Sorry, you need to enable JavaScript to visit this website.

മോഡിക്കെതിരെ 111 തമിഴ് കര്‍ഷകര്‍ വാരാണസിയില്‍ മത്സരിക്കും

ചെന്നൈ- കര്‍ഷക പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് മാസങ്ങള്‍ക്കു മുമ്പ് ദല്‍ഹിയില്‍ പാര്‍ലമെന്റിലേക്കു വന്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ച തമിഴ്‌നാട്ടിലെ കര്‍ഷകര്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുപ്പു പോരാട്ടത്തിനൊരുങ്ങുന്നു. മോഡി മത്സരിക്കുന്ന യുപിയിലെ വാരാണസി ലോക്‌സഭാ മണ്ഡലത്തില്‍ 111 കര്‍ഷകര്‍ മത്സരിക്കുമെന്ന് കര്‍ഷക നേതാവ് പി അയ്യക്കണ്ണ് വ്യക്തമാക്കി. കാര്‍ഷിക വിളകള്‍ക്ക് ലാഭകരമായ വില ഉറപ്പുവരുത്തുമെന്ന വാഗ്ദാനം നടപ്പിലാക്കണമെന്ന ആവശ്യമുന്നയിച്ചാണ് പുതിയ സമരമുറ. തങ്ങളുടെ ആവശ്യങ്ങള്‍ ഉറപ്പു നല്‍കുമെന്ന വാഗ്ദാനം ബിജെപി പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയാല്‍ കര്‍ഷകര്‍ മോഡിക്കെതിരായ മത്സരത്തില്‍ നിന്ന് പിന്മാറുമെന്നും അയ്യക്കണ്ണ് അറിയിച്ചു. നാഷണല്‍ സൗത്ത് ഇന്ത്യന്‍ റിവേഴ്‌സ് ഇന്റര്‍ ലിങ്കിങ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റാണ് അയ്യക്കണ്ണ്. പ്രകടന പത്രികയില്‍ തങ്ങളുടെ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ മത്സരിക്കാനുള്ള തീരുമാനവുമായി മുന്നോട്ടു പോകുമെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ മത്സരത്തിന് ഓള്‍ ഇന്ത്യാ കിസാന്‍ സംഘര്‍ഷ് കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ബിജെപിയാണ് ഇപ്പോഴും ഭരിക്കുന്നതു കൊണ്ടും മോഡി പ്രധാനമന്ത്രി ആയതു കൊണ്ടുമാണ് ബിജെപിയോട് ഈ ആവശ്യമുന്നയിക്കുന്നത്. ഞങ്ങള്‍ ബിജെപിക്കെതിരല്ല. കര്‍ഷകരുടെ ആവശ്യങ്ങള്‍ നിറവേറ്റുമെന്നും വരുമാനം ഇരട്ടിയാക്കുമെന്നും അവര്‍ അധികാരത്തിലെത്തുന്നതിനു മുമ്പ് ഉറപ്പു നല്‍കിയിരുന്നു. അതുകൊണ്ടാണ് അവരോട് ഈ ആവശ്യം ആവര്‍ത്തിക്കുന്നത്-അയ്യക്കണ്ണ് പറഞ്ഞു.

തെരഞ്ഞെടുപ്പു പ്രചാരണത്തിനിറങ്ങാന്‍ ഇതിനകം 300 കര്‍ഷകര്‍ വാരാണസിയിലേക്കുള്ള ട്രെയ്ന്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. തിരുവണ്ണാമലൈ, തിരുച്ചിറപ്പള്ളി തുടങ്ങിയ ജില്ലകളില്‍ നിന്നുള്ള കര്‍ഷകരാണിവരെന്നും അദ്ദേഹം പറഞ്ഞു.
 

Latest News