മോഡലുകൾ അഭ്യർഥിക്കുന്നു, നിങ്ങളും വോട്ട് ചെയ്യൂ

കോട്ടയം - ഇലക്ഷൻ രംഗത്തും ബ്രാന്റിംഗ്. ചലച്ചിത്ര നടിമാരെ മോഡലുകളാക്കി തെരഞ്ഞെടുപ്പ് രംഗത്തിന് പുതിയ ഉണർവു നൽകുന്നത് സർക്കാർതലത്തിലാണ്. ലക്ഷ്യം ഒന്നുമാത്രം. നൂറുശതമാനം പോളിംഗ്. കോട്ടയത്ത് നടി മിയയാണ് പ്രചാരക. 'ഞാൻ ഒരു വോട്ടറാണ്. ഏപ്രിൽ 23 ന് എന്റെ വോട്ടവകാശം ഞാൻ വിനിയോഗിക്കും. എന്നെപ്പോലെ നിങ്ങളും വോട്ടവകാശം വിനിയോഗിക്കണം. സാക്ഷരതയിൽ നൂറു ശതമാനം കൈവരിച്ച കോട്ടയത്തിന് ഇക്കുറി പോളിംഗിലും നൂറു ശതമാനം' -കോട്ടയംകാർക്കുള്ള മിയയുടെ സന്ദേശം ഇങ്ങനെ. ഇതിനു പുറമെ വിവിപാറ്റ് സംവിധാനത്തെക്കുറിച്ച മറ്റൊരു വീഡിയോയുമുണ്ട്. കോട്ടയം ജില്ലയിലെ തിരഞ്ഞെടുപ്പ് വിഭാഗമാണ് പ്രചാരണ പരിപാടികൾക്ക് മോഡലുകളെ ഇറക്കി ഊർജം പകരുന്നത്. സിസ്റ്റമാറ്റിക് വോട്ടർ എജ്യുക്കേഷൻ ആന്റ് ഇലക്ടറൽ പാർട്ടിസിപ്പേഷന്റെ ഭാഗമായാണ് മിയയുടെ വീഡിയോ സന്ദേശം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നത്. 
തെരഞ്ഞെടുപ്പിൽ പങ്കാളികളാകാൻ വോട്ടർമാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സെലിബ്രിറ്റികളെ ഉൾപ്പെടുത്തി പ്രചാരണം നടത്തുന്നതെന്ന്  തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ എം.വി. സുരേഷ്‌കുമാർ അറിയിച്ചു.
'വിശുദ്ധൻ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ മിയ തുടർന്ന് നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. കോട്ടയം പാലാ സ്വദേശിനിയാണ്. കഴിഞ്ഞമാസം നടന്ന എം.ജി സർവകലാശാല യുവജനോത്സവത്തിന്റെ ഉദ്ഘാടന വേദിയിലും മിയ എത്തിയിരുന്നു. ടെലിവിഷൻ പരിപാടികളിലൂടെയാണ് തുടക്കം. മലയാളത്തിന് പുറമേ തമിഴ്, തെലുങ്കു ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

 

Latest News