Sorry, you need to enable JavaScript to visit this website.

പണം പൂക്കും ഉത്സവകാലം 

കോട്ടയം - തെരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥാനാർഥിക്ക് വരച്ച ചെലവിന്റെ ലക്ഷ്മണരേഖ 70 ലക്ഷം. അതായത് ഏഴു നിയമസഭാ മണ്ഡലങ്ങളുളള കേരളത്തിലാണെങ്കിൽ ഒരു മണ്ഡലത്തിന് ആകെ പത്തുലക്ഷം രൂപ. ഈ പരിധികടന്നാൽ കമ്മീഷൻ പൂട്ടും. ഇക്കുറി എല്ലാ പണമിടപാടും ഓൺലൈനായിരിക്കണം. അങ്ങനെ കർശന നിബന്ധനങ്ങൾ വെറെയും. പക്ഷേ ഈ പരിധിക്കുള്ളിൽ നിന്നു പണിയെടുത്താൽ കടലിൽ കായം കലക്കിയതുപോലെയാവുമെന്നാണ് അനുഭവസ്ഥ മതം. ഇക്കാര്യം എല്ലാവർക്കും അറിയാം. തലങ്ങും വിലങ്ങും ചീറിപായുന്ന വാഹനങ്ങൾ. 
പോസ്റ്റർ, ഫഌക്‌സ്. ജാഥകൾ, സ്ഥാനാർഥിയുടെ ഒരു മാസം നീളുന്ന പര്യടനം. ഭക്ഷണം ഉൾപ്പെടയുളള ചെലവുകൾ. കൂടാതെ സ്ഥാനാർഥിയുടെയും അകമ്പടി വാഹനങ്ങളും മാത്രം പ്രതിദിനം ഓടുന്നത് 300 കിലോമീറ്റർവരെയാണ്. എല്ലാം കൂടി 70 ലക്ഷത്തിൽ ഒതുങ്ങില്ലെന്ന് പരസ്യമായ രഹസ്യം. പക്ഷേ ഇത് പറയില്ല. പറയാൻ പാടില്ല. അതാണ് ജനാധിപത്യ ഉത്സവത്തിലെ പണാധിപത്യത്തിന്റെ കാണാചരടുകൾ. 
കേരളത്തിലെ പ്രമുഖ മുന്നണികളിലെ സ്ഥാനാർഥികൾക്ക് കുറഞ്ഞത് എട്ടുമുതൽ പത്തുകോടി രൂപവരെ ആകെ ചെലവാകുമെന്നാണ് അനൗദ്യോഗിക കണക്ക്. ഇതിൽ കൊടി വ്യത്യാസമില്ല. തെരഞ്ഞെടുപ്പ്കാലം എന്നാൽ പിരിവിന്റെ കാലമാണ്. ബക്കറ്റായും രസീതായും മടിശീലയിലായും എല്ലാം പണം വരും. പ്രമുഖ വ്യവസായികളാണ് കയ്യും മെയ്യും മറന്ന് സഹായിക്കുന്നതെന്നതാണ് രസകരം. ജയസാധ്യത, സ്ഥാനാർഥിയുടെ നിലവാരം ഇതെല്ലാം നോക്കിയാണ് സഹായം. പ്രമുഖ പാർട്ടികൾക്ക് സഹായമേറും. പാർട്ടിക്കും സ്ഥാനാർഥിക്കും വെവ്വേറെ നൽകുന്ന ഉദാരശീലരും കുറവല്ല. സ്ഥാനാർഥിത്വം ഉറപ്പിച്ചാൽ ആദ്യ കടമ്പ ധനസമാഹരണമാണ്. ഇതിൽ സമർഥരായ കുറെ സ്ഥാനാർഥികളെ പ്രമുഖർ ജയാപജയ സാധ്യത നോക്കാതെ തന്നെ തീരുമാനിക്കുന്നവരും കുറവല്ല. ഇവരുടെ ജോലി സ്വന്തം മണ്ഡലത്തിലും സമീപ മണ്ഡലങ്ങളിലുമുളള സ്ഥാനാർഥികളെ പരിപാലിക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ച ഏഴുപതു ലക്ഷമാണെങ്കിൽപോലും പ്രത്യേകിച്ച് പ്രഖ്യാപിത വരുമാനമില്ലാത്ത രാ്രഷ്ടീയ നേതാക്കൾക്ക് ഒരു കടമ്പയാണ്. പക്ഷേ ഈ കടമ്പ നിഷ്പ്രയാസം കടക്കും. അതാണ് അധികാരത്തിന്റെ മാജിക്.
സ്ഥാപിത താൽപര്യക്കാർക്ക് സ്വന്തം കൂറും വിധേയത്വവും തെളിയിക്കാനുളള അവസരം കൂടിയാണ് തെരഞ്ഞെടുപ്പ്. പ്രീതിപിടിച്ചു പറ്റാൻ എളുപ്പം. അതുകൊണ്ടു തന്നെ പലരും സഹായം ഒഴുക്കും. തെരഞ്ഞെടുപ്പിന് മുന്നോടിയായി യാത്രകൾ വരും. നേതാക്കൾ നയിക്കുന്ന യാത്ര. ഇത് ഒരു കർട്ടൺറൈസറാണെന്നാണത്രെ. എല്ലാ ജില്ലകളിലും എത്തി സ്ഥലത്തെ പ്രമുഖരെ കണ്ടു പരിചയം പുതുക്കാനും അത്താഴത്തിനും പ്രഭാത വിരുന്നും ഒരുക്കുന്ന സമയം. നേതാവിന്റെ ക്ഷണത്തിൽ ലഞ്ചും ഡിന്നറും കഴിക്കാനെത്തുന്ന പ്രമുഖർ തിരിച്ചു ചെയ്യേണ്ടെതെന്ന് നന്നായി അറിയാം. അത് ശക്തിക്കനുസരിച്ച് എന്തുമാകാം. 
തെരഞ്ഞെടുപ്പിന് മുമ്പ് നേതാക്കൾ കടൽ കടക്കും. പറന്ന് പറന്ന് മലയാളികളെ കാണാനെത്തുന്ന നേതാക്കളുടെ മനസിലെ മധുരവികാരം എന്തെന്ന് അറിയാം. അവിടെയും സ്ഥലത്തെ പ്രമുഖരെ വസതികളിലും ഓഫീസുകളിലും സന്ദർശിക്കും. ഒന്നിച്ച് സെൽഫിയെടുക്കും. നേതാവിനെ വെറുംകൈയോടെ മടക്കി അയക്കരുതെന്ന ആതിഥേയ ധർമം മിക്കവരും പാലിക്കും. നേതാക്കൾക്ക് തിരിച്ചുവരവ് ഗ്രീൻചാനലായതിനാൽ എല്ലാം സുഭദ്രം സുഗമം.
തെരഞ്ഞെടുപ്പിൽ ടി.വി ചാനലിലെ മെഗാചിത്രത്തിന്റെതെന്നപോലെ പാർട്ട് സ്‌പോൺസറിംഗിംനും വഴിയുണ്ട്. ഫഌക്‌സ് അടിച്ചു നൽകാം. നോട്ടീസ് ചെയ്യാം. വാഹനം വിട്ടു നൽകാം. വാഹനവും ഡ്രൈവറെയും വിട്ടു നൽകാം. ഈ ദിവസങ്ങളിലെ വസ്ത്രങ്ങൾ വാങ്ങി നൽകാം. പര്യടനത്തിലെ ഭക്ഷണം മുഴുവൻ ക്രമീകരിക്കാം. പക്ഷേ ടിവി സ്‌ക്രീനിലെന്നപോലെ പരസ്യക്കാരന്റെ പേര് തെളിയില്ലെന്ന് മാത്രം. പക്ഷേ അത് മനസിലുണ്ടാവും. അതനുസരിച്ചുളള ഉപകാരം പ്രതീക്ഷിക്കാം.
പക്ഷേ ഇതെല്ലാം കണ്ടറിഞ്ഞ് ചെയ്യുന്നവരുണ്ട്. അവരെയാണ് രാഷ്ട്രീക്കാർക്ക് ഇഷ്ടം. ബിസിനസുകാർ ആരെയും മടുപ്പിക്കില്ല. കാരണം ആരാണ് വഴിമുടക്കുന്നതെന്ന് അറിയില്ലല്ലോ. പത്ത് ഹർത്താൽ കൂടുതൽ നടത്തിയാൽ മതി നഷ്ടം വരാൻ. അതുകൊണ്ട് ഉളളത് കൊണ്ട് തൃപ്തിപ്പെടുത്തും. ആരെയും വെറുതെ വിടില്ല. പേരും പെരുമയുമുളള നേതാക്കൾക്ക് ഒന്നിനും അല്ലലില്ല. എല്ലാം വന്നു ചേരും. വെറുതെ ഇരുന്നാൽ മതി. അവർക്ക് ചെല്ലുന്ന സഹായത്തിലും അത് പ്രതിഫലിക്കും. ഇവരെ തേടി വരും. അങ്ങനെയുളള നേതാക്കൾക്ക് തെരഞ്ഞെടുപ്പ് ഉത്സവമാണ്. ജയിച്ചാലും തോറ്റാലും ലാഭം മാത്രം.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ണുകളെ വെട്ടിക്കാനും എല്ലാ ശരിയാക്കാനും രാഷ്ട്രീയ നേതാക്കൾക്ക് നന്നായി അറിയാം. തെരഞ്ഞെടുപ്പ കഴിയുമ്പോൾ തുടുക്കുന്നവർ ഏറെയാണ്. എന്നാൽ കുത്തുപാളയെടുക്കുന്നവരും അനവധി. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ വരവ് ചെലവ് കണക്ക് റെഡിയാക്കുന്ന ജോലി കൃത്യമായി ചെയ്യുന്നവർ ഏറെയാണ്. ഈ കണക്കാണ് പിന്നീട് പ്രസിദ്ധീകരിക്കുന്നത്.

Latest News