ വികസനപാതയിലേക്ക് തിരിച്ചു കൊണ്ടുവരുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു. വര്‍ഷങ്ങളോളം സിപിഎം ഭരണം കണ്ട ശേഷ അവര്‍ക്ക് വികസനം ഉറപ്പാക്കാനാകില്ലെന്ന് തിരിച്ചറിഞ്ഞാണ് മമത ബാനര്‍ജിയെ നിങ്ങള്‍ തെരഞ്ഞെടുത്തത്. എന്നിട്ടും ബംഗാളിലെ സാഹചര്യം ഇപ്പോഴും അതേ പടി തന്നെ. സിപിഎം ഭരണകാലത്തുണ്ടായ അതിക്രമങ്ങള്‍ മമതയുടെ കീഴിലും നടന്നുവരുന്നു-രാഹുല്‍ ആരോപിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിരന്തരം ആക്രമണത്തിനിരയായിരക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
 

Latest News